പത്തനാപുരം : പാപ്പാന്മാരുടെ പീഡനത്തിനിരയായ കീഴൂട്ട് വിശ്വനാഥൻ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ.യുടെ സ്നേഹത്തണലിൽ. പത്തനാപുരം തടി ഡിപ്പോയിൽ തളച്ചിരിക്കുന്ന ആനയ്ക്ക് ചികിത്സയ്ക്കൊപ്പം മകനെപ്പോലെ സ്നേഹിക്കുന്ന ഉടമ ഗണേഷ്കുമാറിന്റെ സാമീപ്യവും ഇനി ഊർജമാവും. ആനയുടെ പിൻകാലിന്റെ ഭാഗത്തും വയറ്റിലും അടിയേറ്റ് വ്രണമായി നീരുവന്നനിലയിലാണ്. കിടക്കുമ്പോൾ വേദനകാരണം പരിക്കേറ്റ വശത്തേക്ക് തിരിഞ്ഞുകിടക്കാനാകാത്ത സ്ഥിതിയിലാണ് വിശ്വനാഥൻ. മറ്റുകുഴപ്പമൊന്നുമില്ല. മരുന്നുകൾക്കുശേഷം മുറിവെണ്ണ പരിക്കേറ്റ ഭാഗത്തുപുരട്ടി ശരീരമാസകലം വേപ്പെണ്ണതേച്ചുള്ള ചികിത്സയിലാണവൻ. മുറിവുകളിൽ സങ്കടത്തോടെ തലോടി ആശ്വസിപ്പിച്ച ഗണേഷ്കുമാറിനെ ശരീരത്തോടുചേർത്ത് സ്നേഹം പ്രകടിപ്പിച്ചു വിശ്വനാഥൻ. സലാംകൊടുത്തും കണ്ണടച്ചുകാട്ടിയും ഗണേഷിന്റെ നിർദേശമെല്ലാം അക്ഷരംപ്രതി അനുസരിച്ചതോടെ എല്ലാവർക്കും സന്തോഷമായി. ആഴ്ചകൾക്കുമുൻപായിരുന്നു കിളിമാനൂരിൽവെച്ച് ആനയെ പാപ്പാന്മാർ ക്രൂരമായി മർദിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം ഗണേഷ്കുമാർ അറിഞ്ഞത്. മർദിച്ച പാപ്പാന്മാരെ ജോലിയിൽനിന്ന് ഒഴിവാക്കുകയും ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു. പുതിയ പാപ്പാന്മാരെ നിയോഗിച്ച ഗണേഷ്കുമാർ ആനയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്തതോടെ ആനയെ പത്തനാപുരത്തേക്ക് കൊണ്ടുവന്ന് ചികിത്സ തുടരുകയായിരുന്നു. കീഴൂട്ടെ കൊമ്പന്മാരുടേത് ഊഷ്മളബന്ധം :കെ.ബി.ഗണേഷ്കുമാറും വിശ്വനാഥനും തമ്മിലുള്ള ബന്ധം പത്തനാപുരത്തുകാർക്കെല്ലാം സുപരിചിതമാണ്. ഗണേഷുള്ളപ്പോൾ വീട്ടുമുറ്റത്ത് ശാന്തസ്വഭാവക്കാരനായ കൊമ്പൻ വിശ്വനാഥനെ കാണാം. അദ്ദേഹം ആനപ്പുറത്തേറി വീട്ടുപരിസരത്തും സമീപറോഡിലുമൊക്കെ ചുറ്റിയടിക്കാറുണ്ട്. ഗണേഷ്കുമാറിന്റെ കുടുംബവീടായ വാളകം കീഴൂട്ടുവീട്ടിൽ 28 വർഷംമുൻപാണ് കുട്ടിയാനയായ വിശ്വനാഥൻ എത്തിയത്. താമസിയാതെ ആനക്കമ്പക്കാരായ ആർ.ബാലകൃഷ്ണപിള്ളയ്ക്കും മകൻ ഗണേഷ്കുമാറിനും വിശ്വനാഥൻ പ്രിയപ്പെട്ടവനായി. പേരിനൊപ്പം പ്രസിദ്ധമായ തറവാട്ടുപേരും ഇരുവരും ചാർത്തിനൽകിയതോടെ വിശ്വനാഥൻ കീഴൂട്ട് വിശ്വനാഥനായി. ആരാധകരേറെയുള്ള കൊമ്പനെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനായി കൊണ്ടുപോകാറുണ്ട്. ആനയെ ഉപദ്രവിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കണം :വിശ്വനാഥനെ ഇനി പത്തനാപുരത്തുതന്നെ നിർത്തി പരിപാലിക്കും. മിണ്ടാപ്രാണിയോട് ക്രൂരതകാട്ടിയവരെ മറ്റൊരു ആന ഉടമയും ഈജോലിക്ക് നിയോഗിക്കരുത്. മർദിച്ച പാപ്പാന്മാർക്കെതിരേയുള്ള കേസ് ശക്തമാക്കും. തിരഞ്ഞെടുപ്പു തിരക്കുകളിലായതിനാൽ ആനയെ കാര്യമായി ശ്രദ്ധിക്കാനായില്ല. പാപ്പാന്മാരെ അമിതമായി വിശ്വസിച്ചു. ആനകളെ അകാരണമായി ഉപദ്രവിക്കുന്ന പാപ്പാന്മാർക്കെല്ലാം പാഠമാകുന്ന തരത്തിൽ നടപടിയുണ്ടാകണം. കെ.ബി.ഗണേഷ്കുമാർ എം.എൽ.എ., എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് Content Highlight: keezhoot viswanathan and K. B. Ganesh Kumar
from mathrubhumi.latestnews.rssfeed https://ift.tt/2Rsxb3Z
via
IFTTT
No comments:
Post a Comment