മലപ്പുറം: പ്ലസ്വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി എന്തുതന്നെയായാലും വിദ്യാർഥികളുടെ ദുരിതം തീരുന്നില്ല. പ്ലസ്വൺ പരീക്ഷയുടെ പേരിൽ കുട്ടികൾക്കു നഷ്ടമായത് പ്ലസ്ടു ക്ലാസുകൾകൂടിയാണ്. മാർച്ചിൽ നടക്കേണ്ട പൊതുപരീക്ഷയ്ക്ക് പാഠഭാഗങ്ങൾ എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും. പ്രവേശനപ്പരീക്ഷകൾ നടക്കാനുള്ളതിനാൽ പ്ലസ്ടു പരീക്ഷ കൂടുതൽ നീട്ടിവെക്കാനാവില്ല. എന്നാൽ കുട്ടികൾക്കിനി വേണ്ടത്ര സമയവുമില്ല. പ്രത്യേകിച്ചും സയൻസ് വിഭാഗക്കാർക്ക്. അവർക്ക് മൂന്നുമാസത്തോളം ലാബ്-റെക്കോഡ് വർക്കുകൾക്കായി നീക്കിവെക്കേണ്ടിവരും. ഫെബ്രുവരിയിൽ മോഡൽപരീക്ഷയും നടത്തണം. എന്നാൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകൾക്ക് പ്ലസ്വൺ പൊതുപരീക്ഷയല്ലാത്തതിനാൽ ഈ ആശയക്കുഴപ്പങ്ങളൊന്നുമില്ല. അവർ കൃത്യമായി ക്ലാസുകൾ നടത്തി പ്ലസ്ടു പൊതുപരീക്ഷയ്ക്കു വിദ്യാർഥികളെ ഒരുക്കുന്നുമുണ്ട്. ഇവരുടെകൂടെ പ്രവേശനപ്പരീക്ഷകൾ നേരിടേണ്ടിവരുമ്പോഴാണ് സംസ്ഥാന സിലബസ്സിലുള്ളവർ വെട്ടിലാവുക. കഴിഞ്ഞ അധ്യയനവർഷത്തെ ബാച്ചിന് രണ്ടുമാസമെങ്കിലും സ്കൂളിൽ ക്ലാസ് ലഭിച്ചു. മുടങ്ങാതെ വിക്ടേഴ്സ് ചാനലിന്റെ ക്ലാസും കിട്ടി. എന്നാൽ ഈ വർഷം പ്ലസ്വൺ, പ്ലസ്ടു ബാച്ച് സ്കൂൾ കണ്ടിട്ടുപോലുമില്ല. മാർച്ചിൽ നടക്കേണ്ട പ്ലസ്വൺ പരീക്ഷ കോവിഡ് കാരണം മാറ്റിവെച്ചു. പിന്നീട് സെപ്റ്റംബർ ആറിനു തീരുമാനിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടതോടെ പിന്നേയും മാറ്റി. അതിന്റെ വിധിയാണ് വെള്ളിയാഴ്ച വരാനിരിക്കുന്നത്. പരീക്ഷ നടത്താമെന്ന് കോടതി പറഞ്ഞാലും പരീക്ഷകൾക്കിടയിൽ ഒട്ടും ഇടവേള ലഭിക്കാനിടയില്ല. ഇടവേളയില്ലെങ്കിൽ അതിന്റെ മാനസിക സമ്മർദ്ദവും കുട്ടികൾക്കുതന്നെ. ഇടവേള നൽകിയാൽ അത് പ്ലസ്ടു പഠനത്തെ ബാധിക്കുകയും ചെയ്യും. പ്ലസ്വൺ പരീക്ഷയുടെ അനിശ്ചിതാവസ്ഥ കാരണം ജൂണിൽ വിക്ടേഴ്സ് ചാനലിൽ തുടങ്ങിയ പ്ലസ്ടു ക്ലാസുകൾ ഓണാവധിയോടെ നിർത്തി. ചില സ്കൂളുകൾ സ്വന്തംനിലയിൽ ഓൺലൈനായി ക്ലാസുകൾ കൊടുത്തിരുന്നെങ്കിലും പലർക്കും അതിനും കഴിഞ്ഞിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3tN2Hs9
via
IFTTT
No comments:
Post a Comment