തളിപ്പറമ്പ്: പഠിച്ചതും ഔദ്യോഗികമായി പഠിപ്പിച്ചതും കായികമാണെങ്കിലും എം.വി.ഗോവിന്ദന്റെ ഇഷ്ടവിഷയം തത്ത്വശാസ്ത്രമാണ്. പുതിയ കാലം പ്രത്യയശാസ്ത്രത്തിനൊന്നും അത്രയ്ക്ക് വില കല്പിക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ആ പറയുന്നതുതന്നെയാണ് പുത്തൻ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമെന്ന് പറഞ്ഞ് തർക്കിക്കുകയും മാർക്സിസത്തിന്റെ നിലപാട് വിശദീകരിക്കുകയും ചെയ്യുകയാവും അദ്ദേഹം ചെയ്യുക. ഏതാനും മാസങ്ങൾക്കപ്പുറം കെ.എസ്.ടി.എ. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വൈരുധ്യാത്മക ഭൗതികവാദം ഈ കാലഘട്ടത്തിൽ പ്രയോഗവത്കരിക്കാനാവാത്തതിന്റെ വിഷമം അദ്ദേഹം പങ്കുവെച്ചത്. വൈരുധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ല, അത് കാലഹരണപ്പെട്ടുവെന്ന രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ശബരിമല പ്രശ്നത്തിൽ നവോത്ഥാന സദസ്സും മതിലുമെല്ലാം സംഘടിപ്പിച്ചതിന് തുടർച്ചയില്ലാത്തതും എന്തുകൊണ്ട് അതിൽനിന്ന് പിന്നാക്കം പോകേണ്ടിവന്നുവെന്നും സൂചിപ്പിക്കാനാണ് വൈരുധ്യാത്മക ഭൗതികവാദം തത്കാലം പ്രായോഗികമല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചത്. സി.പി.എമ്മിന്റെ മാത്രമല്ല ബഹുജസംഘടനകളുടെയും താത്ത്വികാധ്യാപകനെന്നതിനൊപ്പം പ്രധാന പ്രസംഗകനുമായതിനാൽ രാഷ്ട്രീയത്തിലെ ജനകീയ വിദ്യാഭ്യാസ പ്രവർത്തകനാണ് എം.വി.ഗോവിന്ദൻ. കെ.എസ്.വൈ.എഫിന്റെ ജില്ലാ സെക്രട്ടറി, തുടർന്ന് ഡി.വൈ.എഫ്.ഐ.യുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് വയസ്സ് 68 പിന്നിട്ടെങ്കിലും യുവത്വത്തിന്റെ മുഖമാണ് പ്രവർത്തകരുടെ മനസ്സിൽ. വൊളന്റിയർ ക്യാപ്റ്റൻ യുവജനസംഘടനാ രംഗത്തുള്ളപ്പോൾത്തന്നെ സി.പി.എമ്മിന്റെ ജില്ലാ വൊളന്റിയർ ക്യാപ്റ്റനുമായിരുന്നു എം.വി.ഗോവിന്ദൻ. ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന ഭാരവാഹിയാകുംമുമ്പ് സി.പി.എമ്മിന്റെ കാസർകോട് ഏരിയാ സെക്രട്ടറിയുമായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ മുക്കിലും മൂലയിലും ഇ.പി.ജയരാജനോടൊപ്പം സഞ്ചരിച്ച് യുവജനപ്രസ്ഥാനം കെട്ടിപ്പടുത്തു. അടിയന്തരാവസ്ഥക്കാലത്ത് ഇ.പി.യെയും ഗോവിന്ദനെയും ഒരുമിച്ചാണ് പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. മർദനത്തിനുമിരയായി. യുവാക്കളോടാണ് ആദ്യകാലത്തെ പ്രസംഗമെന്നതിനാൽ ആവേശത്തിന്റെ കൊടുമുടി കയറ്റുന്ന തരത്തിൽ സവിശേഷമായ പ്രസംഗശൈലി. പൂർണവിരാമമില്ലാതെ ദീർഘമായി പറഞ്ഞുപറഞ്ഞ് ആവേശംകൊള്ളിച്ചുണർത്തുന്ന രീതി. ഇ.പി.ജയരാജനുശേഷം സി.പി.എം. കണ്ണൂർ ജില്ലാസെക്രട്ടറിയായ എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തൊട്ടടുത്ത സമ്മേളനത്തിൽത്തന്നെ കയറ്റംകിട്ടി. പിന്നീട് എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ആലപ്പുഴയിലും സംഘടനാച്ചുമതല വഹിച്ചു. പാർട്ടി മുഖപത്രത്തിന്റെ എഡിറ്റർ, പാർട്ടി പ്രസാധനാലയത്തിന്റെ ചുമതലക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു. രണ്ട് വകുപ്പുകൾ, രണ്ട് ജില്ലകൾ പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് ഗോവിന്ദന് ലഭിക്കുന്നത്. എക്സൈസും തദ്ദേശസ്വയംഭരണവും. കണ്ണൂർ, കാസർകോട് ജില്ലകളുടെ മന്ത്രിസഭാതല മേൽനോട്ടച്ചുമതലയും സ്വാഭാവികമായും അദ്ദേഹത്തിനാകും. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ രണ്ട് ജില്ലയിൽനിന്നുമായുണ്ടായിരുന്നത് അഭൂതപൂർവമായ വികസനത്തുടക്കങ്ങൾക്ക് സഹായകമായി. അതെല്ലാം പൂർണതയിലെത്തിക്കാനും കണ്ണൂർ വിമാനത്താവള വികസനമടക്കമുള്ള കാര്യങ്ങളും നേരത്തേ വിഭാവനംചെയ്തതിൽ തുടങ്ങാനുള്ള പദ്ധതികളും ഇരു ജില്ലയുടെയും പുതിയ ആവശ്യങ്ങളുമെല്ലാമായി വളരെ വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിൽ നിക്ഷിപ്തമാകുന്നത്. രാഷ്ട്രീയ, സംഘടനാമേഖലയിലെ അരനൂറ്റാണ്ടോളമായുള്ള പ്രവർത്തനപരിചയം അതിനെല്ലാം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/345QeDP
via
IFTTT
No comments:
Post a Comment