തോപ്പുംപടി (കൊച്ചി): ഒരു വീട് നിർമിക്കുന്നതുതന്നെ വലിയ ഭാരമായി മാറുന്ന കാലത്ത് രണ്ട് അധ്യാപികമാർ നിർമിച്ചുനൽകിയത് 150 വീടുകൾ. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്ക്കലും അധ്യാപിക ലില്ലി പോളും ചേർന്നാണ് 150 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. മനോഹരമായി ഡിസൈൻ ചെയ്ത്, ടൈൽ പതിച്ച സുന്ദരമായ വീടുകൾ. ഒരു സെന്റിലും രണ്ട് സെന്റിലുമൊക്കെയായി ആറ് മുതൽ 10 ലക്ഷം വരെ ചെലവിലാണ് നിർമിച്ചത്. ഇവർ കാരുണ്യത്തിന്റെ വഴികളിലേക്കു വന്നത് യാദൃച്ഛികമായാണ്. സ്കൂളിലെ ഒരു കുട്ടിയുടെ പിതാവ് മരിച്ചതറിഞ്ഞ് വീട്ടിലെത്തുമ്പോൾ കണ്ടത് ദയനീയ കാഴ്ച. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിലാണ് കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്. അവിടെവെച്ച് ഒരു കാര്യം തീരുമാനിച്ചു, ഈ കുട്ടിക്ക് വീട് നിർമിച്ചുനൽകണം. അങ്ങനെ സിസ്റ്റർ ലിസി, ഹൗസ് ചലഞ്ച് എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കി. സ്കൂളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽനിന്ന് ചെറിയ സംഭാവനകൾ സ്വീകരിച്ച് വേഗത്തിൽ ഒരു വീട് നിർമിച്ച് കുട്ടിക്ക് സമ്മാനിച്ചു. അതൊരു തുടക്കമായിരുന്നു. വീടില്ലാത്ത ധാരാളം കുട്ടികളുണ്ടെന്നറിഞ്ഞതോടെ അടുത്ത വീടിനായി പദ്ധതി തയ്യാറാക്കി. നാട്ടിലെ നല്ല മനുഷ്യരുടെ സഹകരണത്തോടെ വീട് നിർമിക്കുന്ന പദ്ധതിയായിരുന്നു അത്. ജോലിസമയം കഴിഞ്ഞ് സിസ്റ്റർ ലിസിയും ലില്ലി പോളും ഇറങ്ങി. കുറേ ആളുകളെ കണ്ടു. സഹായം നൽകാനായി നിരവധി സ്ഥാപനങ്ങളുമെത്തി. ഓരോ മാസവും പുതിയ വീടുകൾ നിർമിച്ചു. ഒട്ടേറെ തൊഴിലാളികൾ സഹായിച്ചു. വൻകിട സ്ഥാപനങ്ങൾ നിർമാണ സാമഗ്രികൾ എത്തിച്ചുകൊടുത്തു. ഭർത്താവ് മരിച്ച, പെൺമക്കൾ മാത്രമുള്ളവർക്കും രോഗികൾക്കുമാണ് ഇവർ മുൻഗണന നൽകിയത്. സ്കൂളിലെ 80ഓളം കുട്ടികൾക്ക് വീട് നിർമിച്ചുനൽകി. ഇതിനിടയിൽ ചില സുമനസ്സുകൾ ഭൂമി ദാനം ചെയ്തു. ആറുവർഷം കൊണ്ട് 150 വീടുകൾ. സർക്കാർ സഹായം കിട്ടിയിട്ടും പൂർത്തിയാക്കാൻ കഴിയാതെ വന്ന പല വീടുകളും ഏറ്റെടുത്ത് നിർമിച്ചു. 150ാം വീടിന്റെ താക്കോൽ അടുത്തദിവസം കൈമാറും. വീട് വരുന്നതോടെ, ഒരു സ്ത്രീയുടെ ജീവിതം മാറും. അവർക്ക് ആത്മവിശ്വാസം വർധിക്കും. സുരക്ഷിതബോധമുണ്ടാകും. അശരണയായ സ്ത്രീക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും പുണ്യമുള്ള പ്രവൃത്തി അവർക്കൊരു വീട് നിർമിച്ചു കൊടുക്കലാണ് സിസ്റ്റർ ലിസിയും ലില്ലി പോളും പറയുന്നു. Content Highlights:150 houses were built by two teachers: Teachers day 2021
from mathrubhumi.latestnews.rssfeed https://ift.tt/3h6sHto
via
IFTTT
No comments:
Post a Comment