കടയ്ക്കൽ (കൊല്ലം) : പോലീസ് മർദനത്തിനും നോട്ട് നിരോധനത്തിനും എതിരേ വ്യത്യസ്തരീതിയിൽ പ്രതിഷേധിച്ച കുമ്മിൾ മുക്കുന്നം ആർ.എം.എസ്. തട്ടുകട ഉടമ പുതുക്കോട് റുക്സാന മൻസിലിൽ യഹിയ (80) അന്തരിച്ചു. പ്രായാധിക്യവും അസുഖങ്ങളുംമൂലം അവശനായിരുന്ന അദ്ദേഹത്തെ ഞായറാഴ്ച രാവിലെ മകളുടെവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെക്കാലം വിദേശത്ത് ദുരിതജീവിതം നയിച്ച യഹിയ നാട്ടിലെത്തി ചായക്കട നടത്തിയാണ് കഴിഞ്ഞിരുന്നത്. ചായക്കട നടത്തുന്നതിനിടെ പോലീസിനെക്കണ്ട് മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കാത്തതിന് യഹിയയ്ക്ക് സബ് ഇൻസ്പെക്ടറുടെ മർദനമേൽക്കേണ്ടിവന്നു. ഇതിനുശേഷം യഹിയ ഷർട്ടും മുണ്ടും ധരിച്ചിട്ടില്ല. മടക്കിക്കുത്ത് അഴിക്കേണ്ടാത്ത മാക്സി അദ്ദേഹം പ്രതിഷേധവസ്ത്രമായി ജീവിതകാലംമുഴുവൻ അണിഞ്ഞു. സംഭവത്തിനുശേഷം 'മാക്സി മാമ' എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. നോട്ട് നിരോധനത്തെത്തുടർന്ന് കൈവശമുണ്ടായിരുന്ന 23,000 രൂപ മാറ്റിയെടുക്കാൻ രണ്ടുദിവസം അദ്ദേഹം ബാങ്കിൽ വരിനിന്നു. രണ്ടാംദിവസം ബോധംകെട്ടു വീണതിനെത്തുടർന്ന് ആശുപത്രിയിലായി. തിരികെയെത്തി ഈ പണം കത്തിച്ച് ചാരമാക്കിയാണ് പ്രതിഷേധിച്ചത്. പാതി മീശയും പാതി മുടിയും വടിച്ച് ഏറെനാൾ പ്രതിഷേധത്തിന് മൂർച്ചകൂട്ടി. ഒരുവർഷത്തിനുശേഷം, പ്രധാനമന്ത്രി രാജിവയ്ക്കുംവരെ മീശയും മുടിയും വളർത്തില്ലെന്ന് പ്രതിജ്ഞയുമെടുത്തു. കാര്യമായ സമ്പാദ്യമൊന്നും ഇല്ലാതിരുന്ന അദ്ദേഹം സാധാരണക്കാരന് കുറഞ്ഞതുകയ്ക്ക് ഭക്ഷണംനൽകി. പത്തുരൂപയ്ക്ക് ഊണും കപ്പയുമെല്ലാം അദ്ദേഹം വിളമ്പി. പത്തുദോശയ്ക്ക് അഞ്ച് ദോശയും അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറിയും സൗജന്യമായി നൽകിയിരുന്നു. യഹിയയുടെ ജീവിതസമരം മാധ്യമപ്രവർത്തകനായ സനു കുമ്മിൾ 'ഒരു ചായക്കടക്കാരന്റെ മൻ കി ബാത്' എന്നപേരിൽ ഡോക്യുമെന്ററി ആക്കിയതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയിലേക്കെത്തുന്നത്. 2018-ലെ ഐ.ഡി.എസ്.എഫ്.എഫ്.കെ.യിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ മേളകളിൽ 'ഒരു ചായക്കടക്കാരന്റെ മൻ കി ബാത്' പ്രദർശിപ്പിച്ചു. യഹിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: പരേതയായ സുഹ്റാബീവി. മക്കൾ: സബീന, സീന. മരുമക്കൾ: സലിം, സദീർ.
from mathrubhumi.latestnews.rssfeed https://ift.tt/393MZzi
via
IFTTT
No comments:
Post a Comment