ഉപജീവന മാർഗ്ഗമായ കയറിനൊപ്പം കമ്യുണിസവും ഇഴപൊട്ടാതെ പിരിച്ചെടുത്തവരാണ് ആലപ്പുഴക്കാർ. ചുവപ്പ് ആഴത്തിൽ വേരാഴ്ത്തിയ ആലപ്പുഴയുടെ മണ്ണിൽ നിന്നാണ് കളത്തിൽ പറമ്പിൽ രാമൻ ഗൗരിയമ്മയുടെ നിലപാട് തറ രൂപപ്പെട്ട് വന്നത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ഗൗരിയമ്മയും നടന്നുകയറി. കുടുംബ പശ്ചാത്തലവും അതിന് ആക്കം കൂട്ടി. വിരൽത്തുമ്പ് മുറിച്ച് അതിൽ പൊടിയുന്ന രക്തം കൊണ്ട് ഒപ്പിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗത്വമെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗൗരിയമ്മയും ആ കാലഘട്ടത്തിന്റെ സന്തതിയാണ്. സഖാവ് പി.കൃഷ്ണപിള്ളയുടെ കൈയിൽ നിന്നാണ് ഗൗരിയമ്മ പാർട്ടി കാർഡ് നേടിയതെന്നറിയുമ്പോൾ അത് കമ്യൂണിസത്തിന്റെ ഒരു സുവർണകാലമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1964-ൽ പാർട്ടി സിപിഐഎം, സിപിഐ എന്നിങ്ങനെ രണ്ടായി പിളർന്നു. സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. 1994 ജനുവരി ഒന്നിന് സിപിഎമ്മിൽ നിന്നും ഗൗരിയമ്മയെ പുറത്താക്കി. ആലപ്പുഴ ജില്ലാ വികസന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പുറത്താക്കൽ നടപടിയിലേക്ക് നയിച്ചത്. എം.വി.ആറും കെ.കരുണാകരനും ചേർന്ന് ഒരുക്കിയ രാഷ്ട്രീയ കെണിയായിരുന്നു ഇതെന്നാണ് പാർട്ടി നിരീക്ഷണം. ഈ കെണിയിൽ ഗൗരിയമ്മ വീണു എന്നതായിരുന്നു പാർട്ടി സെക്രട്ടറിയേറ്റിന്റെ പ്രമേയം. മദമിളകി വരുന്ന ആനയും അരൂരുകാരുടെ കുഞ്ഞമ്മയുടെ മുന്നിൽ ഒന്നുചൂളും. ഈ താൻ പോരിമയുടെ പേരിലാണ് അഞ്ചുപതിറ്റാണ്ടോളം പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് പുറത്തായതും . സ്വകാര്യ ജീവിതത്തിലെ രണ്ടാമത്തെ വലിയ തിരിച്ചടിയായിരുന്നു ഗൗരിയമ്മക്കിത്. ആദ്യപ്രഹരം ടി.വി .തോമസ്സുമായി വേർപിരിയേണ്ടിവന്നതാണ്. വ്യക്തിപരമായ വിഷമങ്ങളൊന്നും ഗൗരിയമ്മയിലെ രാഷ്ട്രീയക്കാരിയെ തളർത്തിയിട്ടില്ല. പുറത്താക്കപ്പെടും മുൻപ് തന്നെ അവർ പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. തത്ഫലമായി ജെ.എസ്സ്.എസ്സിന് രൂപം കൊടുത്തു. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപീകരിച്ച് ഗൗരിയമ്മ തന്റെ ജനപിന്തുണ പാർട്ടിക്ക് വെളിപ്പെടുത്തി കൊടുത്തു. ഒന്നിൽ നിന്നും ഒരായിരമായി ആ വികാരം ആലപ്പുഴയിൽ ആഞ്ഞ് വീശി. തുടർന്ന് ജെ.എസ്സ്.എസ്സ് കാട്ടുതീ പോലെ പാർട്ടി കോട്ടകളിൽ പോലും പടർന്നു പിടിച്ചു. ഇത് സിപിഎമ്മിനുണ്ടാക്കിയ വെല്ലുവിളി വളരെ വലുതായിരുന്നു. അന്നുവരെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടയായതുകൊണ്ടാണ് അരൂരിൽ ഗൗരിയമ്മ തുടർച്ചയായി ജയിക്കുന്നതെന്നായിരുന്നു കമ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ വിശ്വാസം. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം 1996-ൽ നടന്ന തിരഞ്ഞെടുപ്പിലും ഗൗരിയമ്മ ജയിച്ചു. അരൂരിലെ ജനങ്ങൾ പാർട്ടിയേതായാലും സ്നേഹിക്കുന്നത് ഗൗരിയമ്മയെയാണ് എന്ന് അന്നാണ് ചിലർക്കൊക്കെ മനസ്സിലായത്. അരൂരിലെ മിക്കവാറും വീടുകളിലൊക്കെ കുടുംബ ചിത്രങ്ങൾക്കൊപ്പം ഗൗരിയമ്മയുടെ ചിത്രവും ചുമരിൽ തൂങ്ങുന്നുണ്ടാവും. തിരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചെത്തുന്ന വെറും രാഷ്ട്രീയക്കാരിയായിരുന്നില്ല, അരൂരുകാർക്ക് ഗൗരിയമ്മ. അവർക്ക് കുഞ്ഞമ്മ കാരണവത്തിയായിരുന്നു. തന്നെ പുറത്താക്കിയ പ്രസ്ഥാനത്തെ വെല്ലുവിളിച്ച് ആലപ്പുഴ കടപ്പുറത്ത് ജനസാഗരത്തെ സാക്ഷിനിർത്തി പുതിയ രാഷ്ട്രീയപ്രസ്ഥാനം പ്രഖ്യാപിക്കുമ്പോൾ അവർക്ക് വയസ്സ് 76 ആയിരുന്നു. അവിടെനിന്ന് കേരളമങ്ങോളമിങ്ങോളം ഓടിനടന്ന് പാർട്ടി കെട്ടിപ്പടുത്ത് തന്നെ എതിർത്തവരുടെ എതിർചേരിയിലെത്തി മന്ത്രിസ്ഥാനവുമായി കണക്കുതീർക്കുമ്പോഴും പ്രായം ഗൗരിയമ്മയ്ക്ക് വിലങ്ങുതടിയായിരുന്നില്ല. ഒരിക്കൽക്കൂടി മന്ത്രിയായി, ഇനിയും അങ്കങ്ങൾക്ക് ചെറുപ്പമുണ്ടെന്നു പറഞ്ഞ് പോരാട്ടം അവർ തുടർന്നു. കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഒറ്റക്കല്ല എന്നിങ്ങനെ ഉള്ള മുദ്രാവാക്യങ്ങൾ പാർട്ടിയെ പിടിച്ചു കുലുക്കി. യു.ഡി.എഫ് പാളയത്തിലേക്ക് പോയ ജെ.എസ്സ്.എസ്സ് ആദ്യ കാലങ്ങളിൽ, ആലപ്പുഴയിൽ പാർട്ടിയുടെ വേരറുത്തു. 2001-ൽ യു.ഡി.എഫ്മന്ത്രി സഭയിൽ ഗൗരിയമ്മ കൃഷിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1957-ൽ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ 93-ാം വയസ്സിൽ പരാജയപ്പെടും വരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്ന് പിൻവാങ്ങിയില്ല. ചുവന്ന മനസ്സുമായി വലത് പാളയത്തിൽ വേരാഴ്ത്താൻ അവർക്കായില്ല. നിരന്തരമായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ ജെ.എസ്സ്.എസ്സിനും ഗൗരിയമ്മക്കും ഏറ്റുവാങ്ങേണ്ടി വന്നു. ഇത് യു.ഡി.എഫിൽ അവരുടെ പ്രാധാന്യം ഇല്ലാതാക്കുന്നതിലേക്കെത്തിച്ചു. ചർച്ചകൾ പലത് നടന്നു. ഒടുവിൽ വലത് പാളയം വിടുന്നു എന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചു. കാലം 2014 മുതൽ വീണ്ടും ചുവന്നു. തന്നെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല. സഹായംതേടി വരുന്നവരെ കൈവിടുകയുമില്ല. കൂടെനിന്ന് പറ്റിക്കുന്നുവെന്ന് സംശയിച്ചാൽ പിന്നെ രക്ഷയില്ല. ആരായാലും പുറത്ത്. അടുത്തുകൂടി പദവികൾ കൈക്കലാക്കിയവരിൽ പലരും ഇപ്പോൾ മതിലിനു വെളിയിലെത്തിയതങ്ങനെ. മനസ്സലിവിൽ പലരെയും തിരികെ വിളിച്ച് അകത്തുകയറ്റിയിട്ടുമുണ്ട്. കൂടപ്പിറപ്പായ ശുണ്ഠിയുമായി സമരസപ്പെട്ടുപോകാൻ ഒരുക്കമുള്ളവർക്ക് മാത്രമേ ഈ നേതാവിന്റെമനസ്സിന്റെ വലുപ്പമറിഞ്ഞ് കൂടെനിൽക്കാനാവൂ. അവസാനം വരെയും ഗൗരിയമ്മയുടെ പ്രകൃതത്തിന് ഒരുമാറ്റവുമുണ്ടായിരുന്നില്ല. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ, ചാഞ്ചാട്ടങ്ങൾക്ക് തയ്യാറല്ലാതെ, ആർക്കും കീഴടങ്ങാതെ എന്തുവന്നാലും തളരുകയോ ഒരു തുളളി കണ്ണീർ പൊഴിക്കുകയോ ചെയ്യാതെ അവസാന ശ്വാസംവരെയും ആ ഒറ്റനക്ഷത്രം ജ്വലിച്ചുനിന്നു. content highlights: KR Gouri Amma political life
from mathrubhumi.latestnews.rssfeed https://ift.tt/33x6k9r
via
IFTTT
No comments:
Post a Comment