മലപ്പുറം: ‘യുദ്ധ’ത്തിനില്ലെന്ന് വ്യക്തമാക്കി യൂത്ത്‌ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങളുടെ സന്ദേശം. ആരോടും വ്യക്തിവിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും തുടങ്ങുന്ന മുഈനലി തങ്ങളുടെ ഫെയ്സ്ബുക്ക് സന്ദേശത്തിൽ കലക്കുവെള്ളത്തിൽ മീൻപിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി കെ.ടി. ജലീലിന് മറുപടി നൽകുന്നുണ്ട്. പ്രഥമപരിഗണന പിതാവിന്റെ ആരോഗ്യപരിപാലനത്തിനാണെന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്. മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കാരണമാണ് ചന്ദ്രിക വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിതാവും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് നോട്ടിസ് അയച്ചതെന്നായിരുന്നു മുഈനലിയുടെ ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനരീതിയോട് എതിർപ്പുള്ളവർപോലും ഇക്കാര്യത്തിൽ പരസ്യമായി തുണയ്ക്കാത്തതാണ് അനുരഞ്ജനത്തിന്റെ വഴി സ്വീകരിക്കാൻ മുഈനലിയെ നിർബന്ധിതനാക്കിയെന്നാണ് വിവരം. പ്രത്യക്ഷപിന്തുണയുമായി കെ.ടി. ജലീൽ രംഗത്തെത്തിയതും മുഈനലിക്ക് തിരിച്ചടിയായി. ശത്രുവിന് പാർട്ടിയെ അടിക്കാനുള്ള വടി കൊടുക്കലായിപ്പോയി ഇതെന്ന ചിന്ത പാർട്ടിനിരയിലുണ്ടാക്കി. പിതാവ് അസുഖബാധിതനായി കിടക്കുന്ന വേളയിൽ ഇത്തരമൊരു പ്രവൃത്തി ഉണ്ടായതിൽ പാണക്കാട് കുടുംബത്തിലും അമർഷമുണ്ടായി. ലീഗിനെ സംബന്ധിച്ചിടത്തോളം ഒരുവെടിക്ക് രണ്ടുപക്ഷി എന്നതായി ഫെയ്സ്ബുക്ക് സന്ദേശം. മുഈനലി തങ്ങളുടെ പൊട്ടിത്തെറി പാർട്ടിക്കുള്ളിൽ പുകയുന്ന അസംതൃപ്തിയുടെ സൂചനയാണെന്ന് പറഞ്ഞ കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞതാണ് പാർട്ടിക്ക് ആശ്വാസം പകർന്ന ഒരു കാര്യം. സന്ദേശത്തെ തെറ്റുതിരുത്തലായിക്കണ്ട് പാണക്കാട് കുടുംബത്തിൽപ്പെട്ട ഒരാൾക്കെതിരേ തുടർനടപടി വേണ്ടെന്നുവെച്ച് മുഖംരക്ഷിക്കാൻ ഇനി പാർട്ടിക്ക് കഴിയും. മുഈനലി ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി പരസ്യപ്രഖ്യാപനം നടത്തുകവഴി തെറ്റ് ആരുചെയ്താലും അതു പൊറുപ്പിക്കില്ല എന്ന സന്ദേശം അണികൾക്ക് നൽകാനും ഇതുവഴി പാർട്ടിക്ക് സാധിച്ചുവെന്നതാണ് മറ്റൊരു കാര്യം.
from mathrubhumi.latestnews.rssfeed https://ift.tt/3jGoygd
via
IFTTT
No comments:
Post a Comment