തിരുവനന്തപുരം: തോട്ടഭൂമിയിൽ പുതിയ വിളകൾ കൃഷിചെയ്യാൻ അനുമതി നൽകുന്നതിന് ഭൂപരിഷ്കരണനിയമത്തിൽ കാതലായ ഭേദഗതി വേണ്ടിവരും. പുതിയ സംസ്ഥാന ബജറ്റിലാണ് തോട്ടങ്ങളിൽ റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, ലോങ്കൻ തുടങ്ങിയ ഫലവർഗങ്ങൾ കൃഷിചെയ്യാൻ അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഭൂപരിഷ്കരണനിയമം ഭേദഗതിചെയ്യുന്നതിനെ കർക്കശമായി എതിർത്തുപോന്ന എൽ.ഡി.എഫിന്റെ പരമ്പരാഗത നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. നിലവിൽ തോട്ടഭൂമിയുടെ അഞ്ചുശതമാനം സ്ഥലം ടൂറിസത്തിനും ചില വിളകൾ കൃഷിചെയ്യാനും ഉപയോഗിക്കാം. പുതിയ നിയമഭേദഗതി എങ്ങനെയാണെന്ന് വ്യക്തമല്ല. പുതുതായിവരുന്ന വിളകളെക്കൂടി നിലവിൽ അനുമതിയുള്ള വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഒരു മാർഗം. അഥവാ മറ്റുവിളകൾകൂടി തോട്ടങ്ങളിൽ കൃഷിചെയ്യാനാകുംവിധം സമഗ്രമായി നിയമം പൊളിച്ചെഴുതണം. ആറു മാസത്തിനകം ഇക്കാര്യത്തിൽ നയം രൂപവത്‌കരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വി.എസ്., ഉമ്മൻചാണ്ടി സർക്കാരുകളുടെ കാലത്ത് എതിർത്തു വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടതാണെന്നും വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിന് ഈനിയമം റദ്ദാക്കണമെന്നും വ്യവസായവകുപ്പ് ശുപാർശചെയ്തിരുന്നു. ‘‘ഒരു കമ്യൂണിസ്റ്റുകാരനെങ്കിലും മന്ത്രിസഭയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭൂപരിഷ്കരണ നിയമം ശക്തിപ്പെടുത്തുകയും മുന്നോട്ടുപോകുകയും ചെയ്യും’’ -എന്നായിരുന്നു വി.എസിന്റെ അന്നത്തെ പ്രതികരണം. തുടർന്ന് ഇത് വിവാദമാകുകയും ഭേദഗതിനീക്കം ഉപേക്ഷിക്കുകയുംചെയ്തു.മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തും ഭൂപരിഷ്കരണനിയമത്തിൽ മാറ്റത്തിന് ശ്രമിച്ചു. അഞ്ചുശതമാനം തോട്ടഭൂമി ടൂറിസത്തിനും പച്ചക്കറി, വാനില, ഔഷധസസ്യം എന്നിവയ്ക്കും ഉപയോഗിക്കാൻ അന്ന് അനുമതി നൽകി. ഇങ്ങനെ ഉപയോഗിക്കുന്ന അഞ്ചുശതമാനം ഭൂമിയുടെ 90 ശതമാനം കൃഷിക്കും 10 ശതമാനം ടൂറിസത്തിനും എന്ന ഉപാധിയും വെച്ചു. കൂടാതെ, കശുമാവുകൃഷിയും തോട്ടത്തിന്റെ പരിധിയിലാക്കി. ഇതിനെയും ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. ഭൂപരിഷ്കരണനിയമപ്രകാരം ഒരാൾക്ക് പരമാവധി കൈവശംവെക്കാവുന്ന ഭൂമി 15 ഏക്കർ മാത്രമാണെന്ന പരിധി തോട്ടങ്ങൾക്ക് ബാധകമല്ല. മറ്റുവിളകൾ കൃഷി ചെയ്യാൻ അനുവദിക്കുന്നത് ഭൂപരിഷ്കരണനിയമത്തിന്റെ അന്തസ്സത്തതന്നെ ഇല്ലാതാക്കുമെന്നും ഭാവിയിൽ അവ കഷണങ്ങളാക്കി കൈമാറ്റംചെയ്യപ്പെടുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വിമർശനങ്ങളുടെ കാതൽ. തോട്ടങ്ങൾ ലാഭത്തിലാക്കാൻ പരമ്പരാഗതതോട്ടങ്ങൾ നഷ്ടത്തിലാകുകയും പലതും പൂട്ടുകയുംചെയ്തു. തോട്ടം ലാഭകരമായി നടത്താൻ മറ്റു കൃഷികൾക്കും അനുമതി നൽകണമെന്ന ആവശ്യം ദീർഘകാലമായുണ്ട്. ഇതിന്റെ തുടർച്ചയായാണ് മറ്റുവിളകളും തോട്ടങ്ങളിൽ കൃഷിചെയ്യാനുള്ള അനുമതി ബജറ്റിൽ ഉൾക്കൊള്ളിച്ചതെന്ന് വിലയിരുത്തുന്നു. രാഷ്ട്രപതിയുടെ അംഗീകാരംവേണം ഭൂപരിഷ്കരണനിയമം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനാൽ ഇതുസംബന്ധിച്ച നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണം. നിയമസഭയിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഭേദഗതിയുണ്ടാകരുതെന്ന ദീർഘവീക്ഷണത്തിലാണ് ഭൂനിയമങ്ങൾ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചുശതമാനം ഭൂമി ടൂറിസത്തിനും ചില വിളകൾക്കുമായി അനുവദിച്ച നിയമഭേദഗതിക്ക് 2012-ലാണ് രാഷ്ട്രപതി അംഗീകാരം നൽകുന്നത്. തുടർന്ന് തരിശുഭൂമി വ്യവസായത്തിന് ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ 2015-ൽ നിയമഭേദഗതിക്ക് ശ്രമിച്ചെങ്കിലും ഇടതുപക്ഷം ശക്തമായി എതിർത്തതിനാൽ അത് നടപ്പായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Sdde1x
via
IFTTT
No comments:
Post a Comment