തിരുവനന്തപുരം: രാഷ്ട്രീയ ചോദ്യങ്ങളും ഉള്ളുനീറുന്ന അനുഭവവും ചാലിച്ച് മുൻമന്ത്രി ജി. സുധാകരന്റെ കവിത. 'ഒരുതരത്തിലും നന്ദികിട്ടാത്ത പണികൾ ചെയ്ത് ഞാനെന്റെ മഹിതജീവിതം സാമൂഹ്യമാക്കി' എന്നാണ് കവിയുടെ വാക്യം. പാർലമെന്ററി രംഗത്തുനിന്ന് മാറ്റുകയും അമ്പലപ്പുഴയിൽ വോട്ടുകുറഞ്ഞെന്ന പരാതിയിൽ ആരോപണം നേരിടുകയും ചെയ്യുന്ന സുധാകരൻ പാർട്ടി അന്വേഷണ കമ്മിഷന്റെ പരിശോധനയ്ക്കു മുമ്പിലാണിപ്പോൾ. ഈ രാഷ്ട്രീയ സാഹചര്യം പ്രതിഫലിപ്പിക്കുന്നതാണ് കവിതയും. പാർട്ടി ചട്ടക്കൂടുകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, ഒന്നും തുറന്നുപറയാനാകാത്തതിന്റെ വ്യഥ കവിതയിൽ പ്രകടിപ്പിക്കുന്നു. ദുഃഖമുണ്ടാക്കുന്നതും കരളുകീറുന്നതുമായ അവസ്ഥയും കവിതയിലുണ്ട്. 'അനുനിമിഷം പകർത്തുവാനെൻറെയീ ചരിതപർവം തടസ്സങ്ങളാകവേ മുഴുകി ഞാനെന്റെ നിത്യദുഃഖങ്ങളിൽ കരളുകീറും ചുമതലഭൂവിലായ്!' ഇങ്ങനെയാണ് കവിതയിലെ വരികൾ. ഇതുവരെയുണ്ടായിരുന്ന നല്ലനിമിഷങ്ങളും നല്ല സ്വപ്നങ്ങളുമെല്ലാം മറഞ്ഞുകഴിഞ്ഞു. അവയൊന്നും ഇനി തിരികെ വരാനില്ല. പുതിയ രൂപത്തിൽ വന്നാലായി എന്നും സുധാകരൻ കവിതയിൽ പറയുന്നു. വ്യക്തിയെന്ന നിലയിൽ കർമങ്ങളുടെ അധ്യായം അവസാനിച്ചു. ഈ വേദനയ്ക്കിടയിലും സ്നേഹിക്കുന്നവരുടെ ആശ്വാസവാക്കുകളും അദ്ദേഹം കുറിച്ചിടുന്നു. പാർട്ടി തലമുറമാറ്റം നിശ്ചയിച്ചതിനെക്കുറിച്ചും പുതിയ അധികാര കേന്ദ്രങ്ങളിലെത്തിയവരെക്കുറിച്ചുമുള്ള പരാമർശത്തോടെയുമാണ് കവിത അവസാനിക്കുന്നത്. ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാ- ഭരിതരായ നവാഗതർ അക്ഷീണ- മനസ്സുമായി നവപഥ വീഥിയിൽ. 'ദുർവ്യാഖ്യാനത്തിനു പ്രസക്തിയില്ല' കവിത വാർത്തയായതോടെ വിശദീകരണവുമായി സുധാകരൻ രംഗത്തെത്തി. കവിതയെക്കുറിച്ച് ദുർവ്യാഖ്യാനത്തിനു പ്രസക്തിയില്ലെന്ന് അദ്ദേഹം സാമൂഹികമാധ്യമ കുറിപ്പിൽ പറഞ്ഞു. കവിത പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കവിത നവാഗതർക്കാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. രാഷ്ട്രീയ വ്യാഖ്യാനത്തെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹം വിശദീകരിച്ചില്ല. നവാഗതർക്കാണ് കവിതയെന്നു സ്ഥാപിച്ചതോടെ രാഷ്ട്രീയമാണ് കവിത വിഷയമാക്കിയതെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. Content Highlights: G Sudhakaran writes Poem as response
from mathrubhumi.latestnews.rssfeed https://ift.tt/3jy4Pj2
via
IFTTT
No comments:
Post a Comment