ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംതരംഗം ഭീതിവിതച്ച് പടരുമ്പോൾ പ്രാണവായുവിനായി കൈനീട്ടി രാജ്യം. ശ്വാസം കിട്ടാതെ പിടയുന്ന രോഗികളും എണ്ണപ്പെരുപ്പം ഉൾക്കൊള്ളാനാകാതെ ആശുപത്രികളും. കിടക്കയ്ക്കു വേണ്ടി കാത്തുകിടക്കുന്ന ആംബുലൻസുകൾ. മൃതദേഹം സംസ്കരിക്കാനാകാതെ വീർപ്പുമുട്ടുന്ന ശ്മശാനങ്ങൾ. ഭരണവീഴ്ചകളും അധികൃതരുടെ വഴിവിട്ട തീരുമാനങ്ങളും ജനങ്ങളെ ഭയത്തിലേക്ക് തള്ളിവിടുകയാണ്. പന്ത്രണ്ടോളം സംസ്ഥാനങ്ങളും ഒട്ടേറേ നഗരങ്ങളും മുൾമുനയിലാണ്. പ്രതിദിനരോഗബാധിതർ വിവിധ സംസ്ഥാനങ്ങളിൽ പതിനായിരത്തിലേക്ക് കടന്നു. ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്ന പുതിയ രോഗരീതിക്ക് ആക്കം കൂട്ടി മെഡിക്കൽ ഓക്സിജനും ക്ഷാമം. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാണ, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. 20 സംസ്ഥാനങ്ങൾക്ക് 6786 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ അനുവദിച്ചെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവകാശപ്പെട്ടത്. എന്നാൽ, രാജ്യതലസ്ഥാനത്ത് പോലും ഓക്സിജൻ ലഭ്യത പ്രതിസന്ധിയിലാണ്. ഒരു സാധാരണ രോഗിക്ക് ഓരോമിനിറ്റിലും അഞ്ചുമുതൽ ആറ് ലിറ്റർ വരെയും കോവിഡ് രോഗികൾക്ക് 60 ലിറ്റർ വരെയും ഓക്സിജനും ആവശ്യമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഓക്സിജൻ അടിയന്തര ആവശ്യമുള്ളവർക്ക് മുൻഗണന നൽകണമെന്ന് അവർ നിർദേശിക്കുന്നു. രണ്ടാം വ്യാപനത്തെ നേരിട്ടത് തയ്യാറെടുപ്പില്ലാതെ രണ്ടാംവ്യാപനത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തിലെടുക്കാതിരുന്നതാണ് നില ഗുരുതരമാക്കിയതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം വരവിനെ വിജയകരമായി കീഴടക്കിയെന്നും പ്രതിരോധ വാക്സിൻ രംഗത്ത് ഇന്ത്യ നേട്ടം കൈവരിച്ച് ലോകത്തിന് മാതൃകയായെന്നുമുള്ള പ്രചാരണത്തിനിടയിൽ രണ്ടാം വ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടങ്ങൾ നടത്തിയില്ല. മൂന്ന് മാസത്തോളം സമയം ലഭിച്ചിട്ടും ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കാൻ നടപടികളുണ്ടായില്ല. പുതിയ ആശുപത്രികളോ ഡിസ്പെൻസറികളോ ഓക്സിജൻ പ്ലാന്റുകളോ സ്ഥാപിച്ചില്ല. നിലവിലുള്ളവ കാര്യക്ഷമമാക്കിയില്ല. കേരളം ഉൾപ്പടെയുള്ള ആറു സംസ്ഥാനങ്ങളിൽ കോവിഡ് വർധിച്ചെങ്കിലും ബാക്കിയിടങ്ങളിൽ സെപ്റ്റംബറോടെ രോഗം കുറഞ്ഞുതുടങ്ങിയിരുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളുണ്ടായി. മഹാരാഷ്ട്രയിൽ പുതിയ കോവിഡ് വകഭേദത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ രോഗത്തെ തുടച്ചുനീക്കിയെന്ന സമീപനത്തിലായി രാജ്യം. തുടർന്ന് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കുംഭമേള ഉൾപ്പെടെ ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകൾക്കും വഴിയൊരുങ്ങി. ഫെബ്രുവരി 26-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടെ ചർച്ച രാഷ്ട്രീയ വിഷയങ്ങളായി. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകി. മാർച്ച് രണ്ടാം വാരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും റാലികളുമായി പ്രചാരണം പുരോഗമിക്കുന്നതിനിടയിൽ കോവിഡ് വ്യാപനം ശക്തമായി. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചുവട്ടം നിർദേശിച്ചെങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത റാലികളിൽ വൻജനക്കൂട്ടം പങ്കെടുത്തു. കോവിഡ് അച്ചടക്കം ലംഘിക്കപ്പെട്ടു. കോവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്ന് രാഷ്ട്രീയപാർട്ടികൾ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ആരോഗ്യവിദഗ്ധർ അതംഗീകരിക്കുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3v9glW2
via
IFTTT
No comments:
Post a Comment