കോഴിക്കോട്: പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രാവിലെ യോഗം ചേരും. സിപിഎം മന്ത്രിമാരുടെ വകുപ്പായിരിക്കും ആദ്യം തീരുമാനിക്കുക. തുടർന്ന് ഘടകകക്ഷികൾക്ക് നൽകേണ്ട വകുപ്പുകൾ നിശ്ചയിക്കും. പുതുതായി എത്തിയ കേരള കോൺഗ്രസ് എമ്മിനും ജനാധിപത്യ കേരള കോൺഗ്രസിനും ഐഎൻഎലിനും വകുപ്പ് കണ്ടെത്തണം. രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യ ടേമിൽ ഇല്ലാത്തതുകൊണ്ട് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന തുറമുഖം പൊതുപൂളിൽ വരും. പ്രധാന വകുപ്പുകളായ റവന്യുവും കൃഷിയും സിവിൽ സപ്ലൈസും തുടർന്നും സിപിഐ കൈവശം വച്ചേക്കും. വനം വകുപ്പ് വിട്ടുനൽകാൻ അവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പകരം രജിസ്ട്രേഷനാണ് താത്പര്യപ്പെടുന്നത്. അതിലും ഇന്ന് തീരുമാനമാകും. കെ.കെ ശൈലജയെ ഒഴിവാക്കിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ആർക്കായിരിക്കും സിപിഎം നൽകുക എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മുന്നണിയിലെ മൂന്നാമത്തെ കക്ഷി എന്ന നിലയിൽ ജലസേചനം, വൈദ്യുതി, പൊതുമരാമത്ത് ഇതിൽ ഏതെങ്കിലും ഒരുവകുപ്പ് റോഷി അഗസ്റ്റിന് നൽകിയേക്കും എൻസിപിയുടേയും ജെഡിഎസ്സിന്റെയും വകുപ്പുകളിൽ മാറ്റമുണ്ടാകാം. ആന്റണി രാജുവിന് ഫിഷറീസ് വകുപ്പ് നൽകിയേക്കും. പ്രധാന വകുപ്പുകളായ ധനകാര്യം, തദ്ദേശ സ്വയംഭരണം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ സിപിഎം തന്നെ തുടർന്നും വഹിക്കും. ധനകാര്യം കെ.എൻ ബാലഗോപാലിന് ലഭിക്കാനാണ് എല്ലാ സാധ്യതയും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദൻ കെ രാധാകൃഷ്ണൻ ഒപ്പം സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് ഇവർക്ക് മൂന്നു പേർക്കും പ്രധാന വകുപ്പുകളാകും ലഭിക്കുക. തദ്ദേശ സ്വയംഭരണം, വ്യവസായം, നിയമം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളിൽ ഏതിലേക്കെങ്കിലുമാകും ഇവർ നിയോഗിക്കപ്പെടുക. മുൻപരിചയമുള്ളതിനാൽ പാർലമെന്ററി കാര്യം കൂടി കെ രാധാകൃഷ്ണന് നൽകാനിടയുണ്ട്. സജി ചെറിയാനും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്ന് ലഭിക്കും. ആർ ബിന്ദുവിന് വിദ്യാഭ്യാസവും വീണ ജോർജിന് ആരോഗ്യവും ലഭിക്കാൻ സാധ്യതയുണ്ട്. വി.എൻ വാസവന് എക്സൈസും വി.ശിവൻകുട്ടിക്ക് ദേവസ്വത്തിന് പുറമെ സഹകരണം തൊഴിൽ ഇതിൽ ഏതെങ്കിലും ഒരു വകുപ്പ് കൂടി കിട്ടിയേക്കാം. ടൂറിസം, സ്പോർട്സ് യുവജനകാര്യം മുഹമ്മദ് റിയാസിന് കിട്ടാനാണ് സാധ്യത. സിപിഐയിൽ കെ രാജന് റവന്യുവും പി പ്രസാദിന് കൃഷിയും ജി ആർ അനില് സിവിൽ സപ്ലൈസും ചിഞ്ചുറാണിക്ക് മൃഗസംരക്ഷണം, ഭവനനിർമ്മാണം എന്നീ വകുപ്പുകൾ കിട്ടാനാണ് സാധ്യത
from mathrubhumi.latestnews.rssfeed https://ift.tt/3v469OU
via
IFTTT
No comments:
Post a Comment