കോൺഗ്രസ് പരാജയം: കാലുവാരിയവർക്ക് താക്കീതെങ്കിലും നൽകണമെന്നു ശുപാർശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 25, 2021

കോൺഗ്രസ് പരാജയം: കാലുവാരിയവർക്ക് താക്കീതെങ്കിലും നൽകണമെന്നു ശുപാർശ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെക്കുറിച്ചുപഠിച്ച മേഖലാ സമിതികൾ നൽകിയത് ഓരോ മണ്ഡലത്തിലെയും പ്രശ്നങ്ങളും പരിഹാരവും അക്കമിട്ടുനിരത്തിയ റിപ്പോർട്ടുകൾ. ഇതോടെ, തുടർനടപടിയെടുക്കേണ്ട ചുമതല കെ.പി.സി.സി. നേതൃത്വത്തിന്റേതായി. സാധാരണ തിരഞ്ഞെടുപ്പുകൾക്കുശേഷം നിയോഗിക്കുന്ന സമിതികൾ നൽകുന്ന റിപ്പോർട്ടുകൾ വെളിച്ചം കാണാറില്ല. ഇപ്രാവശ്യം റിപ്പോർട്ടിന്മേൽ നടപടിയുണ്ടാകുമെന്ന് നേതൃത്വം നേരത്തേ ഉറപ്പുനൽകിയിരുന്നു. ചില മണ്ഡലങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റംപോലും നിലനിർത്താനായില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥിനിർണയമാണ് ഇവിടങ്ങളിൽ പ്രശ്നമായത്. പാറശ്ശാലയിൽ മത്സരിച്ച മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആൻസജിതാ റസൽ കാട്ടാക്കടയിൽ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്ക് നല്ല അടിത്തറയുള്ള വട്ടിയൂർക്കാവിൽ അവസാനനിമിഷംവരെ സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. അവസാനം വന്ന വനിതാസ്ഥാനാർഥി മികച്ചതായിരുന്നെങ്കിലും അവർക്കുവേണ്ടി കാര്യമായി പ്രവർത്തിക്കാൻ ആളുണ്ടായില്ല. അരുവിക്കരയിൽ നാടാർ സംവരണം എൽ.ഡി.എഫിന് അനുകൂലമാകുമെന്നു കണ്ട് അതിന്റെ മറുവശം പറയാൻ കഴിഞ്ഞില്ല. സംവരണത്തിന്റെ പേരിൽ ചില വൈദികർ വിളിച്ച യോഗത്തിൽ കോൺഗ്രസിലെ ചില ഭാരവാഹികൾ വരെ പങ്കെടുത്തത് ന്യായീകരിക്കാനാവില്ല. പാർട്ടി അടിത്തറ ശുഷ്കമാകുന്നതിന് ഉദാഹരണമായി പുതുപ്പള്ളിയെയും ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിയിലൂടെ 50 വർഷമായി കോൺഗ്രസ് ജയിക്കുന്ന മണ്ഡലത്തിൽ സംഘടനാസംവിധാനം താഴെത്തട്ടിൽ ദുർബലമാണ്. ചവറ, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ്. ജയം അർഹിച്ചിരുന്നു. ചവറയിൽ പണത്തിന്റെ ഒഴുക്കുണ്ടായി. വർഗീയാടിസ്ഥാനത്തിലുള്ള ചേരിതിരിവും സൃഷ്ടിക്കപ്പെട്ടു. കൊല്ലത്ത് നാലായിരത്തോളം വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച തീരമേഖലയിൽ നേട്ടം നാനൂറിലൊതുങ്ങി. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സ്ഥാനാർഥിനിർണയത്തിൽ സാമുദായിക സന്തുലനം പാലിക്കാനായില്ല. ട്വന്റി-ട്വന്റിയുടെ സാന്നിധ്യം മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞതിനാലാണ് കുന്നത്തുനാടും മറ്റും നിസ്സാര വോട്ടിനു പരാജയപ്പെട്ടത്. പുതിയ നേതൃനിരയെ വളർത്തുന്നതിലും വീഴ്ചയുണ്ടായി. ഇതിനുദാഹരണമായി റാന്നി മണ്ഡലത്തെ ചൂണ്ടിക്കാട്ടുന്നു. ഇവിടെ മികച്ച സ്ഥാനാർഥിയെ കണ്ടെത്തിയാൽ പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലഭിക്കുന്ന മേൽക്കൈ നിയമസഭയിലും നേടാനാകും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കൂട്ടണം. സാമുദായിക സന്തുലനം ഈ ജില്ലകളിലും പാലിക്കപ്പെട്ടില്ല. കെ.ടി. ജലീലിനെതിരേ മുസ്ലിംലീഗിൽനിന്നുള്ള സ്ഥാനാർഥിയെ കോൺഗ്രസ് രംഗത്തിറക്കിയത് ഗുണംചെയ്തില്ല. പാലക്കാട്, പൊന്നാനി, നിലമ്പൂർ, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങി ഒട്ടേറെ മണ്ഡലങ്ങളിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ സ്ഥാനാർഥിക്കെതിരേ മുതിർന്ന നേതാക്കൾ പ്രവർത്തിച്ചു. ഇവർക്കെതിരേ നടപടിയുണ്ടാകണം. കുറഞ്ഞത് പരസ്യമായി താക്കീത് ചെയ്യുകയും ഭാവിയിൽ കൂടുതൽ ചുമതലകളിലേക്ക് അവരെ അവരോധിക്കാതിരിക്കുകയും ചെയ്യണം. അഞ്ച് മേഖലാസമിതികളും കെ.പി.സി.സി. പ്രസിഡന്റിന് റിപ്പോർട്ട് കൈമാറി. തുടർനടപടി കെ.പി.സി.സി. നേതൃയോഗം തീരുമാനിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3kmFicV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages