മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ തമിഴ്നാട് സ്വദേശിനി മരിച്ചെന്നും മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായിക്കണമെന്നും കാണിച്ച് ബന്ധു നൽകിയ അപേക്ഷ, ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഗൂഢശ്രമമെന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി ഉമ്മു സലീമ (76) പെട്ടിമുടി ദുരന്തത്തിൽ മരിച്ചെന്നും സർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായം ചെയ്യണമെന്നും കാണിച്ച് പാലക്കാട് സ്വദേശിനി മൈമുനയാണ് ഡീൻ കുര്യാക്കോസ് എം.പി.ക്ക് 2020 ഒക്ടോബർ 26-ന് അപേക്ഷ നൽകിയത്. നിജസ്ഥിതി അറിയാൻ എം.പി. പരാതി എസ്.പി.ക്ക് കൈമാറി. പെട്ടിമുടി ദുരന്തം നടക്കുന്ന ഓഗസ്റ്റ് ആറിന് രാത്രി ഉമ്മു സലീമ അവിടെയുണ്ടായിരുന്നെന്നും അവർ കൊല്ലപ്പെട്ട വിവരം ആരുമറിഞ്ഞില്ലെന്നുമാണ് അപേക്ഷയിലുണ്ടായിരുന്നത്. എന്നാൽ, ഇത്തരത്തിലൊരാൾ പെട്ടിമുടിയിലെത്തിയിട്ടില്ലെന്നും മരിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ഭർത്താവ് അക്ബർ അലിയുടെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്ന് ഇവർ പോലീസിനെ അറിയിച്ചു. തുടർന്ന് മൂന്നാർ എസ്.ഐ. എം.പി.സാഗറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി ഉമ്മു സലീമയുടെ മൂത്തമകൻ അമാനുള്ളയെ ചോദ്യംചെയ്തു. ഉമ്മു 2016-ൽ മരിച്ചെന്ന് കണ്ടെത്തി. ഉമ്മു സലീമയുടെ പേരിലുണ്ടായിരുന്ന അപകട ഇൻഷുറൻസ് തുകയുടെ നോമിനിയായി അടുത്ത ബന്ധുവായ മൈമുനയുടെ ഇളയ മകളെയാണ് ചേർത്തിരിക്കുന്നതെന്നും കണ്ടെത്തി. ഈ പണം തട്ടിയെടുക്കുന്നതിന് ഗൂഢാലോചന നടത്തുകയായിരുന്നെന്നും വെളിപ്പെട്ടു. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. Content Highlights: Attempt to extort insurance by pretending to have died in Pettimudi landslide
from mathrubhumi.latestnews.rssfeed https://ift.tt/3y0w5vA
via
IFTTT
No comments:
Post a Comment