തിരുവനന്തപുരം: പൊട്ടാൻ കാത്തിരിക്കുന്ന 'ബോംബു'കൾ ഇനിയുമുണ്ടെന്ന് ഓർമിപ്പിച്ച് നേതാക്കൾ. ഭരണത്തുടർച്ചയ്ക്കും ഭരണമാറ്റത്തിനും കാരണം വിശദീകരിച്ച് ജനങ്ങൾക്കിടയിൽ ഓടിനടക്കുന്ന മുന്നണിപ്പോരാളികൾക്ക് ഇനിയുള്ള ഓരോ മണിക്കൂറും നിർണായകം. അതിനാൽ, ഇനിയുണ്ടാകുന്ന ഓരോ സംഭവങ്ങളും പൊളിക്കാനും േപ്രാത്സാഹിപ്പിക്കാനും ഇടത്-വലത് മുന്നണികളുടെ 'വാർറൂമുകൾ' ജാഗ്രതയിലാണ്. അതേസമയം, കേരളത്തെ സ്വാധീനിക്കാൻ കഴിയുന്ന മോദിയുടെ വാക്കിലും അമിത്ഷായുടെ വീറിലുമാണ് അവസാന ലാപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷ. ചെന്നിത്തല പൊട്ടിക്കുമോ 'ബോംബ്' മുന്നറിയിപ്പ് മുഖ്യമന്ത്രിയാണ് നൽകിയതെങ്കിലും അതിൽ പ്രതീക്ഷവെക്കുന്നത് യു.ഡി.എഫ്. ആണ്. അതിനവർ ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയുമാണ്. ഇതുവരെ അദ്ദേഹം ഉയർത്തിയ ആരോപണങ്ങളും പുറത്തുവിട്ട തെളിവുകളുമാണ് യു.ഡി.എഫിന് പ്രചാരണ രംഗത്ത് കരുത്തായി നിന്നിട്ടുള്ളത്. അതിൽ ആഴക്കടൽ മത്സ്യബന്ധന കരാർ കുറച്ചൊന്നുമല്ല ഇടതുപക്ഷത്തെ ഉലയ്ക്കുന്നത്. പ്രത്യേകിച്ച് തീരമേഖലകളിൽ. വൈദ്യുതി കരാറിൽ പുതിയ അഴിമതിയാരോപണം അദ്ദേഹം വെള്ളിയാഴ്ച ഉന്നയിച്ചതോടെ ഇനിയും പലതും വരാനിരിക്കുന്നുണ്ടെന്ന തോന്നൽ യു.ഡി.എഫ്. പക്ഷത്തിനുണ്ട്. അതിനാൽ, പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്കും പത്രസമ്മേളനങ്ങൾക്കും പരമാവധി 'റീച്ച്' ഉറപ്പിക്കുകയാണ് ഇപ്പോൾ പ്രവർത്തകർ ചെയ്യുന്നത്. നേരിടാൻ മുഖ്യമന്ത്രി ഭരണത്തുടർച്ചയ്ക്കുള്ള മനസ്സാണ് വോട്ടർമാർക്കുള്ളതെന്ന് എൽ.ഡി.എഫ്. കണക്കാക്കുന്നു. ഈ മനസ്സ് വോട്ടുദിനം വരെ നിലനിർത്തുകയാണ് പ്രധാനം. അതിനാൽ, ആരോപണങ്ങൾക്ക് അപ്പപ്പോൾ മറുപടിയും വിശദീകരണവും നൽകാൻ എൽ.ഡി.എഫ്. ക്യാമ്പ് സജ്ജമാണ്. ആരോപണത്തിന്റെ തോതും രാഷ്ട്രീയവും തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിതന്നെയാകും നേരിടുക. ഇതിനൊപ്പം, യു.ഡി.എഫ്. ചേരിയിൽനിന്ന് പുറത്തുവിടുന്ന വിവരങ്ങൾക്ക്, കൃത്യമായ വിശദീകരണവും നൽകും. ഇതിന് സർക്കാർ സംവിധാനവും പാർട്ടികേന്ദ്രങ്ങളുമാണ് രംഗത്തുള്ളത്. വൈദ്യുതി കരാറിലെ അഴിമതിയാരോപണം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി അതിനെ രാഷ്ട്രീയമായി നേരിട്ടു. പിന്നാലെ, പ്രതിപക്ഷനേതാവ് പറഞ്ഞ ഓരോ വാക്കിനും മറുപടിനൽകി വൈദ്യുതി ഭവനിൽനിന്ന് കുറിപ്പുമിറങ്ങി. ഇതുരണ്ടും സൈബറിടത്തിലൂടെ ശരവേഗത്തിലാണ് കേരളക്കരയാകെ പാഞ്ഞത്. ബോംബ് പൊട്ടട്ടെയെന്ന് ബി.ജെ.പി. ഇടതു-വലതുമുന്നണികളുടെ ഈ കളിയിൽ എൻ.ഡി.എ. തലവെക്കുന്നില്ല. എന്നാൽ, 'ബോംബ്' പൊട്ടിയാൽ അതിന്റെ തോത് നോക്കിയിടപെടാനാണ് ബി.ജെ.പി. തീരുമാനം. ആരോപണങ്ങൾക്ക് പിന്നാലെ പോകാതെ വോട്ടർമാരെ സ്വാധീനിക്കാൻ മറ്റു തന്ത്രങ്ങളാണ് ബി.ജെ.പി.ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും കേരള പര്യടനത്തിലാണ് ബി.ജെ.പി. പ്രതീക്ഷവെക്കുന്നത്. കേരളത്തിന് അതിവേഗ വികസനം (ഫാസ്റ്റ്) ആദ്യവരവിൽ 'ഓഫർ' ചെയ്ത പ്രധാനമന്ത്രി രണ്ടാംവരവിൽ ഫാസ്റ്റ് എന്നതിന് കേരള സാഹചര്യത്തിന് അനുസരിച്ചുള്ള നിർവചനവും നൽകി. ഇത് കേന്ദ്രസർക്കാരിന് കേരളത്തിലുള്ള ശ്രദ്ധയും, കേന്ദ്രഭരണത്തിന്റെ സാധ്യതകൾ കേരളത്തിന് ഉപയോഗപ്പെടുത്താൻ ബി.ജെ.പിയുടെ വിജയത്തിലൂടെ കഴിയുമെന്ന സന്ദേശവും ജനങ്ങളിലെത്തിക്കാനാകുന്നുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. ഇതിനൊപ്പം, അമിത്ഷായുടെ വരവുകൂടിയായാൽ ലാസ്റ്റ് ലാപ്പിലെ ഓളത്തിൽ ബി.ജെ.പിയും തിളങ്ങിനിൽക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വാർ റൂമിൽ നടക്കുന്നത് * എതിരാളികളെ ആക്രമിക്കാൻ പാകത്തിലുള്ള വാക്കുകളും വാദങ്ങളും പരമാവധി സൈബറിടത്തിലൂടെ പ്രചരിപ്പിക്കുക. * ദോഷകരമാകുന്ന പ്രചാരണത്തിന് മുനയൊടിക്കാൻ പാകത്തിൽ മറുവാദവും പൊളിച്ചടുക്കലും ഒരുക്കുക. * സമൂഹത്തിൽ സ്വാധീനിക്കാൻ കഴിയുന്നവരുടെ സാമൂഹികമാധ്യമങ്ങളിലെ പരാമർശം, രാഷ്ട്രീയമായി ഉപയോഗിക്കുക * ആരോപണങ്ങൾ പ്രചരിക്കുന്നതിന് സമയം നൽകാത്തവിധം, അതിനെതിരെയുള്ള വാദം അവതരിപ്പിക്കുക. * സാമൂഹികമാധ്യമ ചർച്ചകളിൽ എതിരാളികളുടെ എല്ലാവാദത്തിനും മറുപടിയോ, പ്രതിരോധത്തിലാക്കുന്ന കമന്റുകളോ ഉറപ്പാക്കുക * 'ബോംബ്' പൊട്ടിയാൽ നാടാകെ അറിയിക്കാനും പൊട്ടാതെയും പരിക്കില്ലാതെയും നോക്കാനും ഇരുപക്ഷത്തും വാർ റൂം സജ്ജമാണ്, കണ്ണിമ മാറാതെ. content highlights:kerala assembly election 2021
from mathrubhumi.latestnews.rssfeed https://ift.tt/3fDj8lK
via
IFTTT
No comments:
Post a Comment