ദേശീയവാദിയും ദേശസ്‌നേഹിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 14, 2021

ദേശീയവാദിയും ദേശസ്‌നേഹിയും

സ്വതന്ത്ര ഇന്ത്യ അതിന്റെ 75-ാം വാർഷികാഘോഷത്തിന് തുടക്കംകുറിക്കുകയാണ്. പക്ഷേ, അതിന്റെ അടയാളം പതിയുന്നതാകട്ടെ, രൂക്ഷമാകുന്ന വിഭാഗീയതയിലും. ഒരുവശത്ത് ഹിന്ദു ദേശീയതയുടെ വക്താക്കൾ. മറുവശത്ത്, അങ്ങേയറ്റം അപമാനിക്കപ്പെട്ടിട്ടും മതാതീത ബഹുസ്വരതയിൽ തുടർന്നും വിശ്വസിക്കുന്നവർ. ഹിന്ദുത്വയുടെ വ്യാഖ്യാനമനുസരിച്ച് ഭരണകൂടത്തിനെതിരായ വിമർശനങ്ങൾ നിഷേധാത്മകം മാത്രമല്ല, ദേശവിരുദ്ധവും രാജ്യദ്രോഹവുമാകുന്നു. അങ്ങനെയെങ്കിൽ ആരാണ് യഥാർഥ രാജ്യസ്നേഹി? ആരാണ് ദേശീയവാദി? രാഷ്ട്രഭക്തിയും ദേശഭക്തിയും ദേശസ്നേഹത്തെയും ദേശീയതയെയും വേർതിരിച്ചറിയാൻ പല ഇന്ത്യൻ ഭാഷകളും സംസ്കൃതത്തിൽനിന്ന് വാക്കുകൾ കടംകൊള്ളുന്നു. ഹിന്ദിയിലും മലയാളത്തിലും ദേശീയത എന്നാൽ രാഷ്ട്രഭക്തിയാണ്. അതായത് ഭരണകൂടത്തോടോ അധികാരത്തോടോ ഉള്ള വിധേയത്വം. അതേസമയം ദേശഭക്തി എന്നത് മാതൃരാജ്യത്തോടുള്ള സ്നേഹത്തെ കുറിക്കുന്നു. മറ്റേതെങ്കിലും ദേശത്തിനോ സ്വത്വത്തിനോ അതീതമാണെന്ന ബോധത്തിൽനിന്നല്ല അതുണ്ടാകുന്നത്. സ്വന്തമായ ഒരുതുണ്ട് ഭൂമിയോടുള്ള ഗൃഹാതുരതയിൽ, ജീവിതപരിസരങ്ങളോടുള്ള വൈകാരിക അടുപ്പത്തിൽ, നമ്മുടെ അത്ലറ്റുകൾ ഒളിംപിക്സിൽ മെഡൽ നേടുമ്പോൾ തോന്നുന്ന അഭിമാനത്തിൽ, സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൽ, പരിചിതമായ ഒരു പഴയ ഗാനം കേൾക്കുമ്പോൾ ഈറനണിയുന്ന കണ്ണുകളിൽ, ധരിക്കുന്ന വസ്ത്രത്തിൽ, തനതായ ഭക്ഷണം വിളമ്പുന്നതിൽ, രാജ്യത്തെയും ജനതയെയും സംരക്ഷിക്കുന്ന സൈന്യത്തിന്റെ ധീരതയോടും ആത്മാർഥതയോടുമുള്ള ആദരവിലൊക്കെയും ദേശസ്നേഹം പ്രകടമാണ്. ദേശസ്നേഹമെന്നത് ദേശീയതപോലെ ആശയാധിഷ്ഠിതമല്ല. വിനാശകരമായ രാഷ്ട്രഭക്തിയെ ദേശസ്നേഹം പ്രേത്സാഹിപ്പിക്കുന്നുമില്ല. വ്യക്തിയും ദേശവും പരസ്പരപൂരകങ്ങളാണെന്ന തിരിച്ചറിവിൽ ദേശസ്നേഹി രാജ്യത്തെ അമ്മയെപ്പോലെ കരുതുന്നു. ദേശസ്നേഹി തികവിനായി ശഠിക്കുന്നില്ല. സർക്കാരാണ് എല്ലാം ശരിയാക്കേണ്ടത് എന്ന് വിശ്വസിക്കുന്നുമില്ല. എഴുത്തുകാരൻ ബദ്രി റയ്ന ഇത് വ്യക്തമാക്കുന്നുണ്ട്: 'മറ്റുള്ളവർക്ക് അവരുടെ രാജ്യത്തോടുള്ള വികാരത്തെയും വിലമതിക്കാനുള്ള സ്വാതന്ത്ര്യം ദേശസ്നേഹമെന്ന ആശയം അവശേഷിപ്പിക്കുന്നുണ്ട്. പരിമിതികളെ ഉൾക്കൊള്ളാൻ വീരവാദങ്ങളോ യാഥാർഥ്യവിരുദ്ധമായ അവകാശവാദങ്ങളോ ദേശസ്നേഹിക്ക് തടസ്സമാകുന്നില്ല. എന്നാൽ, ദേശീയത മതവിശ്വാസമെന്നപോലെ, വിമർശനങ്ങൾക്ക് ഇടം നൽകുന്നില്ല. ജീവിതത്തിന്റെ സകല തലങ്ങളിലും മറ്റ് മുഴുവൻ മനുഷ്യരെക്കാൾ, സംസ്കാരങ്ങളെക്കാൾ, ദേശങ്ങ​ളെക്കാളൊക്കെയും മുന്നിലാണ് നമ്മളെന്ന് വിശ്വസിക്കാൻ അത് നിർബന്ധിക്കുന്നു. ദേശസ്നേഹം ബഹുസ്വരത എന്ന മഹത്തായ യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതാണ്. ദേശീയതയാകട്ടെ, നാനാത്വത്തെ നിർമാർജനം ചെയ്ത് ലോകത്തെ എങ്ങനെ സ്വന്തം വിശ്വാസപ്രമാണങ്ങളിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും ചുരുക്കാമെന്നുള്ള അന്വേഷണമാണ്.' മൗലികമായ വ്യത്യാസങ്ങൾ ദേശസ്നേഹികൾ രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറാകുമ്പോൾ ദേശീയവാദികൾ ഭരണകൂടത്തിനുവേണ്ടി കൊലക്കത്തിയെടുക്കും. ദേശീയവാദി വിശ്വസിക്കുന്നതെന്തെന്നാൽ, രാഷ്ട്രവും അതിന്റെ പ്രതീകങ്ങളും ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്തവയാണെന്നാണ്. ദേശസ്നേഹിയെ സംബന്ധിച്ച് രാജ്യത്തോടുള്ള കൂറ് വ്യർഥങ്ങളായ മായാമോഹങ്ങളിൽനിന്ന് ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ ആകർഷണങ്ങളെയും പോരായ്മകളെയും തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നു. കുറവുകൾ തിരുത്തുന്നതിലേക്ക് പരിശ്രമിക്കാനും ദേശസ്നേഹികൾക്ക് മടിയുണ്ടാകില്ല. അതേസമയം ദേശീയവാദികൾ കുറവുകളുണ്ടെന്ന് കേൾക്കാനേ ഇഷ്ടപ്പെടുന്നില്ല. റയ്ന എഴുതുംപോലെ: 'താൻ ജീവിക്കുന്നിടത്തിന്റെ യാഥാർഥ്യങ്ങളോട് ദേശസ്നേഹി പൊരുത്തപ്പെടുന്നു. തന്റെ തെരുവുകൾ മലിനമാണെന്നും നിരത്തുകൾ അലങ്കോലമാണെന്നും ശീലങ്ങൾ ദ്രവിച്ചതാണെന്നും അവർ അംഗീകരിക്കും. തന്റെ സമൂഹം പലപ്പോഴും യുക്തിബോധത്തെ ബാലിശമായി പ്രതിരോധിക്കുന്നുവെന്നും നിയമലംഘനത്തെ ശീലമെന്നമട്ടിൽ മനസ്സിൽ കൊണ്ടുനടക്കുന്നുവെന്നും സമ്മതിക്കും. ഇവിടെ പുരുഷഗർവ് അങ്ങേയറ്റം അരോചകവും അക്രമാസക്തവുമാണെന്ന് അവർക്കറിയാം. ജാതീയതയും വംശീയതയും വർഗീയതയും മനുഷ്യാവകാശങ്ങളുടെയും മാനവികതയുടെയും ആദർശങ്ങൾക്ക് ഹാനികരമാണെന്ന് ദേശസ്നേഹികൾ മനസ്സിലാക്കുന്നു.' മറ്റു രാജ്യങ്ങളിൽ കാര്യങ്ങൾ കൂടുതൽപുരോഗമനപരമാണെന്ന് അറിഞ്ഞുകൊണ്ടും ദേശസ്നേഹികൾ സ്വന്തം രാജ്യത്തിനുവേണ്ടി നിലകൊള്ളും. എല്ലാ അപൂർണതകളോടുംകൂടി സ്വന്തം രാജ്യത്തെ ഇഷ്ടപ്പെടുകയും തിരുത്തലുകൾക്കായി പ്രയത്നിക്കുകയും ചെയ്യുന്നു. ദേശസ്നേഹവും അധികാരവും പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ജോർജ് ഓർവെൽ 1945-ലെ ലേഖനത്തിൽ ദേശസ്നേഹവും ദേശീയതയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്. 'ദേശസ്നേഹംകൊണ്ട് ഞാൻ അർഥമാക്കുന്നത്, ദേശത്തോട്, അവിടെത്തെ ജീവിതരീതിയോടുള്ള ഇഷ്ടമാണ്. ഇതാണ് ലോകത്തെ ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുമ്പോൾതന്നെ മറ്റൊരാളിൽ ഒന്നും അടിച്ചേൽപ്പിക്കാൻ ദേശസ്നേഹി മുതിരുന്നില്ല. ദേശസ്നേഹം പ്രതിരോധാത്മകമാണ്; സാസ്കാരികമായും സൈനികമായും. ദേശീയതയെ അധികാരത്തോടുള്ള അഭിനിവേശത്തിൽനിന്ന് വേർതിരിച്ചറിയാനാവില്ല. ദേശീയവാദികളുടെ ആഗ്രഹം കൂടുതൽ അധികാരവും പ്രശസ്തിയും സ്വാംശീകരിക്കുക എന്നതാണ്. അതുചിലപ്പോൾ വ്യക്തികേന്ദ്രീകൃതമാകണമെന്നില്ല, പക്ഷേ, വ്യക്തിത്വത്തെ മുക്കിക്കൊല്ലുന്ന രാഷ്ട്രസങ്കൽപ്പത്തിനോ സംഘത്തിനോ വേണ്ടിയാകാം.' വീണ്ടെടുക്കണം ദേശീയതയെ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻദേശീയത അതിന്റെ സങ്കല്പത്തിലും പ്രയോഗത്തിലും പ്രസക്തമായ ചില സവിശേഷതകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അതിന്റെ അടിസ്ഥാനസത്തതന്നെ ഇപ്പോൾ കടുത്ത സമ്മർദം നേരിടുകയാണ്. ബ്രിട്ടീഷ് വിരുദ്ധ സമരകാലത്ത് ദേശീയപ്രസ്ഥാനം ദേശീയതാവാദത്തിന്റെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാർ അവരുടെ പുരാതന സംസ്കാരത്തിലേക്ക് മടങ്ങാൻ വെമ്പൽകൊണ്ടു. വൈദേശിക ഏകാധിപത്യത്തിൽനിന്ന് സ്വയംനിയന്ത്രണം ലഭിക്കുന്നതിനായി വാദിച്ചു. സ്വാതന്ത്ര്യത്തിനുശേഷം മതേതര, സ്വതന്ത്ര, ജനാധിപത്യ ഭരണഘടന നിലവിൽവന്നു. പിന്നീട് ഇന്ത്യൻ ദേശീയത പൗരാധിഷ്ഠിത ദേശീയതയുടെ സ്വഭാവത്തിലേക്ക് മാറി. എന്നാൽ, ഇന്ന് ഭരണകേന്ദ്രങ്ങളിൽ ഹിന്ദി-ഹിന്ദുത്വ-ഹിന്ദുസ്ഥാൻ വികാരം ശക്തിപ്പെട്ടതോടെ, 'ഇന്ത്യൻ ദേശീയത' മതപരവും ഭാഷാപരവും സാസ്കാരികവുമായി സങ്കുചിതമാവുകയാണ്. അതിന്റെ അനുവർത്തികളെ മാത്രമാണ് അധികാരകേന്ദ്രങ്ങൾ യഥാർഥ ദേശസ്നേഹികളായി കണക്കാക്കുന്നത്. ഹിന്ദുത്വവാദികളുടെ ആശയഭ്രാന്തിൽനിന്ന് ഇന്ത്യൻ ദേശീയതയെ വീണ്ടെടുക്കേണ്ടതുണ്ട്. ബഹുസ്വരതയിലാണ് ദേശീയനേതാക്കൾ നമ്മുടെ രാജ്യം കെട്ടിപ്പൊക്കിയത്. വൈവിധ്യത്തെ ആഘോഷിക്കുന്ന ഇന്ത്യൻദേശീയ സങ്കല്പത്തോട് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം. എല്ലാത്തിനെയും ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്ന ദേശീയതയ്ക്കുകീഴിൽമാത്രമേ ജാതി, മത, ഭാഷാ ഭേദമെന്യേ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ജീവിക്കാൻ സാധിക്കൂ. Content Highlight: Dr. Shashi Tharoor article Independence Day 2021


from mathrubhumi.latestnews.rssfeed https://ift.tt/2UgIYUs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages