തൃശ്ശൂർ: കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറിൽനിന്ന് മൂന്നരക്കോടി കവർന്ന സംഭവത്തിൽ ബി.ജെ.പി. ജില്ലാഘടകം പ്രതിരോധത്തിൽ. കേസിൽ തെളിവെടുക്കുന്നതിന് രണ്ട് ജില്ലാ ഭാരവാഹികളെയും ഉയർന്ന പദവി വഹിക്കുന്ന നേതാവിനെയും അന്വേഷണസംഘം വിളിച്ചുവരുത്തിയതോടെ പാർട്ടിയിൽ ആർക്കും പങ്കില്ലെന്ന വാദം ദുർബലമായി. ബി.ജെ.പി.യുടെ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെയാണ് പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുത്തത്.സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു പലകുറി ജില്ലാനേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, ജില്ലാനേതാക്കൾക്ക് കുഴൽപ്പണ ഇടപാട് അറിയാമായിരുന്നെന്ന് പോലീസ് മുമ്പേ സൂചന നൽകിയിരുന്നു. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് ബി.ജെ.പി. നേതാക്കളെ വിളിച്ചുവരുത്തിയത്. പ്രതികൾ നൽകിയ തെളിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.കുഴൽപ്പണക്കേസിൽ ജില്ലാനേതൃത്വത്തിനു നേരെ ആരോപണം വന്നതോടെ ആർ.എസ്.എസ്. നേതൃത്വം ഇടപെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവം വിവാദമായതോടെ സംശയത്തിന്റെ മുനയിലുള്ളവർ ആരോപണം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. കടബാധ്യതയിൽപ്പെട്ട ചില നേതാക്കൾ അവരുടെ സ്വത്തും പറമ്പും വിറ്റ് കടം വീട്ടിയപ്പോൾ അത് കുഴൽപ്പണം ഇടപാടിലൂടെ കിട്ടിയ പണമാണെന്ന് പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇത് ജില്ലയിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസവും അന്തച്ഛിദ്രവും പുറത്തുകൊണ്ടുവന്നു.ആരോപണവിധേയരെ സഹായിക്കാനായി പരസ്യമായി രംഗത്തെത്തിയ ജില്ലാനേതാക്കൾ ഒടുവിൽ പ്രശ്‌നം രൂക്ഷമാകുമെന്നറിഞ്ഞപ്പോൾ കളം മാറ്റിച്ചവിട്ടി. സംഭവവുമായി ബന്ധമില്ലെന്ന് ഊന്നിപ്പറഞ്ഞ നേതാക്കൾ ഒടുവിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടിലേക്കെത്തി. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ സംരക്ഷണമുണ്ടാകുമെന്ന് ജില്ലാഘടകം കരുതിയെങ്കിലും തെറ്റി. ജില്ലയിൽ നടന്ന സംഭവം അവിടെത്തന്നെ തീർക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതോടെ ജില്ലാഘടകം പ്രതിരോധത്തിൽപ്പെടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3oF0iNE
via
IFTTT
No comments:
Post a Comment