തിരുവനന്തപുരം: നാളെയുടെ ഇടതുപക്ഷ രാഷ്ട്രീയനായകരാകാൻ പുതുതലമുറയെ പ്രാപ്തമാക്കാൻ സി.പി.എം. നടപ്പാക്കിയ പരിഷ്‌കാരം മന്ത്രിമാരുടെ വകുപ്പുനിർണയത്തിലും പ്രകടം. കന്നിയങ്കത്തിൽത്തന്നെ മന്ത്രിപദത്തിൽ എത്തിയവർക്ക് കനപ്പെട്ട വകുപ്പുകൾ നൽകി ഉത്തരവാദിത്വം കൈമാറുകയാണ് സി.പി.എം. ധനകാര്യം, വ്യവസായം, പൊതുമരാമത്ത്, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം നിയമസഭയിൽ കന്നിക്കാരും യുവനിരക്കാരുമായ നേതാക്കൾക്ക് നൽകാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയുണ്ടാക്കിയത്. ഘടകകക്ഷിമന്ത്രിമാർക്കുള്ള വകുപ്പുകൾ ഏതൊക്കെയാണെന്ന് കക്ഷിനേതാക്കളുമായി പിന്നീട് നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. സി.പി.ഐ. ഒഴികെയുള്ള ഘടകകക്ഷികളുടെ വകുപ്പുകളിലും ഇളക്കിപ്രതിഷ്ഠ നടത്തി. സി.പി.എമ്മിൽനിന്ന് കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു എന്നിവരാണ് നിയമസഭയിൽ ആദ്യമായി അംഗങ്ങളായവരിൽ മന്ത്രിസ്ഥാനത്തുള്ളത്. ഇവർക്കെല്ലാം പ്രധാന വകുപ്പുകൾതന്നെ നൽകാനാണ് തീരുമാനം. കെ.കെ. ശൈലജയുടെ പിൻഗാമിയായി എത്തുന്നത്, മന്ത്രിസഭയിലെ ഇളംമുറക്കാരി വീണാ ജോർജാണ്. കിഫ്ബിയിലൂടെ കേരള വികസനമാതൃക തീർത്ത സി.പി.എമ്മിന്റെ ധനകാര്യ മാനേജ്‌മെന്റ് മുഖമായിരുന്ന തോമസ് ഐസക്കിന്റെ പിൻഗാമിയായി കെ.എൻ. ബാലഗോപാലിനെയാണ് പാർട്ടി കാണുന്നത്. വ്യവസായം പി. രാജീവിനും പൊതുമരാമത്ത് മുഹമ്മദ് റിയാസിനും ഉന്നതവിദ്യാഭ്യാസം ഡോ. ബിന്ദുവിനുമാണ് നിശ്ചയിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവാണ് കെ.എൻ. ബാലഗോപാൽ. ചരക്ക്-സേവന ബിൽ സംബന്ധിച്ചുള്ള പാർലമെന്റ് സെലക്ട് കമ്മിറ്റി അംഗമായിരുന്നപ്പോൾ, സി.പി.എമ്മിന്റെ സാമ്പത്തിക നയകാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആ കരുത്താണ്, സർക്കാരിന്റെ സാമ്പത്തിക അടിത്തറ ഒരുക്കാനുള്ള ഉത്തരവാദിത്വം ബാലഗോപാലിനെ ഏൽപ്പിക്കാൻ പാർട്ടിക്ക് ധൈര്യം പകരുന്നത്. വ്യവസായവും നിയമവും പി. രാജീവിനെ ഏൽപ്പിക്കുന്നതിലൂടെയും കാലാനുസൃതമായ കാഴ്ചപ്പാട് സി.പി.എം. മുന്നോട്ടുവെക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പരിഷ്‌കാരങ്ങൾക്ക് കാലാനുസൃതമായ മുന്നേറ്റം കൊണ്ടുവരാനുള്ള ദൗത്യമാണ് രാജീവിനുള്ളത്. അടിസ്ഥാനസൗകര്യവികസനം ഇടതുപക്ഷവിജയത്തിന് ആക്കംകൂട്ടിയെന്ന വിലയിരുത്തലാണ്, പൊതുമരാമത്ത് വകുപ്പ് യുവാവായ മുഹമ്മദ് റിയാസിനു നൽകാനുള്ള പ്രേരകഘടകം. ടൂറിസം വകുപ്പുകൂടി അദ്ദേഹത്തിനുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രവർത്തനപരിചയം, ഭരണതലത്തിലേക്ക് കൊണ്ടുവരികയാണ് ബിന്ദുവിന് ഉന്നതവിദ്യാഭ്യാസം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3bHc3On
via
IFTTT
No comments:
Post a Comment