മാർപ്പാപ്പ സമ്മാനിച്ച ആ ലോറി ഇന്നും കൊല്ലത്ത് നിധിപോലെ ഭദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 13, 2021

മാർപ്പാപ്പ സമ്മാനിച്ച ആ ലോറി ഇന്നും കൊല്ലത്ത് നിധിപോലെ ഭദ്രം

കൊല്ലം : ഡിസംബർ 1964. മുംബൈയിലെ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പോൾ ആറാമൻ മാർപ്പാപ്പ ഇന്ത്യയിലെത്തി. പുറംലോകത്തേക്കു പോകുന്ന ആദ്യ പോപ്പ് എന്നനിലയിൽ ആ വരവ് ചരിത്രത്തിന്റെ ഭാഗമായി. കാരിത്താസ് ഇന്റർനാഷണലിന്റെ സേവനപ്രവർത്തനങ്ങൾക്കുള്ള സമ്മാനമായി അന്ന് അദ്ദേഹം മൂന്ന് ബെൻസ് ലോറികൾ ഇന്ത്യയിലെ വിവിധ രൂപതകൾക്ക് നൽകി. അതിലൊരെണ്ണം കൊല്ലം ബിഷപ്പിന്റെ കീഴിലുള്ള കാരിത്താസിനാണ് ലഭിച്ചത്. വർഷം 57 കഴിഞ്ഞിട്ടും ഇവിടെയുണ്ട് ലോറി. ഓർമകളുടെ ചക്രങ്ങൾക്കൊപ്പം ഓടാൻ തയ്യാറായിത്തന്നെ. മറ്റ് ലോറികളെല്ലാം കാലംകഴിഞ്ഞപ്പോൾ ഉപേക്ഷിച്ചെങ്കിലും കൊല്ലം രൂപതയിലെ മാറിമാറി വന്ന ബിഷപ്പുമാരെല്ലാം പോപ്പിന്റെ സമ്മാനത്തെ പവിത്രതയോടെ കാത്തു. പിന്നീട് ദൈവദാസനായി വാഴ്ത്തപ്പെട്ട ബിഷപ്പ് ജെറോം തിരുമേനിയുടെ കാലത്താണ് ലോറി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്ന സ്റ്റീഫൻ ആയിരുന്നു ആദ്യം ഇതിന്റെ വളയംപിടിച്ചത്. പിന്നീട് യേശുദാസൻ എന്ന ഡ്രൈവറും. കെ.എൽ.ക്യു. 4783 ആണ് നമ്പർ. കാരുണ്യപ്രവർത്തനങ്ങൾക്ക് സാധനസാമഗ്രികൾ കൊണ്ടുപോകാനും രൂപതയുടെ സ്ഥലങ്ങളിൽനിന്ന് തേങ്ങയെടുക്കാനുമെല്ലാമായി ഏറെ ഓടിയിട്ടുണ്ടിവൻ. ഇപ്പോഴും റണ്ണിങ് കണ്ടീഷനാണ്. ലോറിയുടെ പല ഭാഗങ്ങളും കൈകൊണ്ട് നിർമിച്ചവയാണ്. ഇടയ്ക്ക് സ്പെയർ പാർട്‌സുകളും ഇങ്ങനെ ഉണ്ടാക്കാറുണ്ട്. ഇപ്പോൾ റോഡിലിറക്കാറില്ല. സ്റ്റാർട്ട് ചെയ്തുവെക്കും. ബിഷപ്പ് ഹൗസ് വളപ്പിൽത്തന്നെ ഓടിച്ചുനോക്കും. അറ്റകുറ്റപ്പണികളെല്ലാം കൃത്യമായി ചെയ്യും. രൂപഭാവങ്ങളിലൊന്നും വലിയ മാറ്റംവരുത്തിയിട്ടില്ല. സേവന പ്രവർത്തനത്തിനായതുകൊണ്ട് നേരത്തേതന്നെ നികുതി ഒഴിവാക്കിയിരുന്നു. ഇപ്പോൾ ചരിത്രസ്മാരകമായി നിലകൊള്ളുകയാണ്. പോൾ ആറാമന്റെ ഓർമകൾ മാത്രമല്ല, ക്രൈസ്തവസഭകൾ കേരളത്തിനുനൽകിയ സേവനപ്രവർത്തനങ്ങളുടെ ഓർമകൾ കൂടിയുണ്ടീ ലോറിനിറയെ. ‘‘ഇത്തരം വണ്ടികൾ ഇനി സ്ക്രാപ്പ് ആക്കാനാണ് സർക്കാർ നയം. പക്ഷേ, ചരിത്രത്തെ സ്ക്രാപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. മാർപ്പാപ്പയുടെയും ബിഷപ്പ് ജെറോം തിരുമേനിയുടെയുമെല്ലാം ഓർമകളുമായി ഇത് ഇവിടെത്തന്നെയുണ്ടാവും.’’ ഇപ്പോഴത്തെ ബിഷപ്പ് ‍ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2VSYLsW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages