തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ കോർപ്പറേഷൻ പലതും മറച്ചുവെച്ചു. ആദ്യഘട്ടത്തിൽ അപേക്ഷിച്ചതും അഭിമുഖത്തിന് പങ്കെടുക്കാതിരുന്നതും ഡെപ്യൂട്ടേഷൻ നിയമനത്തിനായി സർക്കാരിനു സമർപ്പിച്ച രേഖകളിൽ ചൂണ്ടിക്കാട്ടിയില്ല. അദീബിന്റെ മാതൃസ്ഥാപനത്തിൽനിന്നുള്ള എതിർപ്പില്ലാ രേഖ ഡെപ്യൂട്ടേഷൻ അപേക്ഷ സർക്കാരിലേക്ക് അയച്ച ശേഷമാണു ലഭ്യമാക്കിയത്. മുമ്പ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനെ സമാന തസ്തികയിൽ നിയമിച്ചിട്ടുണ്ടെന്നാണ് വാദമെങ്കിലും അദീബിന്റെ നിയമനത്തിൽ ഡയറക്ടർ ബോർഡിന്റെ തീരുമാനമില്ലായിരുന്നെന്നും ലോകായുക്ത വിധിയിൽ ചൂണ്ടിക്കാട്ടുന്നു. 83 പേജുള്ള ലോകായുക്ത വിധിയുടെ പൂർണരൂപം തിങ്കളാഴ്ച പുറത്തുവന്നു.ബന്ധുനിയമനം സംബന്ധിച്ച പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തിനു പ്രസക്തിയില്ലെന്നും ലോകായുക്ത വിധിയിൽ പറയുന്നു. സമാനമായ ഒരു ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തെങ്കിലും അതിൽ ഹൈക്കോടതി നിരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും കാട്ടിയതിന് വ്യക്തമായ തെളിവുണ്ട്. ജനറൽ മാനേജരുടെ നിയമന അധികാരിയായ പിന്നാക്കവികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ ബോർഡിന്റെ തീരുമാനം ഇല്ലാതെ ഏകപക്ഷീയമായിട്ടായിരുന്നു മന്ത്രിബന്ധുവിന്റെ നിയമനം. സ്വകാര്യബാങ്ക് ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാരിൽ നിയമിക്കാൻ പാടില്ലെന്ന സെക്രട്ടറിതല കുറിപ്പ് അവഗണിച്ചാണ് അദീബിന്റെ നിയമനത്തിനായി മന്ത്രി ഉത്തരവിട്ടത്. നിയമിക്കപ്പെടുന്ന ആൾ തൽസ്ഥാനത്തുനിന്ന് രാജിവെക്കുന്നതുകൊണ്ടു ക്രമക്കേട് ഇല്ലാതാവുന്നില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബന്ധുവിന് അനുയോജ്യമായ പുതിയ യോഗ്യത മന്ത്രിസഭയുടെ അംഗീകാരം കൂടാതെ മന്ത്രി മുൻകൈയെടുത്ത് അംഗീകരിച്ചത് അധികാര ദുർവിനിയോഗമാണ്. മന്ത്രിയുടെ ബന്ധുവിന്റെ അപേക്ഷ കോർപ്പറേഷൻ എം.ഡി. സർക്കാരിനു നേരിട്ട് കൈമാറുകയായിരുന്നെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3dZteLy
via
IFTTT
No comments:
Post a Comment