വാഴൂർ: 'അവിടത്തെ നായകൻ നിങ്ങളാണല്ലോ. നിങ്ങൾ ശ്രദ്ധിക്കണം.' ഇടുക്കി അമരാവതിയിലെ കർഷകപ്രക്ഷോഭത്തിൽ ജേക്കബ് പണിക്കരുടെ പങ്ക് എന്നും ഓർമിക്കാൻ 1961-ൽ എ.കെ.ജി.എഴുതിയ ഈയൊരു കത്തുമതി. വ്യാഴാഴ്ച അന്തരിച്ച ജേക്കബ് പണിക്കർ ഇടുക്കിയിലെ കർഷകപ്രക്ഷോഭങ്ങളുടെയെല്ലാം സംഘാടകനായിരുന്നു. കിസാൻ സഭ ഭാരവാഹിയായിരുന്നു ഇക്കാലത്ത് അദ്ദേഹം. ലോകസഭാംഗമായിരിക്കെയാണ് കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ തന്റെ പ്രിയസഖാവിന് നിരന്തരം കത്തെഴുതി സമരരംഗത്തെ ചലനങ്ങൾ അറിഞ്ഞിരുന്നത്. ഓരോ ആഴ്ചയിലും എ.കെ.ജി.യുടെ കത്തുവരും. സമരരംഗത്തെ മുന്നേറ്റങ്ങൾ മറുപടിയിൽ കുറിക്കും. അമരാവതിയിലെ കർഷകർക്കായി എ.കെ.ജി.നിരാഹാര സമരത്തിനെത്തിയപ്പോൾ എപ്പോഴും ഒപ്പമുണ്ടായിരുന്നതും ജേക്കബ് പണിക്കരായിരുന്നു. സമരമുഖത്ത് എ.കെ.ജി.അതിസാരം പിടിപെട്ട് അവശനിലയിലായപ്പോൾ ഒപ്പംനിന്ന് ശുശ്രൂഷിച്ചതും ജേക്കബ് പണിക്കരായിരുന്നു. ശുദ്ധജലം ലഭിക്കാനില്ലാതിരുന്ന പ്രദേശത്ത് അക്കാലത്തെ ഏക ബസ് സർവീസായ സ്വരാജ് ബസിൽ കുടിവെള്ളമെത്തിക്കുന്നതും പണിക്കരായിരുന്നു. ജവഹർലാൽ നെഹൃ ഇടപെട്ടതും സമരം തീർന്നതുമെല്ലാം ഒളിമങ്ങാത്ത ഓർമകളായി എന്നും പങ്കുവെയ്ക്കുമായിരുന്നു പണിക്കർ. എ.കെ.ജി.യുടെ കത്തുകൾ നിധിപോലെയാണ് ജേക്കബ് പണിക്കർ സൂക്ഷിച്ചത്. പെരുവന്താനം കുടിയിറക്ക് വിഷയത്തിലെ സമരം വേറിട്ടതാക്കിയതും ജേക്കബ് പണിക്കരായിരുന്നു. കോട്ടയം കളക്ടറേറ്റിലേക്കായിരുന്നു പെരുവന്താനത്തെ കർഷകരുടെ മാർച്ച്. ആടുമാടുകളുമായി കർഷകർ അണിനിരന്നപ്പോൾ പോലീസ് വെടിവെപ്പ് നടന്നെങ്കിലും അണികളിൽ ആവേശം ചോരാതെ നിലനിർത്തിയത് ജേക്കബ് പണിക്കരുടെ ധൈര്യമായിരുന്നു. കോട്ടയത്ത് പാർട്ടി ആസ്ഥാനമന്ദിരത്തിന്റെ നിർമാണത്തിന് നേതൃത്വം വഹിച്ചത് ഇദ്ദേഹമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലനേതാവ് കെ.ജി.ജേക്കബ് പണിക്കർ അന്തരിച്ചു വാഴൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പുളിക്കൽകവല കൂരാപ്പള്ളിൽ കെ.ജി.ജേക്കബ് പണിക്കർ (90) അന്തരിച്ചു. എ.കെ.ജി. മുന്നിൽനിന്ന് നയിച്ച 1961-ലെ ഇടുക്കി അമരാവതി കർഷകപ്രക്ഷോഭം ഉൾപ്പെടെ പല സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണബാങ്ക് വൈസ് പ്രസിഡന്റ്, കേരഫെഡ് ഡയറക്ടർബോർഡംഗം, ആർ.ടി.എ. ബോർഡംഗം, വാഴൂർ ക്ഷീരസംഘം പ്രസിഡന്റ്, വാഴൂർ ഗ്രാമപ്പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലീലാമ്മ വെള്ളൂർ കോളശ്ശേരിൽ കുടുംബാംഗം. മക്കൾ: ദീപു ജേക്കബ് (മാനേജർ, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക്), ദിനുഷ ജേക്കബ് (െഡപ്യൂട്ടി ജനറൽ മാനേജർ, ചങ്ങനാശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്), കിരൺ ജേക്കബ് (ബിസിനസ്). മരുമക്കൾ: സിന്ധു ആനി ജേക്കബ് (അധ്യാപിക എം.ഡി.സെമിനാരി എച്ച്.എസ്.എസ്., കോട്ടയം), ജോർജ് പുന്നൂസ്, പുതുപ്പറമ്പിൽ, കങ്ങഴ (പുതുപ്പറമ്പിൽ ട്രേഡേഴ്സ്, കങ്ങഴ), അനു എബ്രഹാം (മാനേജർ, കാർഷിക ഗ്രാമവികസന ബാങ്ക്, കൊടുങ്ങൂർ). ശവസംസ്കാരം വെള്ളിയാഴ്ച 1.30-ന് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. Content Highlights:KG Jacob Panicker, the early leader of the Communist Party has passed away
from mathrubhumi.latestnews.rssfeed https://ift.tt/2ROnFYK
via
IFTTT
No comments:
Post a Comment