മുംബൈ: ജീവിതപങ്കാളിക്ക് എന്നും താങ്ങും തണലുമായി നിന്നിരുന്ന എളിമയുള്ള വ്യക്തിത്വമായിരുന്നു ലീലാ കൃഷ്ണൻനായരുടേത്. പട്ടാളസേവനം നിർത്തി ക്യാപ്റ്റൻ കൃഷ്ണൻനായർ വ്യവസായരംഗത്ത് സജീവമായപ്പോൾ ഉണ്ടായ ഓരോ വളർച്ചയ്ക്കും കൂട്ടായി ലീലാ നായരും കൂടെനിന്നു. ഓരോ സംരംഭത്തിലേക്ക് കാലൂന്നുമ്പോഴും അദ്ദേഹത്തിന്റെ വലിയ കരുത്തായിരുന്നു അവർ. ഏതൊരു പുരുഷന്റെ അഭിവൃദ്ധിക്കു പിന്നിലും സ്ത്രീയുടെ കൈയുണ്ടാവും എന്ന് കൃഷ്ണൻനായർ പലപ്പോഴും പറയുമായിരുന്നു. താൻ ഓരോ സംരംഭം തുടങ്ങുമ്പോഴും എല്ലാറ്റിന്റെയും വളർച്ചയ്ക്ക് ഒരു വഴി കാണുമെന്ന് ലീല പറയുമായിരുന്നെന്ന് കൃഷ്ണൻ നായർ ഒാർത്തെടുക്കാറുണ്ടായിരുന്നു.കൃഷ്ണൻനായർ ലീല ലേസ് എന്ന സ്ഥാപനത്തിൽനിന്നാണ് വൻ ഹോട്ടൽശൃംഖല പടുത്തുയർത്തിയത്. ഭാര്യയുടെപേരിലാണ് എല്ലാ സംരംഭങ്ങളും അദ്ദേഹം തുടങ്ങിയത്. ഭാര്യ ലീലയോട് അത്രമാത്രം ആദരവും സ്നേഹവും ജീവിതത്തിലുടനീളം അദ്ദേഹം വെച്ചുപുലർത്തി. തന്റെ ആത്മകഥയ്ക്ക് കൃഷ്ണലീല എന്ന പേരുനൽകിയതിനു പിന്നിലും ഭാര്യ ലീലയോടുള്ള ആദരംതന്നെയായിരുന്നു. ഒരു അംശം കോൽക്കാരന്റെ മകന് ആലോചിക്കാവുന്നതിന് എത്രയോ അപ്പുറത്തായിരുന്നു അഴീക്കോടെ വ്യവസായ പ്രമുഖനായ എ.കെ. നായരുടെ മകൾ ലീലയുമായുള്ള വിവാഹമെന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിരുന്നു. പട്ടാള സേവനകാലത്താണ് 1950-ൽ ക്യാപ്റ്റൻ കൃഷ്ണൻനായർ എ.കെ. നായരുടെ മകൾ ലീലയെ വിവാഹം ചെയ്യുന്നത്. ജാതകം നോക്കിയപ്പോൾ ഈ കുട്ടി ജനിച്ചപ്പോൾ വീട്ടിലുണ്ടായ അഭിവൃദ്ധി, വിവാഹം ചെയ്യുന്ന ആളിനും ഉണ്ടാവുമെന്ന് ജോത്സ്യൻ പറഞ്ഞിരുന്നത്രെ.വ്യവസായരംഗത്ത് തളർന്നുപോകുമായിരുന്ന ഒട്ടേറെ അവസരങ്ങളിൽ ലീലയുടെ വാക്കുകൾ തനിക്ക് പുതിയ കുതിപ്പിനുള്ള സിദ്ധൗഷധമായി മാറിയിട്ടുണ്ടെന്നും കൃഷ്ണൻ നായർ പറയുമായിരുന്നു. സ്നേഹം എന്ന നിക്ഷേപം നാം നടത്തുന്നത് ഹൃദയത്തിലാണെന്നും തന്റെ ജീവിതത്തിൽ ലീലയോട് ഒരിക്കലും ‘നോ’ എന്ന വാക്ക് പറയേണ്ടിവന്നിട്ടില്ലെന്നും കൃഷ്ണൻ നായർ പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചരിച്ചപ്പോഴും ക്യാപ്റ്റൻ കൃഷ്ണൻ നായർക്കൊപ്പം ലീലാ നായരും ഉണ്ടായിരുന്നു. ലോകത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളെ സ്വീകരിക്കാൻ നിൽക്കുമ്പോൾ തന്നോടൊപ്പം ക്യാപ്റ്റൻ, ലീലയെയും ചേർത്തുനിർത്തി. നല്ല പാതി എന്ന സ്വപ്നത്തെയാണ് കൃഷ്ണൻ നായർ ലീലയിലൂടെ സാക്ഷാത്കരിച്ചത്. 2014 മേയ് 17-നാണ് ക്യാപ്റ്റൻ കൃഷ്ണൻ നായർ വിടപറയുന്നത്. അതിനുശേഷം അന്ധേരിയിലെ വസതിയിൽ മക്കൾക്ക് ഉപദേശ നിർദേശങ്ങൾ നൽകി വിശ്രമജീവിതം നയിക്കുകയായിരുന്നു അവർ.കൃഷ്ണൻ നായർ വിടവാങ്ങിയതും ഒരു മേയിലായിരുന്നു. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ലീലാ നായരും വിടവാങ്ങുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2RlRjEQ
via
IFTTT
No comments:
Post a Comment