മലപ്പുറം : രാജ്യത്തെ ഏറ്റവുംവലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനത്തിനു തയ്യാറായി. അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കേന്ദ്രം ശനിയാഴ്ച 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിക്കും. 10 കോടി രൂപ ചെലവിൽ വി.പി.എസ്.-റീ ബിൽഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനർനിർമിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യസേവന ദാതാക്കളിൽ പ്രമുഖരായ ‘വി.പി.എസ്. ഹെൽത്ത് കെയറാ’ണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. 2018-ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നപ്പോൾ സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. മിനി ഓപ്പറേഷൻ തീയേറ്ററുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള 10 നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും പ്രവർത്തന സജ്ജമാണ്.ഇതുസംബന്ധിച്ചുനടന്ന പത്രസമ്മേളനത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ., ഡി.എം.ഒ. ഡോ. കെ. സക്കീന, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്‌മാൻ, ഹാഫിസ് അലി പുള്ളാട്ട് തുടങ്ങിയവർ പങ്കെടുത്തു.സൗകര്യങ്ങൾഓപ്പൺ ജിം, ഫാർമസി, കാത്തിരിപ്പുകേന്ദ്രം, ക്ലിനിക്കുകൾ, പ്രീ-ചെക്കപ്പ് റൂമുകൾ, അത്യാഹിത റൂം, കഫറ്റീരിയ, കുട്ടികൾക്കുള്ള കളിസ്ഥലം, ഔട്ട് പേഷ്യന്റ് മുറികൾ, ദന്ത ക്ലിനിക്, ലബോറട്ടറി, സമ്മേളന ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വാക്സിനേഷൻ സെന്റർ, മെഡിസിൻ സ്റ്റോർ, വാക്‌സിൻ സ്റ്റോർ, മാതൃ-ശിശു മുറി പരിചരണം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3kBevvk
via
IFTTT
No comments:
Post a Comment