ചെന്നൈ: ഒന്നാം ക്ലാസിൽ പഠിപ്പുനിർത്തിയ ലോകനാഥന് (68) മണ്ണു നൽകിയ പാഠം അധ്വാനത്തിന്റേതാണ്. മകൻ കേന്ദ്രമന്ത്രിപദത്തിലെത്തിയപ്പോഴും അദ്ദേഹം അതുമറന്നില്ല. വയലിൽ കളപറിക്കാൻ ഇറങ്ങാൻ വരുദമ്മാളിനും (59) മകന്റെ വി.ഐ.പി.പദവി തടസ്സമല്ല. തമിഴ്നാട്ടിൽനിന്നുള്ള ഏക കേന്ദ്രമന്ത്രി എൽ. മുരുകന്റെ മാതാപിതാക്കളായ ലോകനാഥനും വരുദമ്മാളും ഇപ്പോഴും ജീവിക്കുന്നത് കൃഷിപ്പണിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ. മകൻ വലിയ പദവിയിലെത്തിയതിന്റെ പേരിൽ തങ്ങളുടെ അധ്വാനത്തിന്റെ മഹത്ത്വം കുറയില്ലെന്നാണ് ഇവരുടെ പക്ഷം. പത്തുദിവസം മുമ്പ് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന എൽ. മുരുകന് സഹമന്ത്രിസ്ഥാനം ലഭിച്ചത്. സംസ്ഥാനത്തെ ഏക കേന്ദ്രമന്ത്രി എന്ന നിലയിൽ മുരുകന്റെ സ്ഥാനലബ്ധി തമിഴകം വലിയ ആഘോഷമാക്കിയപ്പോഴും മാതാപിതാക്കൾ ജീവിതരീതിയിൽ മാറ്റം വരുത്തിയില്ല. കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചതിനുശേഷം മുരുകൻ മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷപദവിയെക്കാൾ വലുതാണോ കേന്ദ്രമന്ത്രിസ്ഥാനം എന്നായിരുന്നു ഇവർ മകനോട് ചോദിച്ചത്. മകൻ കേന്ദ്രമന്ത്രിയായതോടെ ഇനി പണിക്കുവരുമോയെന്ന് ചോദിച്ചവരോടൊക്കെ മേലനങ്ങാതെ ജീവിക്കാൻ കഴിയില്ലെന്നായിരുന്നു ലോകനാഥന്റെ മറുപടി. ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട അരുദ്ധതിയാർ സമുദായത്തിൽപ്പെട്ട മുരുകൻ ജനിച്ചത് നാമക്കൽ ജില്ലയിലെ കോനൂർ ഗ്രാമത്തിലാണ്. പഠനത്തിൽ മികവു കാട്ടിയ മുരുകൻ അഭിഭാഷകനാകണമെന്ന ആഗ്രഹത്തോടെ ചെന്നൈയിലേക്ക് വണ്ടികയറിയതിനുശേഷം സ്വന്തം ഗ്രാമത്തിൽ അധികനാൾ താമസിച്ചിട്ടില്ല. മകന്റെ നേട്ടങ്ങളൊക്കെയും സ്വന്തം പ്രയത്നഫലമാണെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ലോകനാഥനും വരുദമ്മാളിനും രണ്ട് മക്കളായിരുന്നു. രണ്ടാമത്തെ മകൻ രാമസാമി 2016-ൽ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശാന്തിയും മൂന്നുമക്കളും ലോകനാഥനും വരുദമ്മാളിനും ഒപ്പമാണ് താമസം. ആസ്ബെസ്റ്റോസ് ഷീറ്റിട്ട ചെറിയ ഒരുവീട്ടിലാണ് ഇവർ താമസിക്കുന്നത്. പ്രായമായതിനാൽ ചെന്നൈയിൽ തനിക്കൊപ്പം വന്നുതാമസിക്കാൻ മുരുകൻ നിർബന്ധിച്ചിട്ടും മാതാപിതാക്കൾ സ്നേഹപൂർവം അത് നിരസിക്കുകയായിരുന്നു. ആറു മാസത്തിലൊരിക്കൽ മുരുകന്റെ അടുത്തെത്തുന്ന ഇവർ നാലുദിവസത്തിൽക്കൂടുതൽ ഇവിടെ താമസിക്കില്ല. നഗരത്തിലെ വീട്ടിലെ നാല് ചുമരുകൾക്കുള്ളിലുള്ള ജീവിതം തങ്ങൾക്ക് ചേരില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. മകൻ എത്ര ഉന്നതസ്ഥാനത്ത് എത്തിയാലും ആരോഗ്യമുള്ളിടത്തോളം കാലം സ്വന്തമായി ജോലിചെയ്ത് ജീവിക്കാനുള്ള തീരുമാനത്തിലും മാറ്റമില്ലെന്ന് ഇവർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3hKWI2G
via
IFTTT
No comments:
Post a Comment