ന്യൂഡൽഹി: മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്തയുടെ നിർമാണം പൂർത്തീകരിക്കാൻ പൊളിച്ചു മാറ്റേണ്ടി വരുന്നത് ചരിത്ര പ്രാധാന്യമുള്ള ഡൽഹിയിലെ മൂന്ന് കെട്ടിടങ്ങൾ. നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ് ആർട്സ്, നാഷണൽ ആർക്കൈവ്സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടി വരിക. ഇവയ്ക്കു പുറമേ ശാസ്ത്രി ഭവൻ, കൃഷി ഭവൻ, വിജ്ഞാൻ ഭവൻ, ഉപരാഷ്ട്രപതിയുടെ വസതി, ജവഹർ ഭവൻ, നിർമാൺ ഭവൻ, ഉദ്യോഗ് ഭവൻ, രക്ഷാഭവൻ എന്നിവയും പൊളിച്ചുനീക്കും. 4,58,820 ചതുരശ്രമീറ്റർ കെട്ടിടമാണ് ആകെ പൊളിച്ചുമാറ്റുക. അമൂല്യമായ നിരവധി ശിൽപങ്ങൾ, പ്രതിമകൾ, നാണയങ്ങൾ, ചിത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണ് നാഷണൽ മ്യൂസിയം. ഇവയെല്ലാം നോർത്ത് ബ്ലോക്കിൽ നിന്ന് സൗത്ത് ബ്ലോക്കിലേക്ക് മാറ്റും. നാഷണൽ ആർക്കൈവ്സിന്റെ പ്രധാന കെട്ടിടം തകർക്കില്ല. അനക്സ് കെട്ടിടം പൊളിച്ചുമാറ്റി പകരം പുതിയത് നിർമിക്കും. 45 ലക്ഷത്തോളം പുരാവസ്തു രേഖകളാണ് നാഷണൽ ആർക്കൈവ്സിലുളളത്. മുഗൾ രാജവംശക്കാലത്തെ രേഖകളുൾപ്പെടെയുള്ള ചരിത്ര രേഖകൾ പൂർണമായും സുരക്ഷിതമായി മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സിലുള്ള പൈതൃക ശേഖരങ്ങൾ താൽക്കാലികമായി ജൻപത് ഹോട്ടലിലെ സംവിധാനത്തിലേക്കാവും മാറ്റുക. 20,000 കോടി രൂപ ചെലവിലാണ് സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും ഔദ്യോഗിക വസതികളും ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി.
from mathrubhumi.latestnews.rssfeed https://ift.tt/3bxjxDw
via
IFTTT
No comments:
Post a Comment