ആറ്റിങ്ങൽ: ''ഞാനെറങ്ങിപ്പോയില്ലെങ്കി ഈ വീട് പട്ടിണിയാണ്. ആറുവയറ് കഴിയണം. ഈ വീട് കണ്ടില്ലേ? മൊത്തം ചോർന്നൊലിക്കുന്നതാണ്. ടാർപ്പോളിൻ വലിച്ചുകെട്ടിയാണ് കിടക്കുന്നത്''. പറയുന്നത് അഞ്ചുതെങ്ങ് പഞ്ചായത്തോഫീസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ അൽഫോൺസിയ (52). ചൊവ്വാഴ്ച ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്തിരുന്ന് മീൻവിൽക്കുമ്പോൾ നഗരസഭാജീവനക്കാരുടെ കൈയേറ്റത്തിന് വിധേയയായ മത്സ്യത്തൊഴിലാളി. കോവിഡ്കാലമായതോടെ ചന്ത തുറക്കാതായി. വഴിയരികിലിരുന്നത് അതുവഴി പോകുന്ന വണ്ടിക്കാരെക്കൂടി മനസ്സിൽ കണ്ടാണ്. ടോൾമുക്കിലെ കച്ചവടംകഴിഞ്ഞ് തെരുവ് ജങ്ഷനിലെത്തി രണ്ടുപേർക്ക് മീൻ നൽകിയപ്പോഴേ നഗരസഭയിൽനിന്ന് ആളെത്തി. മൂന്ന് ചരുവത്തിൽ മീനുണ്ടായിരുന്നതിനാൽ എടുത്തുകൊണ്ട് ഓടാൻ കഴിഞ്ഞില്ല. ഒരു ചരുവമെടുത്ത് തലയിൽവെച്ചപ്പോൾ ജീവനക്കാരിലൊരാൾ ചരുവത്തിൽ പിടിച്ചു അത് താഴെവീണു. ചരുവവും മീനും വലതുകൈയിലിടിച്ചാണ് വീണത്. കൈ ചതഞ്ഞിട്ടുണ്ട്. റോഡിൽവീണ് ഇടതുകൈയ്ക്കും പരിക്കേറ്റു. വലിയവിലകൊടുത്തുവാങ്ങിയ കൊഞ്ച് കൊണ്ടുപോകല്ലേയെന്ന് പറഞ്ഞിട്ടും കേട്ടില്ല. അതുമെടുത്ത് വണ്ടിയിൽ കയറ്റിയപ്പോഴാണ് തടയാൻ ശ്രമിച്ചത്. ആർക്കും ഒരുപദ്രവവുമുണ്ടാക്കാതെയാണ് കച്ചവടം നടത്തിയിരുന്നതെന്ന് അൽഫോൺസിയ പറയുന്നു. കടലോരത്തെ രണ്ടുസെന്റിലുള്ള ചെറിയവീട്ടിലാണ് അൽഫോൺസിയയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് സേവ്യർ രണ്ടുശസ്ത്രക്രിയകഴിഞ്ഞ് വിശ്രമത്തിലാണ്. മക്കളായ സജു, സജൻ, പ്രിൻസി എന്നിവരും പ്രിൻസിയുടെ ഭർത്താവും ഈ വീട്ടിലാണ് കഴിയുന്നത്. കുടുംബത്തിൽ മറ്റാർക്കും വരുമാനമില്ല. മീൻലേലംകൊണ്ട് ആറ്റിങ്ങലിൽ കച്ചവടത്തിനെത്തിക്കുമ്പോൾ മീൻവിലയ്ക്ക് പുറമേ 2000 രൂപ ചെലവുവരും. ഐസിനും വണ്ടിക്കൂലിക്കും ഉൾപ്പെടെയുള്ള ചെലവാണിത്. കോവിഡിനുമുമ്പ് ലേലംകൊണ്ട് മീനെടുത്താൽ അഞ്ചോ ആറോ ദിവസം കഴിഞ്ഞ് പണംകൊടുത്താൽമതിയായിരുന്നു. ഇപ്പോൾ മുഴുവൻ പണവും ആദ്യമേ കൊടുക്കണം. ദിവസച്ചിട്ടിക്ക് പണംകടമെടുത്താണ് മീൻവാങ്ങുന്നത്. ദിവസവും 500 രൂപ ചിട്ടിക്ക് കൊടുക്കണം. രാവിലെ വീട്ടിൽനിന്ന് ചായകുടിച്ചിട്ടുപോയാൽ രാത്രി എട്ടുമണിയോടെ തിരികെയെത്തിയിട്ടാണ് എന്തെങ്കിലും കഴിക്കുന്നത്. ഇടയ്ക്ക് വെറുംചായമാത്രമാണ് ആഹാരം. ഗ്രാമപഞ്ചായത്തധികൃതർ വീട്ടിലെത്തി അൽഫോൺസിയയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതികൊടുത്തിട്ടുണ്ട്. നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. കൈ സുഖപ്പെട്ടാലേ ഇനി കച്ചവടത്തിനിറങ്ങാനാകൂ. അതുവരെ എങ്ങനെ ചെലവുകഴിയുമെന്നറിയില്ല. പലരും വാങ്ങിയ മീനിന്റെ പണംനൽകാനുണ്ട്. ആരും പറ്റിക്കില്ല. ചിലർ ചന്തയിൽ കൊണ്ടുവന്ന് പണംതരും. ആരുടെ കൈയിലും പണമില്ലാത്തതിനാലാണ് തരാൻ വൈകുന്നത്. -അവർ പറഞ്ഞു. Content Highlight: Fish sellerAlphonsiaAttingal
from mathrubhumi.latestnews.rssfeed https://ift.tt/3AzgHIb
via
IFTTT
No comments:
Post a Comment