മറ്റൊരു കേസില്‍ വിരലടയാളം പരിശോധിച്ചു; 17 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 15, 2021

മറ്റൊരു കേസില്‍ വിരലടയാളം പരിശോധിച്ചു; 17 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട: 17 വർഷം മുൻപ് നഗരത്തിലെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. കിടങ്ങന്നൂർ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 27-ൽ എഴിക്കാട് രാജനെന്ന രാജനും(56), കൊടുമൺ ഐക്കാട് വളക്കട ജങ്ഷനിൽ താഴെ മുണ്ടക്കൽ വീട്ടിൽ സുരേഷും(52) ആണ് പിടിയിലായത്. 2004-ൽ ആണ് രാജനും സുരേഷും പത്തനംതിട്ട കോളേജ് ജങ്ഷനിലെ ഒരു വീട്ടിൽനിന്ന് ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും മോഷ്ടിച്ചത്. രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകർത്ത് അകത്തുകടന്ന ഇവർ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതെല്ലാം മോഷ്ടിച്ചു. മാസങ്ങൾ നോക്കിയിട്ടും പ്രതികളെ കിട്ടാതെ വന്നപ്പോൾ അന്വേഷണം താത്കാലികമായി നിർത്തിവച്ചു. ആകെ അന്ന് അവശേഷിച്ചത് ഇരുവരുടെയും വിരലടയാളങ്ങൾ മാത്രം. വർഷങ്ങൾ പലത് കഴിഞ്ഞപ്പോൾ കേസിന്റെ ചൂടൊക്കെ കുറഞ്ഞെങ്കിലും വിരലടയാളം തെളിവായി പോലീസിന്റെ കൈയിൽ കിടന്നു. പത്തനംതിട്ടയിലെ മോഷണത്തിനുശേഷവും ഇരുവരും പഴയപണിതന്നെ തുടർന്നു. വിവിധ ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ ഇരുവരും പ്രതികളായി. സ്ഥിരം മോഷ്ടാവെന്ന പേരും കിട്ടി. രാജൻ തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയം മുളവുകാട് വീട്ടിൽ താമസവുമാക്കി. ഇതിനിടെ രണ്ടുപേരും പലതവണ ജയിലിലും കിടന്നു. ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസിൽ അറസ്റ്റിലായ രാജന്റെയും കൊടുമൺ പോലീസ് സ്റ്റേഷനിലെ കേസിൽ പിടിക്കപ്പെട്ട സുരേഷിന്റെയും വിരലടയാളങ്ങൾ ചുമ്മാതൊന്ന് നോക്കിയതോടെയാണ് പിടിവീണത്. അന്നത്തെ വിരലിനും രണ്ട് പേരുടെ സ്വഭാവത്തിനും ഒരുമാറ്റവും വന്നിട്ടില്ല. ശാസ്ത്രീയ തെളിവിനും ചോദ്യംചെയ്യലിനും മുന്നിൽ കുറ്റം സമ്മതിക്കുകയല്ലാതെ ഇരുവർക്കും മറ്റ് മാർഗമൊന്നുമുണ്ടായില്ല. അങ്ങനെ 2004 സെപ്റ്റംബറിലെ മോഷണത്തിന് 2021 സെപ്റ്റംബറിൽ കുടുങ്ങി. പത്തനംതിട്ട ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റർ ഇൻസ്പെക്ടർ വി.ബിജുലാൽ, വിരലടയാള പരിശോധനാ വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാർ, എ.എസ്.ഐ. സുനിലാൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് കണ്ടെത്തിയ വിരലടയാളത്തിലെ സാമ്യതകൾ ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ അറിയിച്ചത്. തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3keACXR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages