സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു അരുണിമ (യഥാർഥ പേരല്ല). പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടുനിന്നവൾ. ഒരു സാധാരണ കുടുംബത്തിൽനിന്നുള്ള പെൺകുട്ടി. കോവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈനായതോടെയാണ് അരുണിമയ്ക്ക് മാതാപിതാക്കൾ ഒരു സ്മാർട്ട്ഫോൺ വാങ്ങി നൽകിയത്. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ ബുദ്ധിമുട്ടു നേരിടരുതെന്നും അവർ കരുതിയിരുന്നു. സ്മാർട്ട്ഫോണും ഇന്റർനെറ്റും കൈപ്പിടിയിലെത്തിയതോടെ അവൾ പുതുതലമുറയുടെ ആവേശമായ ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നു. പക്ഷേ, ആ പതിനാറുകാരിയെ അവിടെ കാത്തിരുന്നത് വൻകെണിയായിരുന്നു. കോളേജ് വിദ്യാർഥിയെന്ന വ്യാജേന അവളോട് അടുപ്പം സ്ഥാപിച്ചത് കൊച്ചിയിലെ നാൽപ്പത്തഞ്ചുകാരൻ. സൗഹൃദം പ്രണയത്തിലേക്കും നഗ്നചിത്രങ്ങൾക്ക് വേണ്ടിയുള്ള ഭീഷണിയിലേക്കും വഴിമാറിയതോടെ കാര്യങ്ങൾ കൈവിട്ടു. ഒടുവിൽ കാമുകൻ തന്നെ തന്ത്രപൂർവം ഒഴിവാക്കാൻ ശ്രമിച്ചതും അയാൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതും അരുണിമയുടെ മനസിനെ പിടിച്ചുലച്ചു. അവൾ ജീവനൊടുക്കി. അരുണിമയുടെ മരണത്തിന് പിന്നാലെയാണ് അവളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ അരുണിമയുടെ കാമുകനായ കോളേജ് വിദ്യാർഥി കൊച്ചിയിലെ നാൽപ്പത്തഞ്ചുകാരനായ ദിലീപ്കുമാർ എന്നയാളാണെന്ന് കണ്ടെത്തിയതോടെ പോലീസും ഞെട്ടി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. യുവാക്കളായ പലരുടെയും ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഈ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നത്. അരുണിമയുമായി ബന്ധം സ്ഥാപിച്ച അക്കൗണ്ടിൽ തന്റെ ബന്ധുവായ യുവാവിന്റെ ചിത്രങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഓൺലൈൻ വഴി അടുപ്പം സ്ഥാപിച്ച് പെൺകുട്ടികളുമായി അശ്ലീലചാറ്റുകളും നഗ്നചിത്രങ്ങൾ സ്വന്തമാക്കുകയുമായിരുന്നു ഇയാളുടെ രീതി. പക്ഷേ, ഇയാളുടെ വ്യാജ ഇൻസ്റ്റഗ്രാം കെണിയിൽവീണ ഒരു പെൺകുട്ടിയുടെ ജീവനാണ് പൊലിഞ്ഞത്. മരിക്കുന്നതുവരെയും തന്റെ കാമുകൻ വ്യാജനാണെന്നും തന്റെ രണ്ടിരട്ടി പ്രായമുള്ള ആളാണെന്നും ആ പെൺകുട്ടി അറിഞ്ഞതുപോലുമില്ല. കൊച്ചിയിലെ കോളേജ് വിദ്യാർഥി, അച്ഛൻ ബാങ്ക് മാനേജർ കൊച്ചിയിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിയാണെന്നും അച്ഛൻ ബാങ്ക് മാനേജരാണെന്നും അമ്മ പി.ഡബ്യൂ.ഡി. ഉദ്യോഗസ്ഥയാണെന്നുമാണ് നാൽപ്പത്തഞ്ചുകാരൻ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. ഇയാളുടെ സ്നേഹസല്ലാപത്തിൽ വീണുപോയ കുട്ടി ഇതെല്ലാം വിശ്വസിച്ചു. സ്നേഹത്തോടെ കണ്ണേട്ടൻ എന്ന് കാമുകനെ വിളിച്ചു. കുട്ടിയുടെ മരണശേഷം ഫോൺ പരിശോധിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പിലേക്ക് ചാലിശ്ശേരി പോലീസിന്റെ അന്വേഷണം എത്തിയത്. ഏറെ സംഭവബഹുലമായിരുന്നു ആ അന്വേഷണം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം, വാട്സാപ്പ് അക്കൗണ്ടുകളിൽനിന്ന് മൂവായിരത്തോളം സന്ദേശങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഒരു നമ്പറിലേക്കുള്ള ഫോൺകോൾ വിവരങ്ങളും കിട്ടി. എന്നാൽ ഈ സിംകാർഡ് എറണാകുളത്തെ ഒരു സ്ത്രീയുടെ പേരിലായിരുന്നു. Photo: AFP ഇവരെ കണ്ടെത്താൻ എറണാകുളത്തെ വിലാസത്തിൽ അന്വേഷണം നടത്തിയെങ്കിലും ഇവർ അവിടെനിന്ന് താമസം മാറിയതിനാൽ ഫലമുണ്ടായില്ല. ഈ സ്ത്രീയുടെ മകനായിരിക്കും കുട്ടിയുമായി പ്രണയത്തിലായത് എന്നായിരുന്നു പോലീസിന്റെ വിശ്വാസം. പക്ഷേ, പെൺകുട്ടിയുടെ ഫോണിൽനിന്ന് മറ്റൊരു നമ്പറിലേക്കുള്ള ഫോൺവിളികളും ഇതിനിടെ പോലീസ് പരിശോധിച്ചു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു ഇത്. അന്വേഷണവുമായി പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയപ്പോൾ തന്നെ ഭാര്യയ്ക്ക് കാര്യം പിടികിട്ടി. പെണ്ണുകേസാണോ സാറേ എന്നായിരുന്നു ഇവരുടെ ചോദ്യം. ഒരു കടയിലെ ജീവനക്കാരനായ ഭർത്താവ് മുഴുവൻ സമയവും ഫോണിലാണെന്നും ചാറ്റിങ്ങാണെന്നും ഇവർ പോലീസിനോട് തുറന്നുപറഞ്ഞു. രാത്രി മുഴുവൻ ചാറ്റിങ്ങായിരുന്നു ഇയാളുടെ വിനോദം. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഭാര്യ വെളിപ്പെടുത്തി. എന്തായാലും വീട്ടിൽ കാത്തിരുന്ന പോലീസ് സംഘം ഇയാളെ കൈയോടെ പിടികൂടി. പ്രാഥമിക ചോദ്യംചെയ്യലിൽതന്നെ കാമുകൻ താനാണെന്നും ഇൻസ്റ്റഗ്രാമിലേത് വ്യാജ അക്കൗണ്ടാണെന്നും പ്രതി സമ്മതിച്ചു. സിം ഉടമ കൂട്ടുകാരിയെന്ന്, സംശയം തീരുന്നില്ല ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയിൽനിന്ന് നഗ്നചിത്രങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ചാറ്റിങ്ങിന് പുറമേ ഇടയ്ക്ക് ഫോൺവിളിയും ഉണ്ടായിരുന്നു. കൂട്ടുകാരിയുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചാണ് കുട്ടിയെ വിളിച്ചതെന്നും ഇയാൾ പറഞ്ഞു. ഇടയ്ക്ക് ഈ സ്ത്രീയെ കൊണ്ടും കുട്ടിയെ വിളിപ്പിച്ചിരുന്നു. തന്റെ അമ്മയാണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. വിവാഹം ആലോചിക്കാൻ വരുമെന്നും ഇവർ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. എന്നാൽ, പ്രതിയുടെ സുഹൃത്തായ സ്ത്രീ ഇതെല്ലാം പോലീസിനോട് നിഷേധിക്കുകയാണ് ചെയ്തത്. പ്രതിയെ പരിചയമുണ്ടെന്നും സിം കാർഡ് നൽകിയിട്ടുണ്ടെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരുകാര്യവും തനിക്കറിയില്ലെന്നാണ് ഇവരുടെ നിലപാട്. ഇവരെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഭീഷണിക്ക് വഴങ്ങാതിരുന്നതോടെ ആത്മഹത്യാനാടകം പെൺകുട്ടിയുമായി വ്യാജ അക്കൗണ്ടിലൂടെ അടുപ്പം സ്ഥാപിച്ച ഇയാൾ നിരവധി നഗ്നചിത്രങ്ങളാണ് കുട്ടിയിൽനിന്നു സ്വന്തമാക്കിയിരുന്നത്. പ്രണയത്തിന്റെ പേരിൽ പെൺകുട്ടി ചിത്രങ്ങളെല്ലാം അയച്ചുകൊടുക്കുകയും ചെയ്തു. ഇടയ്ക്ക് പെൺകുട്ടി ഇതിന് തയ്യാറാകാതിരുന്നതോടെ കാമുകൻ ഭീഷണിപ്പെടുത്തലും ആരംഭിച്ചു. പക്ഷേ, പെൺകുട്ടി വീണ്ടും വിസമ്മതിച്ചതോടെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായി ഇയാളുടെ ചിന്ത. ഇതിനായി മറ്റൊരു കഥയും അവതരിപ്പിച്ചു. കോളേജിൽ മദ്യപിച്ചതിന് തന്നെ പിടിച്ചെന്നും കോളേജിൽനിന്ന് പുറത്താക്കിയെന്നും ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. വീട്ടിലാകെ നാണക്കേടായതിനാൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു. പിന്നാലെ ഫോൺ സ്വിച്ച് ഓഫാക്കി. തന്റെ പ്രിയതമൻ ജീവനൊടുക്കിയെന്ന് കരുതി തൊട്ടുപിന്നാലെ പതിനാറുകാരിയും ജീവിതം അവസാനിപ്പിക്കുകയായിരുന്നു. കഥ നേരത്തെയും, സ്ഥിരം കേന്ദ്രം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഓൺലൈൻ പ്രണയിനികളുടെയും വ്യാജകാമുകന്മാരുടെയും സ്ഥിരം സങ്കേതമായിരുന്നു ഒരുകാലത്ത് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. ഓൺലൈനിലൂടെയും ഫോൺ വിളിയിലൂടെയും പരിചയപ്പെടുന്ന പലരും ആദ്യമായി കണ്ടുമുട്ടാൻ തിരഞ്ഞെടുക്കുന്ന സ്ഥലമായിരുന്നു കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. ഇവിടെയെത്തി കാമുകനെ കാണാതെ നിരാശരായി മടങ്ങിയവരും കാമുകനെ നേരിട്ടു കണ്ട് ഞെട്ടി മടങ്ങിയവരുമുണ്ട്. ഫെയ്സ്ബുക്ക് കാമുകൻ അവഗണിക്കുന്നതിൽ മനം നൊന്ത് റെയിൽവേ ട്രാക്കിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമുണ്ടായി. ഹായ് എന്നെ ഓർമ്മയുണ്ടോ, സ്കൂളിൽ ജൂനിയറായിരുന്നു... യുവതിയുടെ സന്ദേശത്തിൽ യുവാവ് വീണു. യുവതിയുടെ ക്ഷണപ്രകാരം ലോഡ്ജിലെത്തി ബിയറും കുടിച്ചു. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോഴാണ് തനിക്ക് സംഭവിച്ച അമളിയും നഷ്ടവും യുവാവിന് മനസിലായത്. ചെങ്ങന്നൂരിൽ നടന്ന ആ സംഭവത്തെക്കുറിച്ച് നാളെ. (തുടരും)
from mathrubhumi.latestnews.rssfeed https://ift.tt/3kFXmAE
via
IFTTT
No comments:
Post a Comment