കോഴിക്കോട്: കോവിഡ് എല്ലാ തൊഴിൽമേഖലയേയും തളർത്തിയപ്പോഴും കലൈശെൽവി തളർന്നില്ല. കലൈശെൽവി അതൊരു അവസരമാക്കി. തെങ്ങ് കയറാൻ ഒരു വിളിപ്പുറത്ത് ഇപ്പോൾ കലൈശെൽവിയുണ്ട്, തന്റെ മോപ്പെഡിൽ തെങ്ങുകയറ്റയന്ത്രവുമായി. കോവിഡ് രണ്ടാംതരംഗവും തുടർന്ന് ലോക്ഡൗണുമെത്തിയതോടെയാണ് തെങ്ങുകയറ്റത്തിന് ആളെ കിട്ടാൻ പ്രയാസമായത്. ഇതിനിടെ നേരത്തേ മഴയെത്തിയതോടെ തെങ്ങിലെ വഴുക്കു പേടിച്ച് പലരും ജോലി നിർത്തി. ഇത് തനിക്ക് അനുഗ്രഹമായെന്ന് കലൈശെൽവി പറയുന്നു. നാട്ടിൽ പോയ ഭർത്താവും മകളും ലോക്ഡൗണിൽ അവിടെ കുടുങ്ങി. എങ്കിലും ഇതൊന്നും കൂസാതെ കലൈശെൽവി പണിക്കിറങ്ങും. അതുകൊണ്ടുതന്നെ മഹാമാരിക്കാലം നിത്യവേതനക്കാർക്ക് ദുരിതകാലമായപ്പോഴും കലൈശെൽവിക്ക് എന്നും പണിയുണ്ട്. മഴയെ കൂസാതെ തെങ്ങുകൾ കയറി തേങ്ങയിടും, മടലും കൊതുമ്പും വെട്ടിമാറ്റി തെങ്ങിൻതല വൃത്തിയാക്കും. ദിവസവും 20 തെങ്ങുകളിലെങ്കിലും കയറും. ഒരു തെങ്ങിന് 60 രൂപയാണ് കൂലി. 1200 രൂപയായാൽ പണി നിർത്തും. ചിന്നസേലം കള്ളക്കുറിശ്ശിയിൽ നിന്ന് 11 വർഷം മുമ്പാണ് ഭർത്താവ് കണ്ണനൊപ്പം കൂലിപ്പണിക്കായി ഇവർ കോഴിക്കോട്ടെ ചേവരമ്പലത്തെത്തുന്നത്. നാലു വർഷക്കാലം കൂലിപ്പണിയും വീട്ടുജോലികളും ചെയ്തു. ചേവായൂരിലെ ഒരു വീട്ടിൽ ജോലി ചെയ്യുമ്പോഴാണ് അടുത്ത പറമ്പിൽ യന്ത്രമുപയോഗിച്ച് തെങ്ങ് കയറുന്നത് കാണുന്നത്. അതോടെ തെങ്ങുകയറ്റം പഠിക്കുന്നതിനെക്കുറിച്ചായി ചിന്ത. ബാലുശ്ശേരിയിൽ പോയി 2800 രൂപയ്ക്ക് തെങ്ങുകയറ്റയന്ത്രം വാങ്ങി സ്വയം പഠിച്ചെടുക്കുകയായിരുന്നു. അന്ന് മുതൽ തെങ്ങുകയറ്റമായി ജോലി. ഇപ്പോൾ ഏഴ് വർഷമാകുന്നു. ചെറുപ്പത്തിൽ കള്ളക്കുറിശ്ശിയിലെ വീട്ടുമുറ്റത്തെ വലിയ മരങ്ങളിൽ കൂട്ടുകാർക്കൊപ്പം കയറി കളിക്കുക പതിവായിരുന്നു. അതുകൊണ്ട് മഴക്കാലത്തും എത്ര വലിയ തെങ്ങിലും കയറാൻ പേടി തോന്നാറില്ലെന്ന് കലൈശെൽവി പറയുന്നു. ഭർത്താവിനും മകൾ തനിഷ്കയ്ക്കുമൊപ്പം ചേവരമ്പലത്തെ വാടകവീട്ടിലാണ് താമസം. എല്ലാ ദിവസവും കലൈശെൽവിയുടെ ഫോണിലേക്ക് തേങ്ങയിടാനുള്ള വിളികളെത്തും. സ്ഥലവും വീടും ചോദിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ ഉടനെ മാസ്കണിഞ്ഞ് മോപ്പെഡ് സ്റ്റാർട്ടാക്കുകയായി.
from mathrubhumi.latestnews.rssfeed https://ift.tt/3wr7KiE
via
IFTTT
No comments:
Post a Comment