ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരേ ലോക്‌സഭയിലും രാജ്യസഭയിലും റഫാൽ അഴിമതി ഉൾപ്പെടെയുള്ള 23 വിഷയങ്ങൾ ഉയർത്താൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് തന്ത്രപ്രധാന സമിതിയോഗ തീരുമാനം. സമ്മേളനത്തിൽ 19 ദിവസങ്ങൾമാത്രമേ ലഭിക്കൂ എന്നതിനാൽ വിഷയങ്ങൾ പ്രാധാന്യക്രമത്തിൽ അവതരിപ്പിക്കാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിർദേശിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിഷയങ്ങൾ അവതരിപ്പിച്ചു. എല്ലാ പ്രതിപക്ഷ കക്ഷികളെയും യോജിപ്പിച്ച് പോരാട്ടം നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. തൃണമൂൽ കോൺഗ്രസിനെ ഉൾപ്പെടുത്തി പോരാട്ടം ശക്തമാക്കേണ്ടതിനാൽ തൃണമൂലിന്റെ കണ്ണിലെ കരടായ അധീർ രഞ്ജൻ ചൗധരിയെ കക്ഷി നേതൃസ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനം സോണിയക്ക് വിട്ടു. രാഹുൽതന്നെ സ്ഥാനം ഏറ്റെടുക്കാൻ സമ്മർദമുയരുന്നുണ്ട്.കശ്മീരിലെ ഡ്രോൺ ആക്രമണം, ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. ജി.എസ്.ടി. വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാത്തത്, തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കനാട് സംസ്ഥാനം രൂപവത്കരിക്കാനുള്ള നീക്കം, ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങൾ, പ്രവാസികൾ തിരികെപ്പോകാനാവാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രശ്നങ്ങൾ എന്നിവയും ഉന്നയിക്കും.യോഗത്തിൽ അധീർ രഞ്ജൻ ചൗധരി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആനന്ദ് ശർമ തുടങ്ങിയവരും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3iaUybH
via
IFTTT
No comments:
Post a Comment