ചെറുതോണി: നല്ലൊരു വീട്, കൃഷിചെയ്ത് ജീവിക്കാൻ കുറച്ച് സ്ഥലം, പൊന്നുമോന് മികച്ച വിദ്യാഭ്യാസം. നിറമുള്ള ഈ സ്വപ്‌നങ്ങളുമായാണ് സൗമ്യ ഇസ്രയേലിലേക്ക് വിമാനം കയറിയത്. പക്ഷേ, റോക്കറ്റിൽനിന്ന് പാഞ്ഞുവന്ന ഷെൽ സൗമ്യയുടെ ജീവനെടുത്തു. സ്വപ്‌നങ്ങൾ തകർത്തു. ഇസ്രയേലിലെ അഷ്‌കലോണിൽ റോക്കറ്റാക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം സൗമ്യ (32) രാജ്യത്തിനുതന്നെ നോവായി. ഒരു വർഷത്തിനുള്ളിൽ തിരികെയെത്തി കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കാൻ നിശ്ചയിച്ചിരിക്കെയാണ് സൗമ്യയെ ദുരന്തം കവരുന്നത്.കീരിത്തോട്ടിൽ അഞ്ച് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് ഈ കുടുംബത്തിനുള്ളത്. ഭർത്താവ് സന്തോഷിന് കൃഷിപ്പണി. ഒരുപാട് കടങ്ങളുമുണ്ടായിരുന്നു.ആ അവസ്ഥയിലാണ് അന്യദേശത്തേക്ക് പോകാൻ സൗമ്യ തയ്യാറായത്. നല്ലൊരു ജീവിതമുണ്ടാകുമല്ലോയെന്ന് അവർ കരുതി. കഷ്ടപ്പാടുകൾ ഓർത്തപ്പോൾ സന്തോഷും സമ്മതം മൂളി. സന്തോഷിന്റെ സഹോദരിമാർ ഇസ്രയേലിലാണ് ജോലിചെയ്തിരുന്നത്. അവരുടെ സഹായത്തോടെ സൗമ്യയും വിമാനം കയറി. അവിടെ പ്രായമായവരെ ശുശ്രൂഷിക്കുന്ന കെയർടേക്കറായിട്ട് ഏഴുവർഷമായി. സാമ്പത്തിക ബാധ്യത കുറച്ച് ഒതുങ്ങി. നല്ല വീട് വെയ്ക്കാനും സ്ഥലം വാങ്ങാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കാമെന്നും അവർ സ്വപ്നം കണ്ടു. എന്നാൽ, വിധി സൗമ്യയെ അതിന് അനുവദിച്ചില്ല. എല്ലാവരേയും കണ്ണീരിലാഴ്ത്തി സൗമ്യ യാത്രയായി.വ്യത്യസ്തമതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ സൗമ്യ ഇസ്രയേലിലേക്ക് പോയി. പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ സൗമ്യ നാട്ടിൽ വന്നുപോയി.വീഡിയോ കോളിലൂടെ അവർ സ്നേഹവും വിശേഷങ്ങളും പങ്കുവെച്ചു. അങ്ങനെ സംസാരിക്കുമ്പോഴാണ് സൗമ്യയെ വിധി കവരുന്നതും.
from mathrubhumi.latestnews.rssfeed https://ift.tt/3eG3tkJ
via
IFTTT
No comments:
Post a Comment