തിരുവനന്തപുരം: ഇടതുമുന്നണി 99 സീറ്റുമായി മികച്ച വിജയം നേടിയപ്പോഴും തിരുത്തപ്പെടേണ്ട വീഴ്ചകൾ കണ്ടെത്താൻ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകനം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച, ചില മണ്ഡലങ്ങളിലെ പരാജയം, ഘടകകക്ഷികളുടെ പരാതി, നേതാക്കൾ അടക്കമുള്ളവരുടെ നിസ്സഹകരണം അങ്ങനെ വിവിധ കാര്യങ്ങളാണ് സി.പി.എം. പരിശോധിക്കുന്നത്. ഇതിലുള്ള തിരുത്തലും ശുദ്ധീകരണവും നടപടിയും നിശ്ചയിക്കാനുള്ള പാർട്ടി നേതൃയോഗങ്ങൾ തുടങ്ങി. രണ്ടുദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം, രണ്ടുദിവസം സംസ്ഥാനസമിതി യോഗവും നടക്കും. തൃപ്പൂണിത്തുറ, കുണ്ടറ, മൂവാറ്റുപുഴ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവിയുടെ കാരണം സി.പി.എം. പരിശോധിക്കുന്നുണ്ട്. പിറവം, പെരുമ്പാവൂർ സീറ്റുകളിലെ പരാജയം സംബന്ധിച്ച് കേരള കോൺഗ്രസ് (എം) ചില പരാതികൾ ഉന്നയിക്കുന്നുണ്ട്. അടൂരിൽ ഭൂരിപക്ഷം കുറയാനിടയായതിൽ സി.പി.ഐ.ക്കും പരാതിയുണ്ട്. അരുവിക്കര, കുറ്റ്യാടി, അമ്പലപ്പുഴ മണ്ഡലങ്ങളിൽ പാർട്ടിയിലുണ്ടായ വിമത സ്വരങ്ങളാണ് മറ്റൊന്ന്. ഇതിൽ ചില അച്ചടക്കനടപടിയിലേക്ക് സംസ്ഥാനസമിതി കടന്നേക്കും.ജയിച്ചിട്ടും പരാതിയുയർന്ന മണ്ഡലങ്ങളുമുണ്ട്. നെന്മാറ, ഒറ്റപ്പാലം എന്നിവ. പാർട്ടിക്കുള്ളിൽനിന്നുള്ളവർ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി ഈ മണ്ഡലങ്ങളിൽനിന്നുള്ള എം.എൽ.എ.മാർ തന്നെയാണ് ഉന്നയിച്ചിട്ടുള്ളത്.ഓരോ ജില്ലാ കമ്മിറ്റിയും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തിട്ടുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റിനു കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളാണ് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് യോഗം പരിശോധിച്ചത്. ഇത് ബുധനാഴ്ചയും തുടരും. ഇതിനുശേഷം തയ്യാറാക്കുന്ന റിപ്പോർട്ടായിരിക്കും സംസ്ഥാനസമിതിയിൽ അവതരിപ്പിക്കുക.‘ദൈവനാമത്തിൽ’ തിരുത്തലുണ്ടാകുമോ?ദൈവനാമത്തിൽ സത്യപ്രതിജ്ഞചെയ്ത പാർട്ടി എം.എൽ.എ.മാരോട് സി.പി.എം. എന്തു നിലപാട് സ്വീകരിക്കുമെന്നതും സംസ്ഥാനസമിതിയിൽ വ്യക്തമാകും. മന്ത്രി വീണാ ജോർജ്, ദലീമ, ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ വീണാ ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. 2006-ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാർട്ടി എം.എൽ.എ.മാരെ സി.പി.എം. ശാസിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2UvUXgz
via
IFTTT
No comments:
Post a Comment