കൊച്ചി : വായുവിൽ ഉയർന്നു ചാടി പ്രതിഷേധക്കാരെ നേരിട്ട് വൈറലായിരിക്കുകയാണ് ഷെമീർ. പ്രതിഷേധക്കാരെ തടയുന്ന പോലീസുദ്യോഗസ്ഥൻ ഷെമീറിന്റെ ചിത്രം വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഹിറ്റായത് മിന്നൽവേഗത്തിലാണ്. ശനിയാഴ്ചയാണ് ‘മാതൃഭൂമി’ പത്രത്തിൽ ഷെമീറിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. വിവിധ ഗ്രൂപ്പുകളിൽ ചാടി പറക്കുകയാണ് ചിത്രം. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ്.ഐ.യാണ് ഷെമീർ. പൾസർ സുനിയെ കോടതിയിൽ വെച്ച് കീഴടക്കിയും യുവതിയെ ഫ്ലാറ്റിൽ തടങ്കലിൽവെച്ച് ക്രൂരമായി ആക്രമിച്ച് ഒളിവിൽ കഴിഞ്ഞ മാർട്ടിനെ പിടികൂടിയുമെല്ലാം കഴിവു തെളിയിച്ചയാളാണ് ഷെമീർ.എറണാകുളം ഗസ്റ്റ് ഹൗസിൽ ഗവർണർ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ കെ.എസ്.യു. പ്രവർത്തകരെ തടയാനുള്ള ശ്രമമാണ് വൈറലായത്. എറണാകുളം സെൻട്രൽ എ.സി.പി.യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ബ്രോഡ്‌വേ ഭാഗത്ത് പ്രവർത്തകരുണ്ടെന്ന വിവരത്തെ തുടർന്ന് എ.സി.പി.യുടെയും സി.ഐ.യുടെയും നേതൃത്വത്തിൽ വൻ സംഘം ഇവിടേക്ക് നീങ്ങി. ഗസ്റ്റ് ഹൗസിന്റെ ഒന്നാമത്തെ കവാടത്തിൽ സുരക്ഷയ്ക്ക് ഷെമീറും രണ്ട് പോലീസുകാരും മാത്രം. ഇതിനിടെയാണ് ഒരു കാർ ഗസ്റ്റ് ഹൗസിന് സമീപത്തെത്തിയത്. രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ ഏഴോളം കെ.എസ്.യു. പ്രവർത്തകർ ചാടി പുറത്തിറങ്ങി. നിമിഷനേരംകൊണ്ട് ഗസ്റ്റ് ഹൗസ് കവാടം ലക്ഷ്യമാക്കി പ്രവർത്തകർ പാഞ്ഞടുത്തു. പെൺകുട്ടികൾ അടക്കമുള്ള സംഘത്തെ എന്തു ചെയ്യണമെന്നറിയാതെ പോലീസ് പകച്ചു. മുമ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർ തീർക്കുന്ന മതിൽ കടന്ന് പ്രവർത്തകർ മുന്നോട്ടു പോയാൽ സുരക്ഷാ വീഴ്ചയാകും. രണ്ടും കൽപ്പിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾവല കാക്കുന്ന ഗോളിയായി ഷെമീർ. വായുവിൽ ഉയർന്ന് ചാടിയും ആക്രോശിച്ചും പ്രതിഷേധക്കാരെ തടഞ്ഞു നിർത്താൻ ഷെമീറിനും മറ്റു പോലീസുകാർക്കുമായി. അപ്പോഴേക്കും പിറകിൽ നിന്നുള്ള സംഘമെത്തി പ്രകടനക്കാരെ വളഞ്ഞ് പ്രതിഷേധം ഒതുക്കി.
from mathrubhumi.latestnews.rssfeed https://ift.tt/36HNoq3
via
IFTTT
No comments:
Post a Comment