തൃശ്ശൂർ : 104 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സഹകരണവകുപ്പിനോട് ഇൗ അമ്മ ചോദിക്കുന്നു- ‘‘പുത്തൂർ സഹകരണ ബാങ്കിലിട്ട് കിട്ടാതായ ഞങ്ങളുടെ പണം തിരികെ തരുമോ? കാബൂളിൽ ജീവൻ പണയംവെച്ച് മകൻ തൊഴിൽചെയ്ത് നേടിയ സമ്പാദ്യമാണ്. കോവിഡ്കാലത്ത് വരുമാനമില്ല. മരുന്നിനുപോലും പണമില്ലാതെ വലയുകയാണ്.’’ ക്രമക്കേടിന്റെ പേരിൽ പ്രവർത്തനപ്രതിസന്ധിയിലായ പുത്തൂർ സഹകരണ ബാങ്കിൽ കുടുങ്ങിക്കിടക്കുകയാണ് പടവരാട് തട്ടിൽവീട്ടിൽ അനീഷിന്റെ മുഴുവൻ സമ്പാദ്യവും. ഏഴുവർഷം അഫ്ഗാനിസ്താനിലെ കാബൂളിൽ ജീവൻ പണയംവെച്ച് തൊഴിൽചെയ്ത് നേടിയ ശന്പളമാണിത്. അവിടെനിന്ന് അമ്മ ഉഷയ്ക്ക് അയച്ചുകൊടുത്ത പണം പുത്തൂർ സഹകരണ ബാങ്കിലിടുകയായിരുന്നു. 2011 മുതൽ 2017 വരെയാണ് അനീഷ് കാബൂളിലുണ്ടായിരുന്നത്. അനീഷ് ജോലിചെയ്തിരുന്ന സ്ഥലത്ത് നൂറിലേറെത്തവണ മിസൈൽ ആക്രമണമുണ്ടായി. സ്വന്തമായൊരു വീട് സ്വപ്നം കണ്ട് എത്തിയതിനാൽ പ്രതിസന്ധികളിൽ പതറാതെ അവിടെ പിടിച്ചുനിന്നു. വീടുവെക്കാനും നാട്ടിലെത്തിയാൽ ചെറിയ ബിസിനസ് തുടങ്ങാനുമുള്ള പണം ശമ്പളമായി കിട്ടിയതോടെ മടങ്ങി. നാട്ടിലെത്തിയപ്പോഴാണ് അറിയുന്നത്, നിക്ഷേപമിട്ട പുത്തൂർ സഹകരണ ബാങ്ക് വ്യാപക ക്രമക്കേടുകാരണം നിക്ഷേപം തിരികെ നൽകാനാകാത്ത സ്ഥിതിയിലായെന്ന്.കോൺഗ്രസ് ഭരിച്ചിരുന്ന പുത്തൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പ്രശ്നത്തിൽ സർക്കാരോ സഹകരണവകുപ്പോ ഇടപെട്ടില്ല. ഏതാണ്ട് 34 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകാനുണ്ടെന്നാണ് കണക്ക്. കോൺഗ്രസാണ് ബാങ്ക് ഭരിച്ചതെന്നതിനാൽ അനീഷും കുടുംബവും കോൺഗ്രസ് നേതാക്കൾക്കും പരാതി നൽകി. പക്ഷേ, ഫലമുണ്ടായില്ല. കോവിഡ്കാലമായതിനാൽ ജോലിയൊന്നുമില്ല അനീഷിന്. അച്ഛൻ ലോനപ്പനും അമ്മയും താമസിക്കുന്ന വീട്ടിലാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന അനീഷിന്റെ കുടുംബം കഴിയുന്നത്. അനിയനും ഭാര്യയും രണ്ട് മക്കളുമുണ്ട് ഇവിടെ. മകൻ അയച്ചുതന്ന പണം പുത്തൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച അമ്മ ഉഷ അത് തിരികെ കിട്ടാതെ മകൻ കഷ്ടപ്പെടുന്നത് കണ്ട് മനസ്സ് തകർന്നിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2VlF5y2
via
IFTTT
No comments:
Post a Comment