പാലക്കാട്: തുടർച്ചയായ അടച്ചിടലിനെത്തുടർന്ന് യാത്രക്കാരില്ലാതായതോടെ ദീർഘദൂര തീവണ്ടികളും റെയിൽവേ താത്കാലികമായി റദ്ദാക്കിത്തുടങ്ങി. ശനിയാഴ്ചകളിൽ കൊച്ചുവേളിയിൽനിന്ന് ഇൻഡോറിലേക്കുള്ള തീവണ്ടിയുടെ മേയ് മാസത്തെ ശേഷിക്കുന്ന ട്രിപ്പുകളും തിരികെയുള്ള യാത്രകളുമാണ് ഏറ്റവും അവസാനം റദ്ദാക്കിയത്. സേലംവഴിയുള്ള മംഗളൂരു സെൻട്രൽ-പുതുച്ചേരി പ്രതിവാര എക്സ്പ്രസ്, നാഗർകോവിൽ-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം കോവിഡിന്റെ ആദ്യതരംഗം ശക്തമായ സമയത്ത് യാത്രാതീവണ്ടയോട്ടം നിർത്തിവെച്ചിരുന്നു. പാഴ്സൽ-ചരക്ക് തീവണ്ടികൾമാത്രമാണ് അക്കാലത്ത് ഓടിച്ചിരുന്നത്. പിന്നിട് പ്രത്യേകവണ്ടികളെന്നനിലയിൽ ദീർഘദൂര വണ്ടികൾ ഓടിച്ചുതുടങ്ങിയെങ്കിലും ഒന്നും സ്ഥിരംവണ്ടികളെന്നനിലയ്ക്കല്ല പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗം ശക്തമായി അടച്ചുപൂട്ടലിലേക്കെത്തിയതോടെയാണ് തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസും കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസുമുൾപ്പെടെയുള്ളവ താത്കാലികമായി റദ്ദാക്കിയത്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ പാലക്കാട് ഡിവിഷൻവഴി 83 ജോടി വണ്ടികളാണ് പ്രത്യേക വണ്ടികളായി ഓടിയിരുന്നത്. ആദ്യഘട്ടങ്ങളിൽ തിരക്കുണ്ടായിരുന്നെങ്കിലും മാർച്ച്, എപ്രിൽ മാസങ്ങളായതോടെ യാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞു. സംസ്ഥാനത്തേക്ക് അതിഥിത്തൊഴിലാളികൾ കൂടുതലായി എത്തിയിരുന്ന ബിഹാർ, ഉത്തർപ്രദേശ്, അസം, ബംഗാൾ എന്നിവിടങ്ങളിലേക്ക് മേയ് ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഈ സ്ഥലങ്ങളിലേക്കുള്ള വണ്ടികളിലും തിരക്ക് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. നിലവിൽ 16 ജോടി പ്രതിദിനവണ്ടികളും ആഴ്ചയിൽ മൂന്നുദിവസം ഓടുന്ന അഞ്ചുജോടിയും ആഴ്ചയിൽ രണ്ടുതവണ ഓടുന്ന ഏഴു ജോടിയും 22 ജോടി പ്രതിവാരവണ്ടികളും മാത്രമാണ് നിലവിൽ പാലക്കാട് ഡിവിഷനിലൂടെ കടന്നുപോവുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3fxe0hx
via
IFTTT
No comments:
Post a Comment