അമ്പലപ്പുഴ: കുത്തിയൊഴുകുന്ന നിള മകനെ തിരികെത്തരണേ എന്ന പ്രാർഥനയോടെ അച്ഛൻ രാമകൃഷ്ണൻ പുഴയുടെ തീരത്തുതന്നെ കാത്തിരുന്നു. പുഴയോളങ്ങളിൽ അവന്റെ ജീവൻ നിലനിർത്താൻ കഴിയുന്ന കച്ചിത്തുരുമ്പെന്തെങ്കിലും കിട്ടിയിട്ടുണ്ടാകണേയെന്ന അദ്ദേഹത്തിന്റെ പ്രാർഥനയും വെറുതേയായി. അപകടംനടന്നു നാലാംദിവസം യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തുമ്പോൾ തകർന്നുപോയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. ഞായറാഴ്ച ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ എം.ബി.ബി.എസ്.വിദ്യാർഥി അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ രാമകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയുടെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. എൽ.ഐ.സി. ഏജന്റായ രാമകൃഷ്ണനും കുടുംബവും മകൻ ഡോക്ടറായി കാണാൻ ഏറെ പ്രതീക്ഷയോടെയാണു കാത്തിരുന്നത്. പഠനം അവസാനവർഷത്തിലേക്കെത്തിയപ്പോൾ സ്വപ്നം യാഥാർഥ്യമാകുന്നത് തൊട്ടരികിലെത്തിയെന്നവർ ആശിച്ചു. മകൻ ഡോക്ടറായെത്തിയാൽ തന്റെ കഷ്ടപ്പാടെല്ലാം തീരുമെന്ന് അടുപ്പക്കാരോട് രാമകൃഷ്ണൻ പലവട്ടം പറഞ്ഞിരുന്നു. പഠനത്തിൽ സമർഥനായ ഗൗതം കൃഷ്ണ തിരുവനന്തപുരം സൈനിക സ്കൂളിലാണു പഠിച്ചത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ്. പഠനം. കോളേജ് കൗൺസിൽ ചെയർമാനായ ഗൗതം കൃഷ്ണ വോളിബോൾ താരവുമായിരുന്നു. യുവഡോക്ടറുടെ വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് അമ്പലപ്പുഴ. അപകടമുണ്ടായ ദിവസംമുതൽ പ്രതീക്ഷയും പ്രാർഥനയുമായി നാട്ടുകാരും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. കോളേജിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മൃതദേഹവുമായി ആലപ്പുഴയിലേക്കു പുറപ്പെട്ടത്. രാത്രി വൈകി വീട്ടുവളപ്പിൽ സംസ്കരിച്ചു. Content Highlights: MBBS students drown in Bharathappuzha river; body of second one recovered
from mathrubhumi.latestnews.rssfeed https://ift.tt/3hVu8eX
via
IFTTT
No comments:
Post a Comment