കൊച്ചി: ഒന്നാമത്തെ പരിഗണന വർഗീയതയ്ക്കെതിരേയുള്ള പോരാട്ടത്തിനായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ‘മാതൃഭൂമി’യോട് പറഞ്ഞു. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണ്. അവർക്കിടയിൽ മതേതരത്വത്തിന്റെ ആട്ടിൻതോൽ അണിഞ്ഞ് പ്രവർത്തിക്കുന്ന വർഗീയശക്തികൾക്കെതിരേയുള്ള പോരാട്ടത്തിൽ യു.ഡി.എഫ്. മുൻനിരയിൽ ഉണ്ടാവും. സംഘപരിവാർശക്തികൾക്കെതിരേ നടക്കുന്ന പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയാവാൻ കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും ഉണ്ടാവുമെന്നും സതീശൻ പറഞ്ഞു. * എന്തുകൊണ്ട് വർഗീയതക്കെതിരേയുള്ള പോരാട്ടത്തിന് ആദ്യ പരിഗണന ?കുറേക്കാലമായി രഹസ്യമായും പരസ്യമായും സമൂഹത്തിലേക്ക് വർഗീയത കുത്തിവെക്കപ്പെടുന്നുണ്ട്. എല്ലാം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാവുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡക്കെതിരേ ജാഗ്രത പുലർത്തണം. 2016-ലെ തിരഞ്ഞെടുപ്പുമുതൽ വർഗീയതക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചുപോന്നിട്ടുള്ള ആളാണ് ഞാൻ. * അപ്പോൾ ന്യൂനപക്ഷ വർഗീയത പ്രശ്‌നമല്ലേ ?ന്യൂനപക്ഷവർഗീയതയോടും അതേ നിലപാടാണുള്ളത്. പരസ്പരം പാലൂട്ടിവളർത്തുന്ന ശത്രുക്കളാണ് ഇതുരണ്ടും. ന്യൂനപക്ഷ വർഗീയത തടയുന്നതിൽ മുസ്‌ലിംലീഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നെഹ്രുവിന്റ ആശയത്തിലധിഷ്ഠിതമായ ഇടതുമനസ്സാണ് കേരളത്തിനുള്ളത്. അത് തകർക്കുന്ന ഇടപെടലാണ് ഇപ്പോൾ കാണുന്നത്. * നേതൃമാറ്റം രമേശ് ചെന്നിത്തലയുമായുള്ള ബന്ധത്തിന് വിള്ളലേൽപ്പിക്കില്ലേ ?ചെന്നിത്തല എന്റെ ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. മൂന്നു പതിറ്റാണ്ടായുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. അത് ഉലയില്ല. * മുതിർന്ന തലമുറയെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാനാവുമോ ?കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണ് ഉണ്ടാവുന്നത്. ആർ. ശങ്കറിനും പനമ്പള്ളി ഗോവിന്ദമേനോനുംപോലുള്ള മഹാരഥന്മാർക്ക് പിൻഗാമികൾ വന്നില്ലേ. ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം സ്വീകരിച്ചുകൊണ്ടായിരിക്കും മുന്നോട്ടുപോവുക. * പ്രതിപക്ഷനേതാവ് എന്ന നിലയിൽ എന്തു മാജിക്കാണ് കാട്ടാൻപോകുന്നത് ?ജനാധിപത്യത്തിലെ ദൈവമാണ് ജനങ്ങൾ. അവർ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവരെ നിരാശപ്പെടുത്തുന്ന ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പാക്കും. ഉറച്ച ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണമേൽക്കുന്ന സർക്കാരിനെ വെറുതേ വെല്ലുവിളിക്കുകയല്ല പ്രതിപക്ഷത്തിന്റെ ദൗത്യം. എല്ലാ നല്ലകാര്യങ്ങൾക്കും ക്രിയാത്മകമായ പിന്തുണ ഉണ്ടാവും. മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ സർക്കാരിന് ഒപ്പംനിൽക്കും. സർക്കാരിനോടുള്ള വിയോജിപ്പുകൾ സഭയ്ക്കകത്തും പുറത്തും തുറന്നുകാട്ടും. * പാർട്ടിയെ എങ്ങനെ സജ്ജമാക്കും ?പരാജയത്തിന്റെ കാരണങ്ങൾ കൃത്യമായി പഠിക്കും. എല്ലാ സ്ഥാനാർഥികളിൽനിന്നും ബ്ലോക്ക് കമ്മിറ്റികളിൽനിന്നും വിശദമായ റിപ്പോർട്ട് തേടും. അതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. രാഷ്ട്രീയപ്രവർത്തനം തിരഞ്ഞെടുപ്പ് പ്രവർത്തനം മാത്രമല്ല. അത് ഒരേസമയം കാരുണ്യപ്രവർത്തനവും സേവനപ്രവർത്തനവും പൊതുപ്രവർത്തനവുമെല്ലാമാണ്. മുതിർന്ന നേതാക്കൾക്കൊപ്പം പാർട്ടിയിലെ രണ്ടാംതലമുറയെയും മുന്നിലേക്ക് കൊണ്ടുവരും. കോൺഗ്രസ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തും.
from mathrubhumi.latestnews.rssfeed https://ift.tt/3v7G8hP
via
IFTTT
No comments:
Post a Comment