കൊച്ചി: 'നടുപിളരുന്ന വേദനയാണ്... ഞാൻ മരിച്ചുപോകുമോ...?' -ദീപ്തി തേങ്ങലോടെ ചോദിക്കുമ്പോൾ, 'നീ തിരിച്ചുവരും... നമ്മുടെ കുഞ്ഞാവയുമായി' എന്നു പറയാൻ മാത്രമേ ഭർത്താവ് അഖിലിന് സാധിച്ചുള്ളു. എന്നാൽ, ആശ്വാസവാക്കുകൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളു... പിറ്റേന്ന് ദീപ്തി അഖിലിനെയും മക്കളെയും വിട്ട് എന്നേക്കുമായി യാത്രയായി. ഏഴുമാസം ഗർഭിണിയായ ദീപ്തി സിസേറിയനിലൂടെ ഒരാൺകുഞ്ഞിന് ജന്മം നൽകിയാണ് പോയത്. 'അമ്മ എപ്പോൾ വരും...? എന്നു ചോദിക്കുന്ന ആറും നാലും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വിതുമ്പാൻ മാത്രമേ നേര്യമംഗലം വെള്ളൂർത്തറ വീട്ടിൽ അഖിലിന് കഴിയുന്നുള്ളു. ഓഗസ്റ്റ് 13-നാണ് ചുമയ്ക്ക് ചികിത്സ തേടിയ ദീപ്തി കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. അദ്യം കോതമംഗലത്തെ എഫ്.എൽ.ടി.സി.യിലാക്കി, പിന്നീട് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ രണ്ടുദിവസം മാത്രമാണ് പനി ഉണ്ടായിരുന്നത്. എന്നാൽ, 14 ദിവസം കഴിഞ്ഞുള്ള പരിശോധനയിലും ദീപ്തി പോസിറ്റീവായി തുടർന്നു. ഈ കാലത്ത് ചുമയുണ്ടെന്നു മാത്രമാണ് ദീപ്തി പറഞ്ഞിരുന്നത്. എന്നാൽ, പെട്ടന്നാണ് സ്ഥിതി ഗുരുതരമായത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട ദീപ്തിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. 28-ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ, ദീപ്തിയെ രക്ഷിക്കാൻ സാധിച്ചില്ല... അന്നുതന്നെ ദീപ്തി കോവിഡിന് കീഴടങ്ങി. ആദ്യഘട്ടംതന്നെ നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമായിരുന്നു എന്നാണ് അഖിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ന്യൂമോണിയ ബാധയുണ്ടായെന്ന് തിരിച്ചറിയുന്നത്. രോഗാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോഴൊന്നും കൃത്യമായ മറുപടി ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും അഖിൽ പറഞ്ഞു. 28-ന് ജനിച്ച കുഞ്ഞിന് ഒരു കിലോഗ്രാം മാത്രമാണ് ഭാരം. കുഞ്ഞ് നിലവിൽ എൻ.ഐ.സി.യുവിലാണ്. നാലു ലക്ഷത്തോളം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. രണ്ടു മാസത്തോളം ആശുപത്രിയിൽ തുടരേണ്ടി വരും. അഖിലിന്റെ മക്കളെ ഇതുവരെ അമ്മയുടെ മരണം അറിയിച്ചിട്ടില്ല. രോഗബാധിതരായ രണ്ട് അമ്മമാരും ഒരു മുത്തശ്ശിയും ഈ പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അഖിൽ. ടൈൽസ് ജോലിക്കാരനായ അഖിലിന് നിലവിൽ മകനെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/38FrZim
via
IFTTT
No comments:
Post a Comment