തൊടുപുഴ : 'ഇത് ഞാൻ കഷ്ടപ്പെട്ട് ആഗ്രഹിച്ചുണ്ടാക്കിയ മണ്ണാണ്. ഇവിടന്നൊരിക്കലും പോകരുതെന്നായിരുന്നു ആഗ്രഹം. പക്ഷേ, രാത്രിയും പകലുമില്ലാതെ പാഞ്ഞടുക്കുന്ന അപകടങ്ങളുടെ ഇരമ്പം കാതിൽമുഴങ്ങുമ്പോൾ പലായനമല്ലാതെ മറ്റൊരു മാർഗ്ഗമില്ല.' ഗതികേടിന്റെ അങ്ങേത്തലയ്ക്കൽനിന്ന് ജീവിതകഥ പറഞ്ഞുതുടങ്ങുമ്പോൾ വണ്ണപ്പുറം മുണ്ടൻമുടി പൂവത്തിങ്കൽ പി.കെ.രാഘവനെന്ന സാധാരണക്കാരന്റെ കണ്ണുകളിൽ ഭയപ്പാട് വന്നുംപോയുമിരുന്നു. സംസ്ഥാനപാതയോരത്ത് നാല്പതേക്കർ വളവിലെ കുത്തിറക്കത്തിനുതാഴെയുള്ള തന്റെ വീട്ടിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ വാഹനങ്ങൾ എത്രതവണ മറിഞ്ഞിട്ടുണ്ടെന്നതിന് രാഘവന് കണക്കില്ല. ഹോൺ ശബ്ദം കേട്ട് പേടിച്ചുവിറച്ച് ഉറക്കംപോയ രാത്രികൾ. വീട്ടുമുറ്റത്ത് വാഹനങ്ങൾ വന്നിടിച്ചുവീഴുന്ന ശബ്ദം. ജീവനുവേണ്ടിയുള്ള മനുഷ്യരുടെ ഭയപ്പെടുത്തുന്ന നിലവിളി. ഇവിടെ ഞങ്ങൾക്ക് ജീവിക്കേണ്ടെന്നുപറഞ്ഞ് വീട്ടിൽനിന്ന് മാറിപ്പോയ രണ്ട് പെൺമക്കൾ. ഒടുവിൽ അവർക്ക് പിന്നാലെ രാഘവന്റെയും ഭാര്യ ഓമനയുടെയും പലായനം. സ്വന്തമായി കിടപ്പാടവും സ്ഥലവുമുണ്ടായിട്ടും വാടകവീട്ടിൽ അന്തിയുറങ്ങേണ്ടി വന്നവന്റെ നിസ്സഹായത. 13 വർഷം മുമ്പ് സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് രാഘവൻ നാല്പതേക്കർ വളവിലെ എട്ടുസെന്റും വീടും വാങ്ങിയത്. ഇടുക്കിയിലെ ഏറ്റവും വലിയ കയറ്റങ്ങളിലൊന്നെന്ന ഖ്യാതിയുണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമുള്ള ചെറിയൊരു റോഡായിരുന്നു അന്നത്. പക്ഷേ, ഒൻപതുവർഷം പിന്നിട്ടപ്പോൾ ഇവിടം ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ ഭാഗമായി. ഇതോടെ, അപകടസൈറൺ മുഴക്കി കൂടുതൽ വാഹനങ്ങൾ മലകയറാനെത്തി. കയറ്റത്തിന്റെ അറ്റത്ത് വലിമുട്ടുന്ന ഭാരവാഹനങ്ങളും ഇറക്കത്തിൽ ലക്ഷ്യം തെറ്റിപ്പോകുന്നവരും ഗർത്തത്തിലേക്ക് പതിക്കാതെ രാഘവന്റെ വീടിനെ തടയാക്കി. രാഘവന്റെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ഇരുചക്രവാഹനം അവിടെത്തന്നെ ഉപേക്ഷിച്ചനിലയിൽ 2018-ലെ ഒരർദ്ധരാത്രിയിൽ ഇരുമ്പുകയറ്റിയെത്തിയ ലോറി വീടിനുസമീപത്തുകൂടെയിറങ്ങി അയൽവാസിയുടെ വീടിനു മുകളിലേക്ക് ആർത്തലച്ചുവീണു. ഡ്രൈവറും വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയും കൊല്ലപ്പെട്ടു. പിന്നീട്, പല രാത്രികളിലും പേടിച്ചുവിറച്ച് കുടുംബത്തിന് കാവലിരുന്നിട്ടുണ്ട് രാഘവൻ. ഇതിനിടെ മിനി ലോറിയും ഇരുചക്രവാഹനങ്ങളും കാറുമെല്ലാം പലവട്ടം വീടിന്റെ ഭിത്തിയിലും ഉമ്മറത്തുമെല്ലാം ഇടിച്ചുനിന്നു. രണ്ടുവർഷം മുമ്പ് ഇളയമകൾ അലക്കിക്കൊണ്ടിരിക്കേ ഒരു മിനിവാൻ തൊട്ടടുത്തുകൂടെ താഴേക്കുവന്ന് പറമ്പിൽ വീണു. പിന്നീടൊരിക്കൽ മറിഞ്ഞ ഇരുചക്രവാഹനം അനാഥപ്രേതംപോലെ മുറ്റത്ത് ഇപ്പോഴും പച്ചപ്പുമൂടി കിടക്കുന്നു. അപകടമൊഴിവാക്കിത്തരണമെന്നപേക്ഷിച്ച് രാഘവനും കുടുംബവും മുട്ടാത്ത വാതിലുകളില്ല. സ്ഥലം വിൽക്കാമെന്ന് വിചാരിച്ചാൽ വാങ്ങാനും ആളില്ല. ഒടുവിൽ ഗതികേടുകൊണ്ടാണ് വീടുപേക്ഷിച്ച് വണ്ണപ്പുറത്തെ വാടകക്കെട്ടിടത്തിലേക്ക് മാറേണ്ടി വന്നത്. ചെറിയ വരുമാനം മാത്രമുള്ള കുടുംബത്തിന് ഇപ്പോൾ വാടകച്ചെലവും താങ്ങാനാവുന്നില്ല. എങ്കിലും ഇടയ്ക്കിടെ തന്റെ മുറ്റത്ത് പുതിയ അതിഥികളെത്തിയോ എന്നറിയാൻ രാഘവനെത്തും. കുറച്ചുനേരം നിന്നശേഷം പഴകിപ്പൊളിഞ്ഞ വീടിനെ നോക്കി നെടുവീർപ്പിട്ടു മടങ്ങും, എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ.
from mathrubhumi.latestnews.rssfeed https://ift.tt/3k2tOez
via
IFTTT
No comments:
Post a Comment