തിരുവനന്തപുരം: സ്ഥാനത്തിന് ഇളക്കമുണ്ടാകുമെന്നു കരുതി പുതുമുഖങ്ങൾ പാർട്ടിയിലേക്കു വരുമ്പോൾ നിസ്സഹകരണം പാടില്ലെന്ന് കീഴ്ഘടകങ്ങളോട് സി.പി.എം. നിർദേശം. പുതിയ വിഭാഗങ്ങളെയും വ്യക്തികളെയും പാർട്ടിയുമായി അടുപ്പിച്ചാണ് ബഹുജന അടിത്തറ വിപുലപ്പെടുത്തേണ്ടത്. പാർട്ടി സ്വാധീനമേഖലകൾ വിപുലപ്പെടുത്താനും മറ്റു പാർട്ടികളുടെ കേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കാനും പ്രവർത്തനംകൊണ്ട് കഴിയണമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ആവർത്തിച്ചുകൊണ്ടാണ് പുതുമുഖങ്ങളോട് പാർട്ടിനേതാക്കൾക്ക് അതൃപ്തിതോന്നേണ്ടതില്ലെന്ന് സി.പി.എം. വിശദീകരിക്കുന്നത്. കൂടുതൽ ജനവിഭാഗങ്ങളെയും കഴിവുള്ള കാഡർമാരെയും പാർട്ടിയോട് അടുപ്പിക്കുന്നത് ലക്ഷ്യമായി കാണണം. എതിരാളികൾ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതിയാണ് അവലംബിക്കാറുള്ളത്. ഇത് മറികടക്കാൻ കൂടുതൽ ബഹുജന അടിത്തറ വികസിപ്പിക്കേണ്ടതുണ്ടെന്നും ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ നടത്തേണ്ട പ്രസംഗത്തിനായി തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടാൻ പാടില്ല. ഓരോ ഘട്ടത്തിലും പാർട്ടി സംസ്ഥാനകമ്മിറ്റി പൊതുവായ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സർക്കാരിനു നൽകും. അതിനപ്പുറം ദൈനദിന കാര്യങ്ങളിൽ ഇടപെടുന്ന രീതി സ്വീകരിക്കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഇതേ നിലപാടാണ് സ്വീകരിക്കേണ്ടത്. പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെങ്കിൽ അത് പാർട്ടി അംഗങ്ങളും ഘടകങ്ങളും വിലയിരുത്തി സർക്കാരിനെ അറിയിക്കുന്ന രീതി വേണമെന്നാണ് നിർദേശം. എന്നാൽ ജില്ലാ കമ്മിറ്റിക്കു താഴെയുള്ള ഒരു ഘടകവും സർക്കാരിന് നേരിട്ട് കത്തുനൽകുന്ന രീതി സ്വീകരിക്കരുത്. സ്വയം അധികാര കേന്ദ്രങ്ങളാകാനും ഇടപെടാനും താത്‌പര്യം കാണിക്കുന്ന ചില സഖാക്കളുണ്ട്. ഇത്തരം പ്രവണതകളുള്ളവരെ തിരുത്താനും സ്വയം തിരുത്താനും തയ്യാറാവണം. ജനങ്ങളുമായി ഇടപെട്ടാകണം പാർട്ടിയെ വളർത്തേണ്ടത്. സാധാരണക്കാരുടെ ജനന-മരണ-വിവാഹം അടക്കമുള്ള കാര്യങ്ങളിലും പ്രശ്‌നങ്ങളിലും ഇടപഴകിവേണം പ്രവർത്തകർ പ്രവർത്തിക്കേണ്ടത്. അതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് പ്രാദേശികതലത്തിൽ വിലയിരുത്തണമെന്നും കുറിപ്പിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3nDed8o
via
IFTTT
No comments:
Post a Comment