ന്യൂഡൽഹി: പൈലറ്റുമാരുടെ ക്ഷാമവും കരിപ്പൂർ വിമാനാപകടത്തിലേക്ക് നയിച്ചുവെന്ന് വിദഗ്‌ധസമിതി വിലയിരുത്തി. പ്രമേഹബാധയാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടായ വ്യതിയാനം കാരണം പൈലറ്റിന് കാഴ്ചപ്രശ്നമുണ്ടായതും ചാറ്റൽമഴയും കരിപ്പൂർ വിമാനാപകടത്തിന് കാരണമായിട്ടുണ്ടാവാമെന്നാണ് സമിതിയുടെ നിഗമനം. പൈലറ്റുമാരുടെ ആരോഗ്യ വിഷയത്തിൽ ശ്രദ്ധിക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശവും നൽകി.വിമാനം പറത്തിയിരുന്ന പൈലറ്റിന് അടുത്തദിവസം കോഴിക്കോട്ടുനിന്ന് മറ്റൊരു വിമാനം പറപ്പിക്കേണ്ടതുണ്ടായിരുന്നു. സ്റ്റാൻഡ് ബൈ ഡ്യൂട്ടിയാണു വേണ്ടിയിരുന്നതെങ്കിലും പൈലറ്റുമാരുടെ ക്ഷാമംകാരണം ഇദ്ദേഹത്തിന് ചുമതല നൽകുകയായിരുന്നു. വിമാനം കോഴിക്കോട്ടുതന്നെ ഇറക്കിയില്ലെങ്കിൽ അടുത്തദിവസത്തെ വിമാനം റദ്ദാവും. ഇതുകൂടി കണക്കിലെടുത്ത്, കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് 36 വിമാനങ്ങൾ പറപ്പിച്ചു പരിചയമുള്ള പൈലറ്റ് അമിത ആത്മവിശ്വാസത്തോടെ മോശം കാലാവസ്ഥയിലും വിമാനം ഇറക്കി. ഈ സമയം ഇടപെട്ട് വിമാനം തിരിച്ചുവിടാൻ നിർദേശിക്കേണ്ടിയിരുന്ന ഫസ്റ്റ് ഓഫീസറും അക്കാര്യത്തിൽ പരാജയപ്പെട്ടു.ആവശ്യത്തിന് പ്രകാശസംവിധാനം വിമാനത്താവളത്തിൽ ഒരുക്കാത്തതും പൈലറ്റിന് കൃത്യമായി റൺവേ കാണാൻപറ്റാത്തതിന് കാരണമായിട്ടുണ്ടാവാമെന്നും നിഗമനമുണ്ട്. സ്ഥലപരിമിതികാരണം 900 മീറ്ററിൽവേണ്ട റൺവേ സെന്റർ ലൈറ്റിങ് സംവിധാനം കോഴിക്കോട്ട് 150 മീറ്ററിലാക്കി ചുരുക്കിയിരിക്കയാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ മാനദണ്ഡപ്രകാരം കാറ്റഗറി ഒന്നിൽ ഇത്ര മതിയെങ്കിലും കോഴിക്കോടുപോലെ അപകട സാധ്യതയുള്ള റൺവേകളിൽ അതു പ്രത്യാഘാതമുണ്ടാക്കിയെന്നാണ് സമിതിയുടെ നിരീക്ഷണം. റൺവേ സ്ട്രിപ്പിന്റെ വീതി അന്താരാഷ്ട്ര മാനദണ്ഡപ്രകാരം കുറഞ്ഞത് 140 മീറ്റർ വേണമെങ്കിലും ഇപ്പോഴുള്ളത് 75 മീറ്റർ മാത്രമാണ്. ഇതുകൂടാതെ, കോഴിക്കോട് വിമാനത്താവളത്തിലെ അനുബന്ധ റോഡുകളുടെയും സൗകര്യങ്ങളുടെയും പരിപാലനക്കുറവിന്റെയും പട്ടികയും സമിതി നിരത്തിയിട്ടുണ്ട്.രണ്ടായിരം മണിക്കൂറിലധികം സേനാവിമാനം മാത്രം ഓടിച്ചുപരിചയമുള്ള പൈലറ്റിനെ പ്രമേഹംകാരണം 2016 ഏപ്രിൽ 12-ന് മൂന്നുമാസത്തോളം വിമാനം പറത്തുന്നതിൽനിന്ന് മാറ്റിനിർത്തിയിരുന്നു. പ്രമേഹരോഗികളായ ഉദ്യോഗസ്ഥർ ഡോക്ടർമാരുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത് നിർത്തണമെന്നും ഇക്കാര്യം നിരീക്ഷിക്കണമെന്നും വിമാനക്കമ്പനികൾക്ക് സമിതി നിർദേശം നൽകി. അപകടത്തിൽ മരിച്ച പൈലറ്റ് ഇത്തരത്തിൽ മരുന്നു കഴിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3C6BZxS
via
IFTTT
No comments:
Post a Comment