ന്യൂഡൽഹി: കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75 വയസ്സിൽ കൂടാൻ പാടില്ലെന്ന പ്രായപരിധി നടപ്പാക്കാൻ സി.പി.എം. തീരുമാനിച്ചു. നിലവിൽ 80 വയസ്സാണ് പരിധി. പുതിയ തീരുമാനം അടുത്ത പാർട്ടി കോൺഗ്രസിൽ നടപ്പാവും. സമാനമായി സംസ്ഥാനതലങ്ങളിലെ കമ്മിറ്റികളിലും പ്രായപരിധിയിൽ മാറ്റമുണ്ടാവുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. എന്നാൽ, കുറഞ്ഞ പരിധി സംസ്ഥാനങ്ങളിൽ തീരുമാനിക്കാം.പുതിയ പ്രായപരിധിക്കനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രകമ്മിറ്റിയിൽ തുടരാനാവുമോയെന്ന് ചോദിച്ചപ്പോൾ ചിലർക്ക് ഇളവുനൽകുന്ന കാര്യം പാർട്ടി പരിഗണിക്കുമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഇപ്പോൾത്തന്നെ ചില ഇളവുകളുണ്ട്. മുഖ്യമന്ത്രി പോലുള്ള പദവികളിലിരിക്കുന്ന നേതാക്കളുടെ കാര്യത്തിലും അത്തരം പരിഗണനയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നേതൃതലങ്ങളിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പ്രായപരിധി പരിഷ്കരിച്ചത്. ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടികോൺഗ്രസിനു മുന്നോടിയായി കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്രകമ്മിറ്റിയംഗങ്ങൾക്ക് പുതിയ പ്രായപരിധി നിശ്ചയിച്ചുകൊണ്ടുള്ള ശുപാർശ. സംസ്ഥാനകമ്മിറ്റികളിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ 60 വയസ്സിൽ കൂടരുതെന്നാണ് പുതിയ ശുപാർശ. ബംഗാളിൽ ഈ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്.കേന്ദ്രകമ്മിറ്റിയംഗങ്ങൾക്ക് 75 വയസ്സെന്ന പരിധികൂടി വരുന്നതോടെ കേരളത്തിൽനിന്ന് എസ്. രാമചന്ദ്രൻ പിള്ള ഒഴിയേണ്ടി വരും. കഴിഞ്ഞ പാർട്ടികോൺഗ്രസിൽ 80 വയസ്സെന്ന പരിധി പിന്നിട്ടിരുന്ന അദ്ദേഹത്തിന് കേരളഘടകത്തിന്റെ ആവശ്യമനുസരിച്ച് പ്രത്യേകം ഇളവനുവദിക്കുകയായിരുന്നു. ഇപ്പോൾ 75 വയസ്സുള്ള കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ളയും ഒഴിവാക്കപ്പെട്ടേക്കും. ബംഗാളിൽ നിന്നുള്ള ബിമൻബോസാണ് പുറത്താകാൻ സാധ്യതയുള്ള മറ്റൊരു പ്രമുഖൻ. മുൻ ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന് 2023-ലേ 75 തികയൂ. പി.ബി.യംഗം വൃന്ദാ കാരാട്ടിനാവട്ടെ, അടുത്ത വർഷം ഒക്ടോബറിലാണ് 75 വയസ്സാവുക. ഈ സാഹചര്യത്തിൽ കാരാട്ടും വൃന്ദയും കേന്ദ്രകമ്മിറ്റിയിൽ തുടരും.
from mathrubhumi.latestnews.rssfeed https://ift.tt/3jGCxCY
via
IFTTT
No comments:
Post a Comment