തിരുവനന്തപുരം: തറവില പ്രഖ്യാപിച്ച് പത്തുമാസമായിട്ടും പച്ചക്കറികളുൾപ്പെടെ കാർഷിക വിഭവങ്ങൾ ഏറ്റെടുക്കാൻപോലും ആളില്ലാതെ കർഷകർ നട്ടംതിരിയുന്നു. ആദ്യലോക്ഡൗണിൽ പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും അല്ലാതെയും നാടാകെ കൃഷിക്കിറങ്ങിയെങ്കിലും കാർഷികോത്പന്നങ്ങളിൽ പലതിനും നേരത്തേയുണ്ടായിരുന്നതിന്റെ പാതി വിലപോലും ലഭിക്കുന്നില്ല. മരച്ചീനിയും വാഴയുമാണ് ഏറെ പ്രതിസന്ധിയിലായത്. ഉത്പാദനം ഉയരുകയും കടകൾ അടയുകയും ചെയ്തതോടെ വിപണി കൂപ്പുകുത്തി. പല ജില്ലകളിലും ഉത്പാദനച്ചെലവുപോലും ലഭിക്കാതെ പത്തുരൂപയിൽ കുറഞ്ഞാണ് കർഷകർ മരച്ചീനി വിറ്റഴിക്കുന്നത്. 15 രൂപ തറവില നിശ്ചയിച്ചിട്ടുള്ള കൈതച്ചക്കയ്ക്ക് മൂവാറ്റുപുഴ വാഴക്കുളം മാർക്കറ്റിൽ ഈ സീസണിൽ ഒരുഘട്ടത്തിൽ 12 വരെ താണിരുന്നു. കിലോയ്ക്ക് 24 രൂപ തറവില നിശ്ചയിച്ചിട്ടുള്ള വയനാടൻ നേന്ത്രക്കുലയ്ക്ക് 30 രൂപവരെ ലഭിക്കുന്നുണ്ടെന്നതാണ് ആശ്വാസം. പതിനാറിനം പച്ചക്കറികൾക്കാണ് ഒക്ടോബറിൽ കൃഷിവകുപ്പ് തറവില പ്രഖ്യാപിച്ചത്. മൂന്നുകോടി രൂപയും ഇതിനായി നീക്കിവെച്ചിരുന്നു. കളക്ടർ അധ്യക്ഷനായ ജില്ലാതലസമിതി വിപണി വില നിശ്ചയിക്കുകയും അതനുസരിച്ച് സഹകരണസംഘങ്ങൾ, ഹോർട്ടികോർപ്പ് തുടങ്ങിയ ഏജൻസികൾവഴി സംഭരിച്ച് വിറ്റഴിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. വിപണിവില താഴെപ്പോയാൽ തറവിലയ്ക്ക് സംഭരണ ഏജൻസികൾ ഉത്പന്നങ്ങൾ സംഭരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ പലയിടത്തും സംഭരണ ഏജൻസികളെപ്പോലും നിയോഗിക്കാനായില്ല. സഹകരണ സംഘങ്ങളിൽ പലരുടെയും അപേക്ഷകൾ കൃഷിവകുപ്പുതന്നെ മുളയിലേ നുള്ളി. ശീതീകരണ സംവിധാനങ്ങളും വിപണന ശൃംഖലയുമില്ലെന്നതാണ് പ്രധാന പ്രശ്നം. മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും ഫലവത്തായില്ല. മന്ത്രിക്കും കിട്ടിയില്ല താങ്ങുവില മന്ത്രി കെ. രാധാകൃഷ്ണന്റെ കപ്പക്കൃഷി വിളവെടുപ്പും വിലയും സംബന്ധിച്ച് മുൻ ധനമന്ത്രി തോമസ് ഐസകിന്റെ കുറിപ്പ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാണ്. കുറിപ്പിലെ ഒരുഭാഗം ഇങ്ങനെ: 'രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഒരു ചെറുസംഘം സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷി ചെയ്തത്. മുഴുവൻ കപ്പയാണ് നട്ടത്. വിളവെടുത്തപ്പോഴേക്കും ലോക്ഡൗണായി. കിലോയ്ക്ക് എട്ടുരൂപയ്ക്ക് വിൽക്കേണ്ടിവന്നു. വാട്ടുകപ്പയാക്കി വിൽക്കാൻ നോക്കി. എന്നിട്ടും നഷ്ടം തന്നെ. എനിക്ക് ഇത് മനസ്സിലാകുന്നില്ല. 12 രൂപ മിനിമംവില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽക്കണം. സംഘത്തിന് നഷ്ടംവന്നാൽ അഞ്ചുലക്ഷം രൂപ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കും. ഹോർട്ടികോർപ്പും സംഭരണ രംഗത്തുണ്ട്. അവരുടെ നഷ്ടം സർക്കാർ നികത്തും. ചേലക്കരയിൽ എന്തുസംഭവിച്ചുവെന്ന് പുതിയ കൃഷിമന്ത്രി അന്വേഷിക്കണം. തറവില സ്കീം നടപ്പാക്കുന്നതിന് മുൻഗണന നൽകിയാൽ കൃഷിക്കാർ സ്വയം പച്ചക്കറി നട്ടോളും'.
from mathrubhumi.latestnews.rssfeed https://ift.tt/3AZIsuO
via
IFTTT
No comments:
Post a Comment