കോന്നി: തീരുമാനത്തിന് കാരിരുമ്പിന്‍റെ കരുത്ത്. ലക്ഷ്യപ്രാപ്തി കാണാനുള്ള നിശ്ചയദാർഢ്യം. ഇത് രണ്ടും ചേർന്നതായിരുന്നു ളാഹ ഗോപാലൻ എന്ന സമര നായകൻ. മാതാപിതാക്കളുടെ മരണശേഷം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു വെട്ടിയാറിലെ ജീവിതം. സഹോദരന്റെ തണലിലായിരുന്നു കുറച്ചുകാലം. പിന്നീട് ഇടുക്കി വൈദ്യുതനിലയത്തിൽ പണിക്കായി പോയി. 12 അംഗസംഘത്തിൽ ഗോപാലൻ ഒഴികെ എല്ലാവർക്കും ഇടുക്കിയിൽ കെ.എസ്.ഇ.ബി. ജോലി നൽകി. നിഷേധിച്ച തൊഴിലിനുവേണ്ടി ചെറുപ്പത്തിലെ അദ്ദേഹം സമരംചെയ്തു. ബന്ധുവിനൊപ്പം ളാഹയിൽ താമസമായതോടെയാണ് പേരിനൊപ്പം ളാഹയും ചേർന്നത്. 2000-ൽ സാധുജന വിമോചന സംയുക്തവേദി എന്നസംഘടനയ്ക്ക് ളാഹ ഗോപാലൻ രൂപം നൽകി. നിവേദനങ്ങൾ കൊടുത്തും സമരങ്ങൾ സംഘടിപ്പിച്ചും ഭൂരഹിതരുടെ അവകാശത്തിനുവേണ്ടി ശബ്ദം ഉയർത്തിയെങ്കിലും ഫലം കണ്ടില്ല.2006-ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇളപ്പുപാറ റബ്ബർ തോട്ടത്തിൽ കുടിലുകെട്ടി സമരമുറ ആദ്യമായി നടപ്പാക്കി. ചുരുക്കം ദിവസങ്ങളെ അതിന് ആയുസ്സുണ്ടായിരുന്നൊള്ളൂ. ജില്ലാകളക്ടറുടെ മധ്യസ്ഥത ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജില്ലയിൽ മിച്ചഭൂമി ഇല്ലാത്തതിനാൽ അവകാശം അംഗീകരിക്കാൻ കഴിയത്തില്ലെന്നായിരുന്നു അധികാരികളുടെ നിലപാട് .ഇതിനിടെ ളാഹ ഗോപാലന്റെ പ്രസ്ഥാനത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്നു നിരവധി ഭൂരഹിതർ അംഗത്വം നേടി. വൻ ബഹുജനമുന്നേറ്റമായി പ്രസ്ഥാനം മാറി. 2007 ഓഗസ്റ്റ് നാലാം തീയതി കോന്നിയിൽ സാധുജന വിമോചനവേദിയുടെ വൻ പൊതുയോഗം നടന്നു. സ്വാതന്ത്ര്യദിനത്തിനു മുൻപ് കുടിലുകെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. അന്ന് രാത്രിതന്നെ കോന്നിക്ക് സമീപമുള്ള ചെങ്ങറ തോട്ടത്തിൽ പതിനായിരത്തോളംവരുന്ന പ്രവർത്തകർ ഭൂമി കൈയ്യേറി കുടിലുകെട്ടി സമരം തുടങ്ങി. ഹാരിസൺ തോട്ടത്തിന്റെ ചേറുവാള ഡിവിഷനിൽ ആയിരുന്നു സമരം ആരംഭിച്ചത്.തോട്ടം തൊഴിലാളികളും ചില രാഷ്ട്രീയപാർട്ടികളും ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങി. പലപ്പോഴും സമരഭൂമിയിൽ ഉള്ളവരും തൊഴിലാളികളും തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായി. ആ വർഷത്തെ ഓണത്തലേന്ന് സമരക്കാർ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കരിംകുറ്റി ഡിവിഷനിലേക്ക് കുടിലുകെട്ടിസമരം മാറ്റി. തോട്ടം ഉടമകൾ സമരക്കാർക്കെതിരേ നിയമപോരാട്ടം നടത്തി. രക്തച്ചൊരിച്ചിൽ ഇല്ലാതെ ഇവരെ ഒഴിപ്പിക്കാനായിരുന്നു കോടതി നിർദേശം. പോലീസ് പലതവണ വന്നെങ്കിലും സമരക്കാർ ആത്മഹത്യാസ്‌ക്വാഡുണ്ടാക്കി റബ്ബർമരത്തിന് മുകളിൽ നിലയുറപ്പിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് ഈ സമരരീതി ലോകമാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.രണ്ട് ഏക്കർ ഭൂമിയും 50,000 രൂപയും കിട്ടണമെന്നായിരുന്നു ആവശ്യം. 2009 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രിയായിരുന്നവി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചെങ്ങറ പാക്കേജ് പ്രഖ്യാപിച്ചു. ഭൂരഹിതർ എന്ന് കണ്ടെത്തിയ 1495 പേർക്ക് ഭൂമി നൽകാൻ തീരുമാനമായി. ആദിവാസികൾക്ക് ഒരേക്കറും പട്ടികജാതിക്കാർക്ക് 50 സെന്റും മറ്റുള്ളവർക്ക് 25 സെന്റുമായിരുന്നു കരാർ. കേരളത്തിന്റെ പലഭാഗത്തായി ഇവർക്ക് ഭൂമി ലഭിച്ചു. ഭൂമി കിട്ടാത്ത 640 കുടുംബ അംഗങ്ങൾ നിലവിൽ ചെങ്ങറ സമരഭൂമിയിൽ ഉണ്ട്. നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായിരുന്നു ളാഹ ഗോപാലൻ എന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു. ളാഹ ഗോപാലനെ പിന്നാക്ക വിഭാഗം എന്നും ഓർക്കുമെന്ന് സാധുജന വിമോചന സംയുക്തവേദി ചെയർമാൻ തേക്കുതോട് വിജയൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3ktBibL
via
IFTTT
No comments:
Post a Comment