നിലമ്പൂർ : ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിക്കാർക്ക് ഇനി അഭിമാനിക്കാം; കോളനിയുടെ സ്വന്തം മോഹനൻ എസ്.എസ്.എൽ.സി. വിജയിച്ചു. ചാലിയാർ പഞ്ചായത്ത് പന്തീരായിരം ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിൽനിന്ന് ഒരാൾ പത്താംക്ലാസ് വിജയിക്കുന്നത് ആദ്യമാണ്. ശനിയാഴ്ച എസ്.എസ്.എൽ.സി.യുടെ സേ ഫലം വന്നപ്പോഴാണ് മോഹനൻ വിജയിച്ചതറിഞ്ഞത്. മാതാപിതാക്കൾ നേരത്തേ മരിച്ചുപോയതിനാൽ മാതൃസഹോദരി മതിയും ഭർത്താവ് വലിയ ചന്തനുമാണ് മോഹനനെ വളർത്തിയത്. പാലക്കയം പഠനകേന്ദ്രത്തിലെ അധ്യാപിക കെ.ടി. കല്യാണിയാണ് നിർബന്ധപൂർവം മോഹനനെ സ്കൂളിൽ ചേർത്തത്. പാലേമാട് പട്ടികവർഗ ഹോസ്റ്റലിൽനിന്ന് എട്ടാംക്ലാസ് പൂർത്തിയാക്കി. പിന്നീട് എരഞ്ഞിമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നു. പന്തീരായിരം ആനക്കാട്ടിലൂടെ നാലുകിലോമീറ്റർ നടന്ന് പാലക്കയം റബ്ബർ പ്ലാന്റേഷനിലെത്തും. അവിടെനിന്ന് ഗോത്രസാരഥിയുടെ വണ്ടിയിൽ 10 കിലോമീറ്റർ യാത്രചെയ്ത് എരഞ്ഞിമങ്ങാട് സ്കൂളിലെത്തും. എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ വരുന്നവഴി കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടതിനാൽ മോഹനന് രണ്ടു പരീക്ഷകൾ മുടങ്ങി. ക്ലാസ് അധ്യാപിക ഷൈലജയും പ്രഥമാധ്യാപിക സോണിയും എല്ലാ സഹായവുമായി ഒപ്പം കൂട്ടിയതോടെ എഴുതാൻകഴിയാതിരുന്ന രണ്ടു പരീക്ഷകൾ എഴുതാനും വിജയിക്കാനും മോഹനനായി. വെറ്റിലക്കൊല്ലി പണിയർ കോളനിയിൽനിന്ന് ഒരു വിദ്യാർഥിയെ ആദ്യമായി എസ്.എസ്.എൽ.സി. വിജയിപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അധ്യാപകർ. എരഞ്ഞിമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്വണ്ണിന് ചേരാനാണ് മോഹനന് താത്പര്യം. Content Highlights:mohanan first sslc winner from vettilakkolly tribal colony
from mathrubhumi.latestnews.rssfeed https://ift.tt/3yMOwnZ
via
IFTTT
No comments:
Post a Comment