ന്യൂഡൽഹി: കേരള പോലീസിൽ ആർ.എസ്.എസ്. സംഘം പ്രവർത്തിക്കുന്നതായി ആരോപിച്ച ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയ്‌ക്കെതിരേ അച്ചടക്കനടപടി വേണ്ടെന്ന് സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് യോഗം. ആനി രാജയുടെ വിശദീകരണം ബോധ്യപ്പെട്ടതിനെത്തുടർന്നാണിത്. തന്റെ ഭാഗം ന്യായീകരിക്കാൻ സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ രേഖ ആനി രാജ ആയുധമാക്കി.ആനിയുടെ പരാമർശത്തിനെതിരേ സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിനു പരാതി നൽകിയിരുന്നു. സംസ്ഥാന നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് പ്രസ്താവനയെന്നും അതിൽ കുറ്റപ്പെടുത്തി. എന്നാൽ, രാഷ്ട്രീയകാര്യങ്ങളിലല്ല താൻ അഭിപ്രായം പ്രകടിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ട കാര്യമില്ലെന്നും ദേശീയ എക്സിക്യുട്ടീവിൽ അവർ വിശദീകരണം നൽകി. താൻ ഉന്നയിച്ചത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് താൻ. വിവിധ കോണുകളിൽനിന്നു വരുന്ന പരാതികളുടെകൂടി അടിസ്ഥാനത്തിലാണ് ഒരു സാമൂഹികപ്രശ്നത്തിൽ ഊന്നിയുള്ള അഭിപ്രായം പറഞ്ഞത്. ഒരു വിഷയം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനപ്പുറം ആരെയെങ്കിലും ലക്ഷ്യമിട്ടുള്ളതായിരുന്നില്ല പ്രസ്താവനയെന്നും ആനി വിശദീകരിച്ചു.സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളും സ്ത്രീധന മരണങ്ങളുമൊക്കെ വർധിക്കുന്നതു ചൂണ്ടിക്കാട്ടി കേരളീയസമൂഹം വൻതോതിൽ വലതുവത്കരിക്കപ്പെട്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അടുത്തിടെ വിലയിരുത്തിയത് ആനി രാജ ചൂണ്ടിക്കാട്ടി. തന്റെ പ്രസ്താവനയുടെ ഗൗരവം ഉൾക്കൊള്ളുമെന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവനയും അവർ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ നടപടി വേണ്ടെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റും ദേശീയ എക്സിക്യുട്ടീവ് യോഗവും തീരുമാനിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3n5azUF
via
IFTTT
No comments:
Post a Comment