കോഴിക്കോട്: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ മലബാർ ക്രിസ്ത്യൻ കോളേജിനരികിലൂടെ ശ്രീവളയനാട്ടമ്മ എന്ന തന്റെ ഓട്ടോയോടിച്ച് വരികയായിരുന്നു സുബീഷ്. മൈതാനത്ത് ഹെലികോപ്റ്റർ താഴുന്നതുകണ്ട് ആരാണെന്ന് അറിയാനാണ് ഓട്ടോ വഴിയരികിൽ നിർത്തിയത്. രാഹുൽ ഗാന്ധിയാണ് വരുന്നതെന്ന് ആരോ പറഞ്ഞു.... കാഴ്ചകളൊക്കെ കണ്ട് അങ്ങനെ നിൽക്കുകയായിരുന്നു. അപ്പോൾ അതാ സാക്ഷാൽ രാഹുൽ ഗാന്ധിക്കുവേണ്ടി നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ പി.കെ. രാജു കൈകാട്ടി വിളിക്കുന്നു. പിന്നെ നടന്നതെല്ലാം ഒരു സ്വപ്നംപോലെ.... രാഹുൽ ഗാന്ധി സ്വന്തം ഓട്ടോയിൽ കയറിയതിന്റെ ഷോക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല ഗോവിന്ദപുരം സ്വദേശി സുബീഷിന്. യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാഹുൽ അപ്രതീക്ഷിതമായി സുബീഷിന്റെ ഓട്ടോയിൽ കയറിയത്. ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥലം മറൈൻ ഗ്രൗണ്ടായിരുന്നു. എന്നാൽ, ഇറങ്ങിയത് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും. രാഹുൽ ഗാന്ധിക്ക് പോകാനുള്ള വാഹനങ്ങളെല്ലാം കാത്തുനിന്നത് മറൈൻ ഗ്രൗണ്ടിലായിരുന്നു. അങ്ങനെ അവിടേക്ക് ഓട്ടോയിൽ പോകാൻ തീരുമാനിച്ചു. തുടർന്നാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. ഓട്ടോയിൽ കയറിയതും രാഹുൽ ഗാന്ധി സംസാരിച്ചുതുടങ്ങിയെന്ന് സുബീഷ് പറയുന്നു. ഓട്ടോയെപറ്റിയാണ് അദ്ദേഹം പറഞ്ഞത്. നല്ല ഓട്ടോയാണെന്നും യാത്രചെയ്യാൻ വളരെ സുഖമുണ്ടെന്നും പറഞ്ഞു. എന്നാൽ, അമ്പരപ്പുകാരണം എന്ത് തിരിച്ചുപറയണമെന്നറിയാത്ത അവസ്ഥയിലായിപ്പോയെന്ന് സുബീഷ് പറയുന്നു. ശിവസേനാ പ്രവർത്തകനാണ് സുബീഷ്. ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്, എന്നാൽ, അദ്ദേഹത്തെപ്പോലെ ലോകം മുഴുവൻ അറിയപ്പെടുന്ന നേതാവ് ഓട്ടോയിൽ കയറിയപ്പോൾ ബംബറടിച്ചപോലെയായെന്ന് സുബീഷ്. എന്തായാലും പ്രതീക്ഷിക്കാത്ത സന്തോഷമാണുണ്ടായതെന്നും സുബീഷ് പറയുന്നു. 20 വർഷമായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന സുബീഷിന് ഇത്തരത്തിലൊരനുഭവം ഇതാദ്യമാണ്. ഒരുവർഷത്തിനടുത്തായി ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയിട്ട്. കോഴിക്കോട് വളയനാട് ദേവീക്ഷേത്രത്തിനു സമീപമാണ് താമസം. ഓട്ടോയിൽ നിന്നിറങ്ങിയശേഷം സുബീഷിന്റെ സെൽഫിക്കും പോസ്ചെയ്തശേഷമാണ് രാഹുൽ യാത്രപറഞ്ഞത്. രാഹുലിനൊപ്പം ഓട്ടോയിൽ കെ.സി. വേണുഗോപാൽ എം.പി.യും ഉണ്ടായിരുന്നു
from mathrubhumi.latestnews.rssfeed https://ift.tt/3cPbvah
via
IFTTT
No comments:
Post a Comment