റാഷിദ് മലപ്പുറം: വിദേശത്തുനിന്ന് കോഴിക്കോട് വിമാനത്താവളംവഴി നാട്ടിലെത്തിയ കാളികാവ് സ്വദേശിയെ വീട്ടിലേക്കു മടങ്ങുമ്പോൾ കാർ അപകടത്തിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി. ചോക്കാട് പുലത്ത് വീട്ടിൽ റാഷിദിനെ(27)യാണ് മഞ്ചേരി പട്ടർകുളത്തുവെച്ച് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ലഗേജുമായി കോഴിക്കോട്ടുനിന്ന് ടാക്സി കാറിലാണ് റാഷിദ് കാളികാവിലെ വീട്ടിലേക്കു പുറപ്പെട്ടത്. പട്ടർകുളത്തെത്തിയപ്പോൾ തങ്ങൾ സഞ്ചരിച്ച കാറിൽ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയശേഷം റാഷിദിനെ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ടാക്സി ഡ്രൈവർ പോലീസിന് മൊഴിനൽകി. റാഷിദിന്റെ വാഹനം അപകടത്തിൽപ്പെട്ടയുടനെ ഒരു ജീപ്പിൽ ഭാര്യാപിതാവും മൂന്നു നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുമായി സംഘം അടിപിടിയുണ്ടാക്കിയതായും പറയുന്നു. എന്നാൽ ഈ മൊഴികളൊന്നും പോലീസ് വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.മൂന്നുദിവസം മുൻപാണ് റാഷിദ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ശേഷം ഇയാൾ എന്തുകൊണ്ടാണ് വീട്ടിലേക്കുപോകാതെ കോഴിക്കോട്ടേക്ക് തിരിച്ചതെന്ന കാര്യത്തിൽ പോലീസിന് സംശയമുയർന്നിട്ടുണ്ട്. റാഷിദിന്റെ വാഹനം പട്ടർകുളത്ത് അപകടത്തിൽപ്പെട്ടയുടൻ ഭാര്യാപിതാവും മൂന്നു നാട്ടുകാരും ജീപ്പിൽ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇവർ കാറിൽനിന്ന് റാഷിദിനെ ജീപ്പിലേക്കു കയറ്റിയതിനുശേഷം സംഘം ഇയാളെ പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇവർ എത്തുന്നതുവരെ എന്തിന് സംഘം കാത്തിരുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. കരിപ്പൂരിൽ ഇറങ്ങിയ റാഷിദ് ഫറോക്കിൽനിന്ന് കാറെടുത്ത് വയനാട്ടിലേക്കു പോയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ഒരു റിസോർട്ടിലെ നമ്പറിൽനിന്ന് റാഷിദിന്റെ പിതാവിന്റെ ഫോണിലേക്ക് കോൾ വന്നതായും പോലീസ് സ്ഥിരീകരിച്ചു. സ്വർണവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളുണ്ടെന്നും എല്ലാം പരിഹരിച്ച് ഉടൻ മകൻ വീട്ടിലെത്തുമെന്നും ഇയാൾ പറഞ്ഞതായും വിവരം ലഭിച്ചു. ഈ സാഹചര്യങ്ങളെല്ലാം വ്യക്തമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തട്ടിക്കൊണ്ടുപോയ കാറിന്റെ ഉടമ വള്ളുവമ്പ്രത്തുകാരനാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഡിവൈ.എസ്.പി. പ്രദീപ്, സി.ഐ. അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
from mathrubhumi.latestnews.rssfeed https://ift.tt/3u20MAh
via
IFTTT
No comments:
Post a Comment