കോഴിക്കോട്: 2018-ൽ 21 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതം. രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയ്ക്കു സമീപത്തുനിന്നുള്ള പ്രദേശത്തുനിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ.) നടത്തിയ പരിശോധനയിൽ പിടികൂടിയ 10 വവ്വാലുകളിൽ നിപ വൈറസ് കണ്ടെത്തിയിരുന്നു. അതേ വൈറസാണ് മനുഷ്യരിലും കണ്ടെത്തിയതെങ്കിലും അവയിൽനിന്നാണോ ആദ്യം മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തിന് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. വവ്വാൽ കടിച്ച പഴം കഴിച്ചതുകൊണ്ടാവാം വൈറസ് ബാധയുണ്ടായതെന്ന നിഗമനം മാത്രമാണുള്ളത്. സാബിത്ത് രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ മരിച്ചതാണ് ആരോഗ്യ വകുപ്പിനു വെല്ലുവിളിയായത്. ഉറവിടം കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിശദമായ എപ്പിഡെമിയോളജി (സാംക്രമിക രോഗ വിജ്ഞാനീയം) പഠനം നടത്തണമെന്ന് അന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ശുപാർശ ചെയ്തിരുന്നു. പക്ഷേ, ആദ്യഘട്ടത്തിൽ ഐ.സി.എം.ആർ. പഠനം നടത്തിയെങ്കിലും ഉറവിടത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിലേക്കു പോയില്ലെന്നാണ് ആരോഗ്യ പ്രവർത്തകർതന്നെ പറയുന്നത്. ഉറവിടത്തെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് സംസ്ഥാന സർവയലൻസ് ഓഫീസർ ഡോ. വി. മീനാക്ഷിയും പറയുന്നു. ഭാവിയിൽ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന വൈറസായിട്ടാണ് നിപയെ കാണേണ്ടത്. അതുകൊണ്ട് കൃത്യമായ റൂട്ട് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജി.ആർ. സന്തോഷ്കുമാർ പറഞ്ഞു. വവ്വാലിൽനിന്ന് നേരിട്ടാണോ പകർന്നത്, അതോ മനുഷ്യരുമായി ഇടപഴകുന്ന മറ്റേതെങ്കിലും ജീവിയിൽനിന്നാണോ എന്നൊക്കെ കണ്ടെത്തേണ്ടതുണ്ട്. ഞായറാഴ്ച മരിച്ച മുഹമ്മദ് ഹാഷിം റമ്പുട്ടാൻ പഴം കഴിച്ചതിൽനിന്നാവാം രോഗബാധിതനായതെന്ന് സംശയിക്കപ്പെടുന്നു. പക്ഷേ, സ്ഥിരീകരിക്കാൻ വിശദപഠനം വേണ്ടിവരും. വൈറസ് ഉറവിടം കണ്ടെത്താൻ ശ്രമം -മുഖ്യമന്ത്രി തിരുവനന്തപുരം: നിപ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ഊർജിതശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങൾ എന്നിവയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ വേഗത്തിൽ കൈമാറാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദപഠനത്തിന് ഐ.സി.എം.ആർ. നിർദേശം വൈറസ് ഉറവിടത്തെക്കുറിച്ച് വീണ്ടും വിശദപഠനം നടത്താൻ ഐ.സി.എം.ആറിന്റെ നിർദേശം ലഭിച്ചതായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി. സുഗുണൻ പറഞ്ഞു. പേരാമ്പ്രയിലെ പഠനത്തിലും ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൂടി പഠിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3h6Xg27
via
IFTTT
No comments:
Post a Comment