പട്ടാമ്പി: സി.എം. എന്നുകണ്ടാൽ മുഖ്യമന്ത്രിയല്ലാതെ മറ്റെന്ത്? സർക്കാരിന്റെ കോവിഡ് പോർട്ടലിലെ അപേക്ഷ പരിഗണിച്ച് യാത്രാപാസ് അനുവദിക്കുന്ന ആരുടെയോ ശ്രദ്ധക്കുറവ് കൂറ്റനാട് സ്വദേശി സി.എം. കൃഷ്ണൻനമ്പൂതിരിയെ നാലുമണിക്കൂറിനെങ്കിലും കൃഷ്ണൻ മുഖ്യമന്ത്രിയാക്കി. നിനച്ചിരിക്കാതെ മുഖ്യമന്ത്രിയെന്ന പാസ് വന്നതോടെ അപേക്ഷകൻ ഞെട്ടി. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോകുന്നതിനാണ് കൃഷ്ണൻനമ്പൂതിരി കോവിഡ് പോർട്ടലിൽ ഇ-കർഫ്യൂ പാസിന് അപേക്ഷ നൽകിയത്. പാസ് ലഭിച്ചപ്പോഴാണ് പേരിനൊപ്പം മുഖ്യമന്ത്രി എന്നു കടന്നുകൂടിയത്. സി.എം. എന്നാണ് കൃഷ്ണൻനമ്പൂതിരിയുടെ ഇനീഷ്യൽ. കൂറ്റനാട് എന്ന സ്ഥലപ്പേര് കൊട്ടനാട് വീഡിയോ എന്നാണ് പാസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇദ്ദേഹത്തെതേടി നിരവധി ഫോൺവിളികളെത്തി. 15-ന് രാവിലെ 10 മുതൽ രണ്ടുമണിവരെയാണ് യാത്രാനുമതി നൽകിയിരുന്നത്. അതേസമയം, ഇത്തരമൊരു പിഴവ് എങ്ങനെ വന്നെന്നറിയില്ലെന്നാണ് പോലീസ് കൺട്രോൾ റൂം അധികൃതർ പറഞ്ഞത്. ആവശ്യക്കാർ നൽകുന്ന വിവരങ്ങൾ അതേപടിയാണ് പാസിൽ രേഖപ്പെടുത്താറുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3bACghF
via
IFTTT
No comments:
Post a Comment