കണ്ണൂർ:മരച്ചീനിയിൽനിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം (എത്തനോൾ) ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം മൂന്നരപ്പതിറ്റാണ്ടുമുൻപുതന്നെ കേരളത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെങ്കിലും സാധ്യതാപഠനം മുന്നോട്ടുപോയില്ല. 1983-ൽ തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണകേന്ദ്രത്തിലെ (സി.ടി.സി.ആർ.ഐ.) ശാസ്ത്രജ്ഞരാണ് മരച്ചീനിയിൽനിന്ന് ആൽക്കഹോൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പാറ്റന്റ് നേടിയത്. അടുത്തിടെ, പ്രത്യേകതരം എൻസൈം ഉപയോഗിച്ച് കൂടുതൽ അളവിൽ എത്തനോൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചു. എന്നാൽ, ഇത്തരത്തിലുള്ള ഒരു പദ്ധതി സാമ്പത്തികമായി വിജയിക്കുമോ എന്നത് സംബന്ധിച്ച് ഒരു പഠനവും നടത്തിയില്ല. പുതിയ സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിൽ മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുകയും അതുവഴി കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യാമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പരാമർശമാണ് ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയത്. 2030-ഓടെ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 20 ശതമാനം ജൈവ ഇന്ധനമായിരിക്കണമെന്ന് കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്നു. നിലവിൽ അഞ്ചുശതമാനം ഉപയോഗിക്കുന്നുണ്ട്. കാർബൺ പ്രസരണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയിൽ സ്പിരിറ്റ് നിർമാണത്തിന് മരച്ചീനി ഇതുവരെ ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെങ്കിലും ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇതിനായി മരച്ചീനി വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. മരച്ചീനി ഉപയോഗിച്ച് എത്തനോൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുകയും പഠനത്തിലൂടെ സാമ്പത്തിക സാധ്യതകൾ പരിശോധിക്കുകയും വേണമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സജീവ് പറഞ്ഞു. ഇന്ത്യയിൽ സ്പിരിറ്റ് നിർമാണത്തിന് പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസ് ആണ് ഉപയോഗിക്കുന്നത്. മദ്യം നിർമിക്കാൻ മാത്രമല്ല, ആശുപത്രികളിലും വ്യവസായത്തിനും വൻതോതിൽ സ്പിരിറ്റ് വേണം-ഡോ. സജീവ് പറഞ്ഞു. നാലുകിലോ മരച്ചീനിയിൽനിന്ന് ഒരുകിലോ സ്റ്റാർച്ചുണ്ടാക്കാം. ഒരുകിലോ സ്റ്റാർച്ചിൽനിന്ന് 600 മില്ലിലിറ്റർ ആൽക്കഹോളും. ഇന്ത്യയിൽ കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്നതും സംസ്കരിക്കുന്നതും തമിഴ്നാട്ടിലാണ്. കേരളത്തിൽ ഭക്ഷ്യാവശ്യത്തിനാണ് മരച്ചീനി ഉത്പാദിപ്പിക്കുന്നതെങ്കിൽ തമിഴ്നാട്ടിൽ വ്യാവസായികാവശ്യത്തിനാണ്. നൂഡിൽസ് പോലെയുള്ള വിവിധ ഭക്ഷണസാധനങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റാർച്ച്, പശ, കാലിത്തീറ്റ എന്നിവയാണ് തമിഴ്നാട്ടിൽനിന്ന് ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ഉത്പാദനക്ഷമതയും കൂടുതലാണ്. കേരളത്തിൽ ഒരു ഹെക്ടറിൽനിന്ന് ശരാശരി 35 ടൺ ലഭിക്കുമ്പോൾ തമിഴ്നാട്ടിൽ 40-45 ടൺ ലഭിക്കുന്നു. കൂടുതൽ പഠനം നടത്തും-ധനമന്ത്രി മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ആദായകരമായി ഉത്പാദിപ്പിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.കൃഷിയെ കൂടുതൽ ലാഭകരമാക്കുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. മരച്ചീനികൊണ്ട് സ്റ്റാർച്ച്, സ്പിരിറ്റ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുണ്ടാക്കാം. സ്പിരിറ്റ് മദ്യം ഉണ്ടാക്കാൻ മാത്രമല്ല, മറ്റ് വ്യാവസായരംഗത്തും ആരോഗ്യരംഗത്തും ആവശ്യമാണ്. ഇക്കാര്യമാണ് ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3pN8pby
via
IFTTT
No comments:
Post a Comment